
കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് അതിരപ്പിള്ളിയില്‍ ജനകീയ ഹർത്താല്‍. കാട്ടാന ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ വേണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. പ്രതിഷേധത്തിൻ്റെ ഭാഗമായി വിനോദ സഞ്ചാരികളെ തടയുമെന്ന് സമരക്കാർ അറിയിച്ചു.
തൃശൂർ അതിരപ്പിള്ളി പഞ്ചായത്തിൽ വൈകിട്ട് ആറു വരെയാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംയുക്ത ജനകീയ സമിതിയുടെയും നേതൃത്വത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തിനിടെ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മരിച്ച അംബികയുടെയും സതീശന്റെയും മൃതദേഹം രാത്രി 8 മണിയോടെ സംസ്കരിച്ചു.
ഇന്നലെ രാവിലെയോടെയാണ് വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരെ കാട്ടാന ആക്രമണത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു ഇന്നലെ നാല് പേരടങ്ങുന്ന സംഘം വനത്തിലേക്ക് പോയത്. കാട്ടാന പാഞ്ഞടുത്തപ്പോൾ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
എല്ലാവരും രക്ഷപ്പെട്ടുവെന്നാണ് കരുതിയത് എന്ന് ആക്രമണത്തിന് ഇരയായ രവി പറഞ്ഞു. രാവിലെ ഭാര്യ അടക്കം കൂടെ ഉണ്ടായവർ മടങ്ങി വരാത്തതിനെ തുടർന്ന നടത്തിയ തെരച്ചിലിൽ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യനും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തേൻ എടുക്കാൻ ഉന്നതിക്ക് സമീപമുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സതീശന്റേയും അംബികയുടേയും കുടുംബങ്ങള്‍ക്ക് ഡിഎഫ്ഒ 5ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇരുവരുടേയും മരണം ആനയുടെ ആക്രമണത്തില്‍ തന്നെയാണെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സതീശന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.