
ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിനു ശേഷം ആദ്യമായി ഇസ്രയേലില്‍ രാജ്യവ്യാപകമായി പണിമുടക്ക്. ഇസ്രയേലിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്റ്റാഡ്രട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നെതന്യാഹു സർക്കാർ ഗാസ യുദ്ധം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് പണിമുടക്ക്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ ബന്ദികളുടെ മൃതദേഹം റഫയില്‍ നിന്നും കണ്ടെത്തിയതും ജനരോഷത്തിന് കാരണമായിട്ടുണ്ട്.
രാജ്യവ്യാപകമായി ഇന്ന് രാവിലെ ആറ് മണി മുതലാണ് പൊതു പണിമുടക്ക് നടക്കുന്നത്. പണിമുടക്ക് ഇസ്രയേലിന്‍റെ സാമ്പത്തിക മേഖലയെ സ്തംഭിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. സ്കൂളുകള്‍, സ്വകാര്യ ബിസിനസ് സ്ഥാപനങ്ങള്‍, സർക്കാർ-മുന്‍സിപ്പല്‍ ഓഫീസുകള്‍ എന്നിവ ഇന്ന് പ്രവർത്തിക്കില്ല. പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് ഇസ്രയേല്‍ അന്താരാഷ്ട്ര എയർപോർട്ട് അടച്ചുപൂട്ടും. വിമാനത്താവളം എപ്പോള്‍ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല.
ജനങ്ങളുടെ ഇടപെടല്‍ മാത്രമേ 'ഇളകേണ്ടവരെ ഇളക്കുകയുള്ളൂ' എന്ന് ഹിസ്റ്റാഡ്രട്ട് അധ്യക്ഷന്‍ അർനോണ്‍ ബാർ ഡേവിഡ് പറഞ്ഞു. രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ കാരണമാണ് ബന്ദി കൈമാറ്റ ഉടമ്പടികള്‍ പുരോഗമിക്കാത്തതെന്ന് അർനോണ്‍ കുറ്റപ്പെടുത്തി.
ടെല്‍ അവീവിലെയും സമീപ പ്രദേശങ്ങളിലേയും മുന്‍സിപ്പാലിറ്റികള്‍ പണിമുടക്കില്‍ പങ്കുചേരുമെന്ന് മേയർമാർ അറിയിച്ചിരുന്നു. ബന്ദികളുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സമരത്തില്‍ പങ്കാളികളാകുന്നത്. ഞായറാഴ്ച രാത്രി ഇസ്രയേലിലെ തെരുവുകളില്‍ പതിനായിരങ്ങള്‍ പ്രതിഷേധിക്കാനായി അണിനിരന്നതിന് പിന്നാലെയാണ് പണിമുടക്ക്. ഇന്നലെ അയലോണ്‍ ദേശീയപാത ജനങ്ങള്‍ ഉപരോധിച്ചിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഹമാസിന്‍റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി സർക്കാർ ഉടമ്പടി ഉണ്ടാക്കണമെന്ന് ഹോസ്റ്റേജസ് ആന്‍ഡ് മിസ്സിങ് ഫാമിലി ഫോറം ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ALSO READ: ഗാസ പ്രതിസന്ധിയിലേക്ക്; റഫയില്‍ നിന്നും ആറ് ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന
ഹമാസ് ബന്ദികളാക്കിയിരുന്ന ആറ് പേരുടെ മൃതദേഹങ്ങള്‍ ഇസ്രയേല്‍ സൈന്യം ഇന്നലെ കണ്ടെത്തിയിരുന്നു . ഗാസ സ്ട്രിപ്പിലെ റഫാ മേഖലയിലെ ടണലില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. കാർമൽ ഗാറ്റ്, ഈഡൻ യെരുഷാൽമി, ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, അലക്സാണ്ടർ ലോബനോവ്, അൽമോഗ് സരുസി, ഒറി ഡാനിനോ എന്നിവരുടെ മൃതദേഹങ്ങൾ ഇസ്രായേലിലേക്ക് കൊണ്ടുവന്നതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രസ്താവനയിലൂടെ അറിയിച്ചു.
സൈന്യം എത്തുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പാണ് ബന്ദികള്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ സൈന്യത്തിന്‍റെ വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാല്‍ ഹമാസും അവരുടെ സായുധ വിഭാഗവും ഇതിനോട് പ്രതികരിച്ചിട്ടില്ല.ഹമാസിനോട് പകരം വീട്ടുമെന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍, ട്രേഡ് യൂണിയനുകള്‍, ബന്ദികളുടെ കുടുംബം എന്നിവർ സർക്കാരിനു മേലുള്ള സമ്മർദം വർധിപ്പിച്ചിരിക്കുകയാണ്. ബന്ദി ഉടമ്പടിയെപ്പറ്റി നെതന്യാഹു ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.