കേന്ദ്രസർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ്. അത് തിരുത്തണം. പ്രശ്നത്തിന് പരിഹാരമാണ് വേണ്ടതെന്നും തിരുവമ്പാടി ദേവസ്വം പറഞ്ഞു
തൃശൂർ പൂരം വെടിക്കെട്ടിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. പുതിയ വിജ്ഞാപനം നിരാശപ്പെടുത്തുന്നതാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇളവ് അനുവദിച്ചില്ലെങ്കിൽ വെടിക്കെട്ട് ഓർമയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു. പുതിയ നിയന്ത്രണങ്ങളിൽ ഇളവ് വേണം. കേന്ദ്രസർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ്. അത് തിരുത്തണം. പ്രശ്നത്തിന് പരിഹാരമാണ് വേണ്ടത്. വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: തൃശൂർ പൂരം വെടിക്കെട്ട് പ്രതിസന്ധിയിൽ; എക്സ്പ്ലോസിവ് നിബന്ധനയിൽ മാറ്റം വരുത്തിയ കേന്ദ്ര ഉത്തരവിൽ പ്രതിഷേധവുമായി സംസ്ഥാന സർക്കാർ
വെടിക്കെട്ടിന് 35 നിയന്ത്രങ്ങൾ ഏർപ്പെടുത്തിയ ഉത്തരവാണ് കേന്ദ്ര ഏജൻസി പെസോ (Petroleum and Explosives Safety Organisation) പുറത്തിറക്കിയത്. വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയർമാനും തമ്മിലുള്ള അകലം 200 മീറ്ററും, ഫയർമാനും ആളുകളും തമ്മിൽ 100 മീറ്റർ അകലം വേണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഈ നിബന്ധന തേക്കിൻകാടില്‍ പാലിക്കാനാകില്ല. പുതിയ നിബന്ധന പ്രകാരം സ്വരാജ് റൗണ്ടിൻ്റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല. കേന്ദ്രത്തിൻ്റെ പുതിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധിച്ചിരുന്നു. പൂരം വെടിക്കെട്ടിൻ്റെ മനോഹാരിത നശിപ്പിക്കുന്നതാണെന്നും പൂരത്തെ തകർക്കാനുള്ള നീക്കമായേ ഇതിനെ കാണാനാകൂ എന്നാണ് റവന്യുമന്ത്രി കെ. രാജൻ നേരത്തെ പ്രതികരിച്ചിരുന്നത്.
2008ലെ എക്സ്പ്ലോസിവ് നിബന്ധനയിൽ 45 മീറ്റർ ആണ് മാഗസിനും ഫയർ ലൈനും തമ്മിൽ ഉള്ള ദൂരം. അത് 200 മീറ്റർ ആക്കി വർധിപ്പിച്ചുകൊണ്ടാണ് കേന്ദ്ര ഉത്തരവ്. നേരത്തെ, വെടിക്കെട്ട് നടക്കുന്ന സ്ഥലവും ജനങ്ങളും തമ്മിൽ 100 മീറ്റർ ആണ് ദൂരപരിധി. എന്നാൽ, ജനങ്ങൾ മാഗസിനിൽ നിന്ന് 300 മീറ്റർ മാറണം എന്നാണ് പുതിയ നിബന്ധന. താത്കാലിക നിർമാണ ഷെഡ് വെടിക്കെട്ട് നടക്കുന്നതിന്‍റെ ഇടത് മാറി 100 മീറ്റർ ദൂരം പാലിക്കണമെന്നും നിബന്ധനയുണ്ട്. കേന്ദ്ര സർക്കാർ അസാധാരണ വിജ്ഞാപനം ആയാണ് പുറത്തിറക്കിയത്. ഇതിലെ 35 നിബന്ധനകൾ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു.