ശനിയാഴ്ച രാത്രി 9.15നും 9.30നും ഇടയിലാണ് ഷൂട്ടർമാർ സിദ്ദിഖിയെ വധിക്കാനായി മകനും എംഎല്‍എയുമായ സീഷന്‍റെ ബാന്ദ്രയിലെ ഓഫീസിനു സമീപം എത്തിയത്
മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിക്ക് നേരെ കൊലപാതകികള്‍ വെച്ച വെടിയുണ്ടകളിലൊന്ന് പതിച്ചത് 22കാരനായ രാജ് കനോജിയ എന്ന ചെറുപ്പക്കാരന്‍റെ കാലിലാണ്. രണ്ടുമാസത്തേക്ക് ഇനി രാജിന് കിടന്ന കിടപ്പില്‍ നിന്ന് പരസഹായമില്ലാതെ ചലിക്കാന്‍ സാധിക്കില്ല. ഫെബ്രുവരിയിൽ നടക്കുന്ന സഹോദരിയുടെ വിവാഹത്തിനായി ഇനി കാര്യമായി തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും രാജ് പറയുന്നു.
"എൻ്റെ കാലിന് വെടിയേറ്റു. . . എൻ്റെ സഹോദരിയുടെ വിവാഹം ഫെബ്രുവരിയിലാണ്. ഈ അവസ്ഥയില്‍ എനിക്ക് അവള്‍ക്കായി അധികമൊന്നും ചെയ്യാൻ കഴിയില്ല", ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് രാജ് കനോജിയ പറഞ്ഞു. ശനിയാഴ്ച രാത്രി 9.15നും 9.30നും ഇടയിലാണ് ഷൂട്ടർമാർ സിദ്ദിഖിയെ വധിക്കാനായി മകനും എംഎല്‍എയുമായ സീഷന്‍റെ ബാന്ദ്രയിലെ ഓഫീസിനു സമീപം എത്തിയത്. കാവല്‍ നിന്നിരുന്ന പൊലീസുകാർക്ക് നേരെ അക്രമികള്‍ മുളകുപൊടി എറിഞ്ഞു.
ഓഫീസിന് വെളിയില്‍ വെച്ച് പ്രതികള്‍ ആറ് റൗണ്ട് ബാബയ്ക്ക് നേരെ വെടിയുതിർത്തു. ഇതില്‍ രണ്ടെണ്ണം നെഞ്ചില്‍ തറച്ചാണ് ബാബ കൊല്ലപ്പെട്ടത്. ലക്ഷ്യം തെറ്റിയ ബുള്ളറ്റുകളില്‍ ഒരെണ്ണം ഫ്രൂട്ട് ജ്യൂസ് സെൻ്ററിൽ നിന്ന് മടങ്ങുകയായിരുന്ന രാജ് കനോജിയയുടെ കാലില്‍ കൊള്ളുകയായിരുന്നു. "പടക്കം പൊട്ടിയതാണെന്നാണ് ആദ്യം വിചാരിച്ചത്. അങ്ങനെയായിരുന്നു അന്തരീക്ഷം. കാലില്‍ പടക്കം വീണുപൊട്ടിയെന്നാണ് ഞാനും വിചാരിച്ചത്, നോക്കിയപ്പോള്‍ ചോര. ആളുകള്‍ ചുറ്റും ചിതറിയോടുന്നു, വെടിവെപ്പ്, അലർച്ച", രാജ് ഞെട്ടിക്കുന്ന സംഭവം ഓർത്തെടുത്തു.
Also Read: വെടിയൊച്ചകൾ പടക്കമാണെന്ന് തെറ്റിധരിക്കപ്പെട്ടു; ദസറ ആഘോഷത്തെ മുതലെടുത്ത് ബാബാ സിദ്ദിഖിയുടെ കൊലയാളികൾ
കാലില്‍ വെടിയേറ്റ രാജ് കനോജിയ അടുത്തുള്ള അമ്പലത്തില്‍ അഭയം തേടുകയായിരുന്നു. അവിടെ ഉണ്ടായിരുന്നവരാണ് രാജിനെ ആശുപത്രിയില്‍ എത്തിച്ചത്. മൂന്ന് തവണ ബാന്ദ്ര ഈസ്റ്റ് എംഎല്‍എ ആയിരുന്ന ബാബ സിദ്ദിഖി കൊല്ലപ്പെട്ടപ്പോള്‍ തന്നെ പിന്നില്‍ ബിഷ്ണോയ് ഗ്യാങ്ങായിരിക്കുമെന്ന സൂചനകള്‍ ഉയർന്നിരുന്നു. ഞായറാഴ്ച ഷിബു ലോന്‍കർ എന്ന ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് വഴി സംഭവത്തിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തതോടെ സംശയം സ്ഥിരീകരിക്കപ്പെട്ടു.
ബാബയുടെ കൊലപാതകത്തില്‍ ഷൂട്ടർമാരായ ഗുർമൈൽ ബൽജിത് സിംഗ്, ധരംരാജ് കശ്യപ്, ഇവരെ വാടകയ്‌ക്കെടുത്ത പ്രവീൺ ലോന്‍കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ടവരാണ്. ബിഷ്ണോയ് ഗ്യാങ്ങിലെ ശുഭം ലോന്‍കറിന്‍റെ സഹോദരനാണ് അറസ്റ്റിലായ പ്രവീണ്‍. ഷൂട്ടർമാരില്‍ മൂന്നാമന്‍ ശിവ് കുമാർ ഗൗതവും പ്രതികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ മുഹമ്മദ് സീഷാന്‍ അക്തറും ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിലിലാണ് പൊലീസ്.