ഇപ്പോൾ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ടൂറിസം കേന്ദ്രങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ച സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിസന്ധി ഏറുകയാണ്.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ പകുതിയിലേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു.87ൽ 48 ടൂറിസ്റ്റ് കേന്ദ്രങ്ങളും അടച്ചു പൂട്ടി. സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടി കാട്ടിയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്.
ജമ്മു കശ്മീരിലെ പഹൽഗാം ഭീകാരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് ദിവസം പിന്നിടുകയാണ്. ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിലും അതിർത്തിയിലെ സംഘർഷവും രൂക്ഷമായി തുടരുകയാണ്. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന പഹൽഗാമിൽ ഭീകരർ നടത്തിയ നീചമായ നരവേട്ട തല്ലിക്കെടുത്തിയത് വിനോദ സഞ്ചാരം ഉപജീവനമാർഗമാക്കിയ ഒരുകൂട്ടം ജനതയുടെ സ്വപ്നങ്ങൾകൂടിയാണ്.
ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിയിരുന്ന ടൂറിസം കേന്ദ്രം.നിരനിരയായി തെരുവ് കച്ചവടക്കാർ. ടൂറിസ്റ്റുകളെ ബൈസരൺ വാലിയിൽ എത്തിക്കുന്ന കുതിരക്കാർ.ടൂറിസ്റ്റുകളുമായി ചീറിപ്പായുന്ന ടാക്സിക്കാർ.ഇതായിരുന്നു പഹൽഗാമിൻ്റെ കാഴ്ചകൾ. ട്രക്കിംഗും കുതിര സവാരിയുമൊക്കെയായി കഴിഞ്ഞ 22 നും പഹൽഗാമിൽ സഞ്ചാരികൾ സജീവമായിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് തോക്കുകളുമായെത്തിയ ഭീകരർ 26 പേരെ നിഷ്കരുണം കൊലപ്പെടുത്തി. ആ പ്രദേശത്തിൻ്റെയാകെ ശാന്തത തകര്‍ത്തു.
പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികളെത്തിയിരുന്ന പ്രദേശത്ത് ഇപ്പോൾ നൂറുകണക്കിനാളുകൾ മാത്രമാണ് എത്തുന്നത്. ഇവിടത്തെ ജനങ്ങൾ പ്രധാനമായും ടൂറിസം വരുമാനം കൊണ്ടുമാത്രം ജീവിക്കുന്നവരാണ്. അവരുടെ ജീവനോപാധിക്ക് നേരെ കൂടിയാണ് ഭീകരർ കാഞ്ചി വലിച്ചത്. ഇപ്പോൾ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ടൂറിസം കേന്ദ്രങ്ങൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ച സാഹചര്യത്തിൽ ജനങ്ങളുടെ പ്രതിസന്ധി ഏറുകയാണ്.
അതെസമയം പെഹൽഗാം കൂട്ടക്കൊലനടത്തിയ ഭീകരരിൽ ഒരാൾ പാക് പട്ടാളത്തിലെ മുൻ പാരാ കമാൻഡോയെന്നും NIA കണ്ടെത്തി. കൂട്ടകൊലക്ക് നേതൃത്വം നൽകിയത് സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡർ ഹാഷിം മൂസയെന്നാണ് കണ്ടെത്തിയത്. ഹാഷിം മൂസ ലഷ്കറെ ത്വയ്ബയുടെ ഓപ്പറേഷൻ ഹെഡ് എന്നും അന്വേഷണ സംഘം.