തൃശൂർ പൂരം വെടിക്കെട്ട് നിയമം പാലിച്ചാകും നടത്തുകയെന്ന് സർക്കാർ; രണ്ട് ആക്ടുകള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിർദേശം

തൃശൂർ പൂരം വെടിക്കെട്ട് നിയമം പാലിച്ചാകും നടത്തുകയെന്ന് സർക്കാർ; രണ്ട് ആക്ടുകള്‍ പാലിക്കണമെന്ന് ഹൈക്കോടതി നിർദേശം

നിയമങ്ങൾ പാലിച്ചാണ് പൂരം വെടിക്കെട്ട് നടത്തുന്നതെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ടി.ആർ. രവി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു
Published on

തൃശൂർ പൂരം വെടിക്കെട്ട് നിയമം പാലിച്ചാകും നടത്തുകയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.  പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുമെന്നും പ്രദേശത്തെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പുനല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വെടിക്കെട്ട് സംബന്ധിച്ച ഹർജി ഹൈക്കോടതി തീർപ്പാക്കി. എൻവയോൺമെൻറ് പ്രൊട്ടക്ഷന് ആക്ട് (1986), ശബ്ദ മലിനീകരണ നിയമം (2000) എന്നിവ പാലിച്ചാകണം വെടിക്കെട്ട് നടത്തേണ്ടതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിലെ നിയമങ്ങൾ പ്രകാരം വെടിക്കെട്ട് സമയം അനുവദിച്ചിരിക്കുന്നത് രാവിലെ ആറ് മുതൽ രാത്രി 10 വരെയാണ്. കോടതി ഉത്തരവ് നടപ്പാക്കിയാൽ പുലർച്ചെ വെടിക്കെട്ട് നടത്താനാവില്ല. ക്ഷേത്രത്തിനോട് ചേർന്ന് വെടിക്കെട്ട് നടത്തരുതെന്ന നിയന്ത്രണവും ദൂരപരിധിയും പ്രതിസന്ധിയായേക്കും.


പൂരം വെടിക്കെട്ടിനെതിരെ കോടതിയെ സമീപിച്ച തൃശൂർ സ്വദേശി വി.കെ. വെങ്കിടാചലത്തിന്റെ റിട്ട് പെറ്റീഷനെ തുടർന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയമങ്ങൾ പാലിച്ചാണ് പൂരം വെടിക്കെട്ട് നടത്തുന്നതെന്ന് ജില്ലാ ഭരണകൂടം ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ടി.ആർ. രവി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നിയമം പാലിച്ചാകും തൃശൂർ പൂരവും വെടിക്കെട്ടും നടത്തുകയെന്ന് സർക്കാർ കോടതിയെ അറിയിച്ചു.



കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബറില്‍ പുറത്തിറക്കിയ എക്സ്പ്ലോസീവ് ആക്ട് ഭേദഗതി പ്രകാരം മാഗസിനിൽ നിന്നും ഫയർ ലൈനിലേക്ക് 200 മീറ്റർ ദൂരപരിധി വേണം. ഈ കേന്ദ്ര നിയമമാണ് തൃശൂർ പൂരം വെടിക്കെട്ട് നേരിടുന്ന പ്രധാന വെല്ലുവിളി. തൃശൂര്‍ പൂരം വെടിക്കെട്ടില്‍ ആശങ്കയറിയിച്ച് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭേദഗതി നടപ്പാക്കിയാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടപ്പാക്കാന്‍ കഴിയില്ലെന്നായിരുന്നു ജി. രാജേഷിന്‍റെ പ്രതികരണം. കൊടിയേറ്റത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അനുമതി വൈകുന്നത് ആശങ്കയുണ്ടാക്കുന്നതായും രാജേഷ് പറഞ്ഞു.

തൃശൂർ പൂരം വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിരുന്നു. നിലവിലെ നിയന്ത്രണങ്ങൾ പാലിച്ച് വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. ജില്ലയിൽ മന്ത്രിമാർ പങ്കെടുത്ത് നടന്ന അവലോകനയോഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമോപദേശം തേടാനുള്ള തീരുമാനം.


പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കേന്ദ്ര ഭേദഗതിയിൽ മാറ്റം വരുത്തണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ സ്വീകരിച്ചത്. പൂരം ഭംഗിയായി നടത്താനാണ് സർക്കാരിൻ്റെ ശ്രമം. ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരുത്താതെ പരിപാടി നടത്താൻ കഴിയണം. അതിന് തടസങ്ങൾ ഉണ്ടാക്കുന്നതാണ് കേന്ദ്രത്തിൻ്റെ നിലപാടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. തൃശൂര്‍ പൂരത്തിൻ്റെ ആദ്യവെടിക്കെട്ട് കൊടിയേറ്റത്തിനാണ്. ഏപ്രില്‍ 30നാണ് കൊടിയേറ്റം.

News Malayalam 24x7
newsmalayalam.com