യൂണിവേഴ്സിറ്റിയിൽ അരങ്ങേറിയ പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ രേഖകൾ കൈമാറണമെന്ന ട്രംപ് ഭരണകൂടത്തിൻ്റെ ആവശ്യം അധികൃതർ നിരസിച്ചതോടെയാണ് നടപടി
ഹാർവാർഡ് സർവകലാശാലയ്ക്ക് എതിരായ പ്രതികാരനടപടികൾ തുടർന്ന് ട്രംപ് ഭരണകൂടം. സർവകലാശാലയില്‍ വിദേശ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യൂണിവേഴ്സിറ്റിയിൽ അരങ്ങേറിയ പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ രേഖകൾ കൈമാറണമെന്ന ആവശ്യം അധികൃതർ നിരസിച്ചതോടെയാണ് നടപടി. ഹാർവാർഡ് യൂണിവേഴ്സ്റ്റിയിൽ അന്വേഷണം നടത്തുമെന്നും യുഎസ് സുരക്ഷാ വകുപ്പ് വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം യൂണിവേഴ്സിറ്റിക്ക് കത്തയിച്ചിട്ടുണ്ട്.
ഹാർവാർഡ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ അക്രമം വളരുന്നതായും, ജൂത വിരുദ്ധതയും, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി സഹകരിക്കുന്നതായും ട്രംപ് ഭരണകൂടം കണ്ടെത്തിയിട്ടുണ്ടെന്നാണ് സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോയിം തൻ്റെ എക്സ് പോസ്റ്റിലൂടെ ഉയർത്തിയിരിക്കുന്ന ആരോപണം. യൂണിവേഴ്സിറ്റിയിൽ വിദേശ വിദ്യാർഥികളെ പഠിപ്പിക്കുന്നത് ഒരു അവകാശമല്ല മറിച്ച് പ്രത്യേകാനുകൂല്യമാണ്. വിദേശ വിദ്യാർഥികളിൽ നിന്നും ഈടാക്കുന്ന ഉയർന്ന ഫീസിലൂടെയാണ് യൂണിവേഴ്സിറ്റി അവരുടെ ദശലക്ഷം ഡോളർ വിലമതിക്കുന്ന സ്കോളർഷിപ്പുകൾ ലഭ്യമാക്കുന്നതെന്നും ക്രിസ്റ്റി നോയിമിൻ്റെ പോസ്റ്റിലൂടെ ആരോപിച്ചു.
വിദേശ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തുകയാണെങ്കിൽ നിലവിൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠനം തുടരുന്ന വിദ്യാർഥികൾക്ക് മറ്റൊരു യൂണിവേഴ്സിറ്റിയിലേക്ക് മാറേണ്ടി വരും. അല്ലെങ്കിൽ അവരുടെ നിയമ പദവി നഷ്ടപ്പെട്ടേക്കാം. പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട വിദ്യാർഥികളുടെ വിവരങ്ങൾ നൽകാൻ ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇത് യൂണിവേഴ്സിറ്റി നിരസിച്ചതോടെയാണ് വിദേശ വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎസ് സുരക്ഷാ വകുപ്പ് ഹാർവാർഡ് യൂണിവേഴ്സിറ്റിക്ക് നൽകിയ കത്തിൽ 72 മണിക്കൂറുകൾക്കകം ആവശ്യപ്പെട്ട വിവരങ്ങൾ നൽകണമെന്നും, ഇതിന് സമ്മതിക്കുകയാണെങ്കിൽ വിദേശ വിദ്യാർഥികൾക്കുള്ള പ്രവേശന വിലക്ക് അവസാനിപ്പിക്കുമെന്നും പറയുന്നുണ്ട്.
ALSO READ: ഗാസയിൽ പോഷകാഹാരക്കുറവുള്ള 9,000ത്തിലധികം കുട്ടികളെ ചികിത്സിച്ചു: യുനിസെഫ്
ഇതൊരു പ്രതികാര നടപടിയാണെന്നും, യൂണിവേഴ്സിറ്റിക്ക് വലിയ രീതിയിലുള്ള ആഘാതം ഉണ്ടാക്കുമെന്നും ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രസ്താവനയിൽ പറയുന്നു. ട്രംപ് ഭരണകൂടത്തിൻ്റെ നടപടി നിയമവിരുദ്ധമാണ്. 140ലധികം രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളാണ് ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ പഠനത്തിനായെത്തുന്നത്. വിദേശ വിദ്യാർഥികളുടെ പ്രവേശനം ഉറപ്പ് വരുത്തുമെന്നും, ഇതിൽ പ്രതിജ്ഞാബദ്ധരാണെന്നും യൂണിവേഴ്സിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
നേരത്തെ ഹാർവാർഡ് സർവകലാശാലക്ക് മേലുള്ള നികുതിയിളവ് പദവി പിന്‍വലിക്കുമെന്ന ഭീഷണിയുമായി ട്രംപ് ഭരണകൂടം രംഗത്തെത്തിയിരുന്നു. വൈറ്റ് ഹൗസ് ഉത്തരവിട്ട പുതിയ നയംമാറ്റങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനാലായിരുന്നു ഭീഷണി. സംഭവത്തിൽ സർവകലാശാല മാപ്പ് പറയണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. സർവകലാശാലയ്ക്ക് അനുവദിച്ചിരുന്ന ഫണ്ടുകളിൽ നിന്ന് 2.3 ബില്യൺ ഡോളർ മരവിപ്പിച്ചതിന് പിന്നാലെയായിരുന്നു ട്രംപിൻ്റെ നടപടി.
ALSO READ: യുഎസിലെ ജൂത മ്യൂസിയത്തിൽ വെടിവെപ്പ്; രണ്ട് ഇസ്രയേൽ എംബസി ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
സർവകലാശാലയിലെ പ്രവേശനം, നിയമനം, പ്രോഗ്രാമുകൾ എന്നിവ നിർത്തലാക്കണെമന്ന് ആവശ്യപ്പെട്ട് ട്രംപ് ഭരണകൂടം ഹാർഡ്‌വാർഡ് സർവകലാശാലക്ക് കത്തയച്ചിരുന്നു. സർവകലാശാല വിഷയങ്ങളിൽ അധികാരങ്ങളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ള അധികാരം പരിമിതപ്പെടുത്താൻ കത്തിൽ ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ നിരീക്ഷിക്കാനും നിർദേശമുണ്ടായിരുന്നു. സർക്കാർ നടപടി ജൂതവിരുദ്ധത ചെറുക്കാനാണെന്നായിരുന്നു വാദം.
എന്നാൽ സർവകലാശാലയിലെ സർക്കാരിൻ്റെ നേരിട്ടുള്ള ഇടപെടലിനെ അധികൃതർ എതിർത്തു. സർവകലാശാലയുടെ ഭരണനിർവഹണം, നിയമന രീതികൾ, പ്രവേശന നടപടിക്രമങ്ങൾ, എന്നിവയുൾപ്പെടെയുള്ളവയുടെ കാര്യത്തിൽ മാറ്റം ആവശ്യമാണെന്ന് അറിയിച്ച് കൊണ്ട് വൈറ്റ് ഹൗസിൽ നിന്ന് കത്തയച്ചിരുന്നു. എന്നാൽ അവ നിരസിച്ചതായി വൈറ്റ് ഹൗസിനെ അറിയിച്ചെന്നും, അവർ നമ്മുടെ സമൂഹത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും, സർവകലാശാല അധികൃതർ വ്യക്തമാക്കി. ഇതോടെയാണ് കടുത്ത ഭീഷണിയുമായി ട്രംപും തിരിച്ചടിച്ചത്.