ഇനി പൊടിപൂരം! തെക്കേ ഗോപുരവാതിൽ തുറന്നെഴുന്നള്ളി നെയ്തലക്കാവിലമ്മ; തൃശൂർ പൂരത്തിന് ആവേശോജ്വലമായ വിളംബരം

പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ, പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെയാണ് ശ്രീമൂല സ്ഥാനത്ത് എത്തിയത്
ഇനി പൊടിപൂരം! തെക്കേ ഗോപുരവാതിൽ തുറന്നെഴുന്നള്ളി നെയ്തലക്കാവിലമ്മ; തൃശൂർ പൂരത്തിന് ആവേശോജ്വലമായ വിളംബരം
Published on


പൂരപ്രേമികളുടെ സ്വർഗഭൂമിയായ തൃശൂരിൽ പൂരത്തിന് ആവേശോജ്വലമായ വിളംബരം. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ, വടക്കുംനാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുര നട തള്ളി തുറന്നതോടെ ആവേശം അലകടലായി. പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ, പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെയാണ് ശ്രീമൂല സ്ഥാനത്ത് എത്തിയത്. ക്ഷേത്രത്തിനകത്ത് പ്രവേശിച്ച് വലംവെച്ചതിന് ശേഷമാണ് തെക്കേ ഗോപുരനട തള്ളിത്തുറന്നത്.

ആകാശത്ത് വര്‍ണ കാഴ്ചയുടെ വസന്തമൊരുക്കിയാണ് കഴിഞ്ഞ ദിവസം തൃശൂര്‍ പൂരത്തിൻ്റെ സാമ്പിള്‍ വെടിക്കെട്ട് നടന്നത്. രാത്രി 7.15 ഓടെ തിരുവമ്പാടി ദേവസ്വമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. 15 മിനിറ്റിലേറെ നീണ്ടുനിന്ന തിരുവമ്പാടിയുടെ പ്രകടനത്തിനു 8.15നാണ് പാറമേക്കാവിന്റെ മറുപടി നൽകിയത്. തിരുവമ്പാടി - പാറമേക്കാവ് വിഭാഗങ്ങള്‍ മത്സരിച്ച് നടത്തിയ വെടിക്കെട്ട് പേരില്‍ മാത്രമായിരുന്നു സാമ്പിള്‍. ഒന്നര മണിക്കൂറോളം നീണ്ട കരിമരുന്ന് കലാ പ്രകടനം വലിയ വെടിക്കെട്ടിന്റെ അനുഭവമാണ് കാണികള്‍ക്ക് പകര്‍ന്ന് നല്‍കിയത്.

കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്. വടക്കുംനാഥനെ സാക്ഷി നിർത്തി തൃശൂർ നഗരത്തിലെ ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. കൂടാതെ കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങൾ അവതരിപ്പിക്കുന്ന ചെറുപൂരവും ചേർന്നതാണ് തൃശൂർ പൂരം.


ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com