ഭരണ വിരുദ്ധ അജണ്ട: പശ്ചിമ ബംഗാളിൽ മൂന്ന് ടിവി ചാനലുകൾ ബഹിഷ്‌കരിക്കും

എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി9 തുടങ്ങിയ മാധ്യമ ചാനലുകൾക്ക് നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്
ഭരണ വിരുദ്ധ അജണ്ട: പശ്ചിമ ബംഗാളിൽ മൂന്ന് ടിവി ചാനലുകൾ ബഹിഷ്‌കരിക്കും
Published on

ഭരണ വിരുദ്ധ അജണ്ടയെത്തുടർന്ന് മൂന്ന് ടിവി ചാനലുകളെ പശ്ചിമ ബംഗാളിൽ ബഹിഷ്‌കരിക്കാനൊരുങ്ങി തൃണമൂൽ കോണ്‍ഗ്രസ്. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് ചാനലുകളും വിരുദ്ധ പ്രചരണം നടത്തിയെന്നാണ് ആരോപണം. എബിപി ആനന്ദ, റിപ്പബ്ലിക്, ടിവി 9 തുടങ്ങിയ മാധ്യമ ചാനലുകൾക്ക് നേരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

ചാനൽ ചർച്ചകളിലോ സംവാദങ്ങളിലോ പാർട്ടി അനുഭാവി എന്ന പേരിൽ പങ്കെടുക്കുന്ന വ്യക്തികളുടെ അഭിപ്രായങ്ങൾ പാർട്ടിയുടെ മുഖഛായയ്ക്ക് കോട്ടം തട്ടിക്കുന്നതായും പാർട്ടി വക്താക്കൾ അറിയിച്ചു. ഇതിനെ തുടർന്നാണ് ചാനലുകൾ ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. പാർട്ടി നിയോഗിക്കാത്ത ആളുകളുടെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാടായി ചിത്രീകരിക്കുന്നതായും തൃണമൂൽ പ്രവർത്തകർ പറഞ്ഞു. 


മുതിർന്ന തൃണമൂൽ നേതാവും എംപിയുമായ കക്കോലി ഘോഷ് ദസ്തിദാറും ബിജെപി എംഎൽഎ അഗ്നിമിത്ര പോളും തമ്മിലുള്ള തർക്കത്തിന് ദിവസങ്ങൾക്ക് ശേഷമാണ് എബിപി ആനന്ദയിൽ ടിവി ചർച്ച നടത്തുന്നത്. ലോക്‌സഭയിലെ തൃണമൂൽ ഉപനേതാവ് ദസ്തിദാർ, പ്രമുഖ ഫാഷൻ ഡിസൈനറായ എംഎസ് പോളിനെ സാരി മേക്കർ എന്ന് വിളിച്ചിരുന്നു. തൻ്റെ തൊഴിലിൽ തനിക്ക് വളരെയധികം അഭിമാനമുണ്ടെന്നായിരുന്നു മിസ് പോൾ പ്രതികരിച്ചത്. മമത ബാനർജി സർക്കാർ ക്രിമിനലുകൾക്ക് അഭയം നൽകുകയും സ്ത്രീകളുടെ ദുരവസ്ഥ അവഗണിക്കുകയും ചെയ്യുന്നുവെന്ന ആരോപണവും വന്നിരുന്നു.

ഇതേ ഷോയിൽ മിസ് ദസ്തിദാറിൻ്റെ മറ്റൊരു പരാമർശവും വിവാദത്തിന് കാരണമായിരുന്നു. ബംഗാളിൽ സിപിഎമ്മിൻ്റെ കാലത്ത് പാസ് മാർക്കിനായി മെഡിക്കൽ വിദ്യാർഥികളെ "മടിയിൽ ഇരുത്തി" എന്ന് അവർ പറഞ്ഞിരുന്നു. ഈ പരാമർശം വനിതാ ഡോക്ടർമാരിൽ നിന്ന് ശക്തമായ വിമർശനത്തിന് ഇടയാക്കുകയും തൃണമൂൽ എംപി മാപ്പ് പറയാൻ നിർബന്ധിതയാവുകയും ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com