എട്ട് തവണ LDF, ആറ് തവണ UDF; ചേലക്കരയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ

1965 ൽ രൂപീകരിക്കപ്പെട്ട മണ്ഡലത്തിൽ ഇത് 15ാം തെരഞ്ഞെടുപ്പാണ്
എട്ട് തവണ LDF, ആറ് തവണ UDF; ചേലക്കരയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ
Published on

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ചേലക്കര മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചർച്ചയാവുകയാണ്. ആറ് തവണ എൽ.ഡി.എഫ് തുടർച്ചയായി വിജയിച്ച മണ്ഡലം തിരികെ പിടിക്കാമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. തൃശൂരിൽ അടുത്തകാലത്ത് ഉണ്ടാക്കാനായ നേട്ടങ്ങളിലൂടെ അട്ടിമറി വിജയമാണ് ബിജെപി സ്വപ്നം കാണുന്നത്.

തൃശൂർ ജില്ലയുടെ തെക്ക് -കിഴക്കൻ മേഖലയിൽ ഭാരതപ്പുഴയോട് ചേർന്ന് പാലക്കാടുമായി അതിർത്തി പങ്കിടുന്ന മണ്ഡലമായ ചേലക്കര തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. 1965 ൽ രൂപീകരിക്കപ്പെട്ട മണ്ഡലത്തിൽ ഇത് 15ാം തെരഞ്ഞെടുപ്പാണ്. എട്ട് തവണ എൽഡിഎഫിനും ആറ് തവണ യുഡിഎഫിനും ഒപ്പം നിന്ന ചേലക്കരയിലെ ആദ്യ ഉപതെരഞ്ഞെടുപ്പാണിതെന്ന പ്രത്യേകതയും ഉണ്ട്. ആറ് വട്ടം തുടർച്ചയായി വിജയിച്ച സിപിഎമ്മിന് മുൻകാലങ്ങളിൽ അനുകൂലമായത് അഞ്ച് വട്ടവും സ്ഥാനാർഥിയായ കെ. രാധാകൃഷ്ണന്റെ വ്യക്തി പ്രഭാവവും സംഘടനാ അടിത്തറയുമാണ്. രാഷ്ട്രീയ സാഹചര്യങ്ങൾക്കൊപ്പം ജനങ്ങൾ മാറി ചിന്തിച്ചപ്പോഴെല്ലാം ചേലക്കരയുടെ ജനവിധി ഇടതിനൊപ്പമായിരുന്നു. എന്നാൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പഴയ പ്രതാപകാലത്തേക്ക് തിരികെ പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വോട്ട് വിഹിതത്തിൽ വർധനവുണ്ടാക്കാനും കോൺഗ്രസിന് സാധിച്ചു.


ഐക്യ മുന്നണിക്കും ഇടതു മുന്നണിക്കും ഒപ്പം മാത്രം നിലയുറപ്പിച്ച മണ്ഡലത്തിലേക്ക് ബിജെപി ആദ്യമായി കടന്ന് വന്നത് 1987ലെ തെരഞ്ഞെടുപ്പിലാണ്. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ ക്രമേണ അവർ വോട്ട് വിഹിതത്തിൽ വർധനവുണ്ടാക്കിയതോടെ മണ്ഡലത്തിലെ ജയപരാജയങ്ങൾ നിർണയിക്കാനുള്ള കരുത്ത് നേടാൻ അവർക്ക് സാധിച്ചു. മത - സാമുദായിക പിന്തുണ , തൃശൂർ പൂര വിവാദം , നിലവിലെ ഭരണ വിരുദ്ധ വികാരം എന്നിവ ഇത്തവണ വോട്ടർമാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ ചേലക്കരയിൽ ആദ്യമായി ത്രികോണ മത്സരത്തിന് കൂടി കളമൊരുങ്ങുകയാണെന്നും കരുതേണ്ടി വരും. മുന്നണികളുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുൻപേ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചതാണ്. സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായാൽ ഉടൻ സംഘടനാ യോഗങ്ങൾ വിളിച്ച് കൂട്ടി ഔദ്യോഗിക പ്രചാരണത്തിനും മൂന്ന് മുന്നണികളും തുടക്കമിടും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com