"എവിടെയായാലും സഹാനുഭൂതി ആയിരിക്കണം ആദ്യ പാഠം"; തൃപ്പൂണിത്തുറ റാഗിങ് കേസ് വിവാദങ്ങളോട് പ്രതികരിച്ച് പൃഥ്വിരാജ്

ജനുവരി 15നാണ് 26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്
"എവിടെയായാലും സഹാനുഭൂതി ആയിരിക്കണം ആദ്യ പാഠം"; തൃപ്പൂണിത്തുറ റാഗിങ് കേസ് വിവാദങ്ങളോട് പ്രതികരിച്ച് പൃഥ്വിരാജ്
Published on


എറണാകുളം തൃപ്പൂണിത്തുറയിൽ റാഗിങ്ങിനെ തുടർന്ന് ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. നടൻ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഷയത്തോട് പ്രതികരിച്ചത്. "മാതാപിതാക്കൾ, വീടുകൾ, അധ്യാപകർ, സ്കൂളുകൾ... എവിടെയായാലും സഹാനുഭൂതി എന്ന വാക്കായിരിക്കണം ആദ്യ പാഠം," പൃഥ്വി ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചു.



കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്നും ചാടി വിദ്യാർഥി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം രംഗത്തെത്തിയത്. റാഗിങ്ങിനെ തുടർന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്‍റെ പരാതി. വിവരങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള അമ്മ റജീനയുടെ ഫേസ്ബുക്ക് പോസ്റ്റും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ജനുവരി 15നാണ് 26 നിലയുള്ള ചോയ്സ് പാരഡൈസിന്റെ മുകളിൽ നിന്ന് ചാടി 15 വയസുകാരന്‍ മിഹിർ അഹമ്മദ് ജീവനൊടുക്കിയത്. സലീം-റജീന ദമ്പതികളുടെ മകനാണ് മി​ഹിർ.

സ്കൂളിലെ ഒരു കൂട്ടം വിദ്യാർഥികൾ ബസിൽ വച്ചും സ്കൂളിലെ ടോയ്‌ലറ്റിൽ വച്ചും നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിൻ്റെ പരാതി. ടോയ്‌ലറ്റിലെ ക്ലോസറ്റിൽ മുഖം പൂഴ്‌ത്തി ഫ്ലഷ് ചെയ്തുവെന്നും, തറയിൽ നക്കിക്കുകയും ക്രൂരമായി മർദിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. സ്കൂൾ അധികൃതരുടെ ഭാ​ഗത്ത് നിന്നും ഇടപെടലുണ്ടായില്ലെന്നും ആരോപണമുണ്ട്.



ജീവനൊടുക്കിയ ദിവസവും ക്രൂരമായ റാഗിങ്ങിന് മിഹിർ വിധേയനായെന്ന് കുടുംബം പരാതിയിൽ പറയുന്നു. പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയതായി കുട്ടിയുടെ അമ്മ പറഞ്ഞു. മിഹിർ മരിച്ചതിന് ശേഷവും റാഗ് ചെയ്ത വിദ്യാർഥികൾ സാമൂഹിക മാധ്യമങ്ങളിലൂടെ മിഹിറിനെ അവഹേളിക്കുന്ന സ്ക്രീൻ ഷോട്ടുകൾ ഉൾപ്പെടെയാണ് ബന്ധുക്കൾ പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com