
കൊല്ലം കളക്ട്രേറ്റ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതിയെ കുറ്റവിമുക്തനാക്കി. കേസിൽ ഷംസുദീനെ മാപ്പുസാക്ഷിയാക്കി. മൂന്ന് പ്രതികൾക്കുള്ള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. തമിഴ്‌നാട് സ്വദേശികളായ അബ്ബ സുനി, ഷംസുൻ കരീം രാജ, ദാവൂദ് സുലൈമാൻ,എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്.
2016 ജൂൺ 15 ന് രാവിലെ 10. 45 നായിരുന്നു കൊല്ലം കളക്ട്രേറ്റ് വളപ്പിൽ ഒഴിഞ്ഞു കിടന്ന ജീപ്പിനുള്ളിൽ വെച്ച ബോംബ് പൊട്ടിത്തെറിച്ചത്. ടിഫിൻ ബോക്സിൽ വെച്ച സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു. കേരളത്തിൽ രണ്ടിടങ്ങളിൽ സ്ഫോടനം നടത്താനായിരുന്നു ഇവരുടെ പ്ലാൻ. മലപ്പുറത്തും കൊല്ലത്തുമായാണ് സ്ഫോടനം ആസൂത്രണം ചെയ്തത്. ഇതിൽ കൊല്ലത്തു നടന്ന സ്ഫോടനത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
നാല് പ്രതികളും നിരോധിത സംഘടനയായ ബേസ് മൂവ്മെൻ്റിൻ്റെ പ്രവർത്തകരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന് എട്ട് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി പറയുന്നത്. പ്രതികൾക്കെതിരെ തമിഴ്‌നാട്ടിലും ആന്ധ്രയിലും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ കേസുകളുടെയെല്ലാം പശ്ചാത്തലം തീവ്രവാദ ഗ്രൂപ്പുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
രാജ്യത്തെ മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ ഒരു തീരുമാനം ഉണ്ടാകാനാണ് ഇത്തരം സ്ഫോടനങ്ങളിലൂടെ ഇത്തരം സംഘടനകൾ ലക്ഷ്യമിടുന്നത്. അതിനു വേണ്ടി ഭരണകൂടങ്ങൾക്കെതിരെ അക്രമങ്ങൾ ആസൂത്രണം ചെയ്യുക എന്നതായിരുന്നു ഇവരുടെ മുഖ്യ അജണ്ട. ഇതിനു വേണ്ടിയാണ് കേരളത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം.