വനം വകുപ്പ് ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്
മലപ്പുറം കാളികാവിൽ റബർ ടാപ്പിങ് തൊഴിലാളി മരിച്ചത് കടുവയുടെ ആക്രമണത്തിലെന്ന് വനം വകുപ്പിൻ്റെ പ്രാഥമിക വിലയിരുത്തൽ. പാറശേരി സ്വദേശി ഗഫൂർ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനം വകുപ്പ് ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധത്തിലാണ്.
ഗഫൂറിനെ ആക്രമിച്ച കടുവയ്ക്കായുള്ള തെരച്ചിലിനായി 25 ആംഗ സംഘം മലപ്പുറത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. വയനാട് മുത്തങ്ങയില്‍ നിന്നും ഡോ. അരുണ്‍ സഖറിയ ഉള്‍പ്പെടുന്ന സംഘവും പാലക്കാടു നിന്നുള്ള സംഘവുമാണ് മലപ്പുറത്തേക്ക് തിരിച്ചിരിക്കുന്നത്. കടുവയെ മയക്കുവെടിവയ്ക്കുന്നതും കൂടുവെച്ച് പിടികൂടുന്നതും സംബന്ധിച്ചുള്ള തീരുമാനം ഉന്നത സമിതി ഉടൻ കൈക്കൊള്ളും. പ്രദേശത്ത് ജാഗ്രത പാലിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ നൽകിയിരിക്കുന്ന നിര്‍ദേശം.
Also Read: മലപ്പട്ടത്ത് രാഹുൽ മാങ്കൂട്ടത്തിൽ നയിച്ച പദയാത്രയിലെ സംഘർഷം; 75 പേർക്കെതിരെ കേസ്
അതേസമയം, കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നാളെത്തന്നെ അനുവദിക്കുമെന്ന് നിലബൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ അറിയിച്ചു. കുടുംബത്തിലെ ഒരാൾക്ക് വനം വകുപ്പിൽ താൽക്കാലിക ജോലി നൽകുമെന്നും ഡിഎഫ്ഒ ഉറപ്പുനൽകി. കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള നടപടികൾ ഇന്നുതന്നെ ആരംഭിക്കുമെന്നും ധനിക് ലാൽ അറിയിച്ചു.