ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്
തിരുമല തിരുപ്പതി ക്ഷേത്രത്തിൽ അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാൻ നീക്കം. സ്വയം വിരമിക്കലോ സർക്കാരിൻ്റെ മറ്റ് വകുപ്പുകളിലേക്ക് മാറ്റമോ ഇതര മതസ്ഥരായ ജീവനക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ക്ഷേത്രം ട്രസ്റ്റ് പ്രമേയം പാസ്സാക്കി. ക്ഷേത്രത്തിലെ പ്രസാദമായ ലഡു നിർമിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ വിവാദ ഉത്തരവ് ഉയർന്നിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ക്ഷേത്രമാണ് തിരുമല തിരുപ്പതി ക്ഷേത്രം. എന്നാൽ ഒന്നൊഴിയാതെ പുതിയ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ് ക്ഷേത്രമിപ്പോൾ. ക്ഷേത്രത്തിൽ ജോലി ചെയ്യുന്ന അഹിന്ദുക്കളെ ഒഴിവാക്കാനുള്ള തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിൻ്റെ തീരുമാനമാണ് ഇപ്പോൾ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ആന്ധ്ര സർക്കാർ നിയന്ത്രിക്കുന്ന സ്വതന്ത്ര ട്രസ്റ്റാണ് ഇതു സംബന്ധിച്ച് പ്രമേയം പാസാക്കിയത്.
ALSO READ: ഡൽഹിയെ ശ്വാസം മുട്ടിക്കുന്നത് കർഷകരോ? ചർച്ചയായി പഞ്ചാബിലെ വൈക്കോൽ കത്തിക്കൽ
തിരുപ്പതിയിൽ ആകെ 7000 സ്ഥിരജീവനക്കാരുണ്ടെന്നാണ് കണക്കുകൾ. സ്ഥിരജീവനക്കാർക്ക് പുറമെ 14000 ത്തോളം താത്ക്കാലിക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. എത്രത്തോളം ജീവനക്കാരെ ഈ ഉത്തരവ് ബാധിക്കുമെന്ന് ഇതുവരെ പുറത്ത് വന്നിട്ടില്ല. പുതിയ പ്രമേയം 300 പേരെയെങ്കിലും ബാധിച്ചേൽക്കുമെന്നാണ് സൂചന. അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി മുന്നോട്ട് വയ്ക്കാനുള്ള തീരുമാനം ടിടിഡി ചെയര്‍മാന്‍ ബിആര്‍ നായിഡു സ്ഥിരീകരിച്ചു.
മതപരമായ സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം മതത്തില്‍പ്പെട്ടവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(5) പ്രകാരം ടിടിഡി തീരുമാനം നിലനില്‍ക്കുമെന്നാണ് ഭരണസമിയുടെ വാദം. ബോർഡിൻ്റെ തീരുമാനത്തിന് ട്രേഡ് യൂണിയനുകളുടെ പിന്തുണയുമുണ്ട്.