മദാരികുണ്ട് വെള്ളച്ചാട്ടത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കാൽപാടുകൾ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
മലപ്പുറം കാളികാവ് മദാരികുണ്ട് വെള്ളച്ചാട്ടത്തിൻ്റെ സമീപത്ത് കടുവയുടെ കാൽപാടുകൾ കണ്ടതായി സ്ഥിരീകരിച്ച് വനം വകുപ്പ്. മദാരികുണ്ട് വെള്ളച്ചാട്ടത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കാൽപാടുകൾ കണ്ടെത്തിയത്. ദൗത്യസംഘം മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കടുവയെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസം മേഖലയിൽ മൂന്നാമത്തെ കൂടും സ്ഥാപിച്ചിരുന്നു. സുൽത്താന എസ്റ്റേറ്റിന് മുകളിലാണ് മൂന്നാമത്തെ കൂട് സ്ഥാപിച്ചത്. മൂന്ന് കൂടും ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. ക്യാമറ ട്രാപ്പ് പരിശോധനയും നടന്നു വരുന്നുണ്ട്. പരിശോധനയ്ക്ക് ശേഷം പുതിയ മൂവ്മെൻ്റ് മാപ്പ് തയ്യാറാക്കി അടുത്ത നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം സുൽത്താന എസ്റ്റേറ്റിൽ പ്രദേശവാസി കടുവയെ കണ്ടെങ്കിലും സ്ഥാനം കണ്ടെത്തി മയക്കുവെടി വെയ്ക്കാൻ കഴിഞ്ഞിരുന്നില്ല.
കാളികാവ് കല്ലാമൂല സ്വദേശി ഗഫൂറിനെ റബ്ബർ ടാപ്പിങ്ങിനിടെ അക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കടുവയ്ക്കായുള്ള തെരച്ചിൽ ആരംഭിച്ചത്. കടുവ പുറകുവശത്തിലൂടെ ഗഫൂറിനു നേരെ ചാടി വീഴുകയായിരുന്നു. ശേഷം മൃതദേഹം സമീപത്തെ വാഴത്തോട്ടത്തിലേക്ക് വലിച്ചുകൊണ്ടുപോയി. കൂടെ ടാപ്പിങ് നടത്തിയ സമദ് എന്ന തൊഴിലാളിയാണ് ഗഫൂറിനെ കടുവ ആക്രമിച്ച വിവരം പുറത്തറിയിച്ചത്. തുടർന്ന് വനം വകുപ്പ്- ആർആർടി സംഘങ്ങളുടെ പരിശോധനയിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്.