ഇസ്രയേൽ സൈനിക നടപടി അവസാനിപ്പിച്ച് ഉപരോധം പൂർണമായും പിൻവലിച്ചില്ലെങ്കിൽ പ്രദേശം ക്ഷാമത്തിലേക്ക് കടക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്
ഗാസയിൽ ഈ വർഷം മാത്രം പോഷകാഹാരക്കുറവുള്ള 9,000-ത്തിലധികം കുട്ടികളെ ചികിത്സിച്ചതായി യുഎൻ മാനുഷിക സഹായ സംഘടനയായ യുനിസെഫ്. വരും വർഷത്തിൽ പതിനായിരക്കണക്കിന് കേസുകൾ പ്രതീക്ഷിക്കുന്നതായാണ് ഭക്ഷ്യസുരക്ഷാ വിദഗ്ധർ പറയുന്നുന്നതെന്ന് അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ സൈനിക നടപടി അവസാനിപ്പിച്ച് ഉപരോധം പൂർണമായും പിൻവലിച്ചില്ലെങ്കിൽ പ്രദേശം ക്ഷാമത്തിലേക്ക് കടക്കുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ, ഗാസയിലെ ജനങ്ങൾ ഇതിനകം തന്നെ പട്ടിണിയിലാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയത്. ഗാസയിൽ 20 ലക്ഷം പേർ കൊടിയ ദാരിദ്ര്യത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
Also Read: 20 ലക്ഷം പേർ കൊടിയ ദാരിദ്ര്യത്തിൽ, കടുത്ത ഭക്ഷ്യക്ഷാമം; ദുരിതത്തിന്റെ കാണാക്കയത്തിൽ ഗാസ
48 മണിക്കൂറിനുള്ളിൽ ഗാസയിൽ സഹായം ലഭിക്കാതെ 14,000 കുഞ്ഞുങ്ങൾ മരിക്കുമെന്നാണ് മെയ് 20ന് യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫ് ടോം ഫ്ലെച്ചർ നൽകിയ മുന്നറിയിപ്പ്. ബിബിസിയുടെ റേഡിയോ 4 ന്റെ ടുഡേസ് പ്രോഗ്രാമിലായിരുന്നു ടോം ഫ്ലെച്ചറിന്റെ പരാമർശം. ഗാസയിലേക്കുള്ള സഹായങ്ങൾ ഇസ്രയേൽ തടസപ്പെടുത്തുന്ന ദയനീയാവസ്ഥയെപ്പറ്റി സംസാരിച്ചപ്പോഴായിരുന്നു ഈ പ്രസ്താവന.
കഴിഞ്ഞ 11 ആഴ്ചകളായി ഗാസയിലേക്കുള്ള സഹായത്തിന് ഏർപ്പെടുത്തിയിരുന്ന ഉപരോധം ഞായറാഴ്ചയാണ് ഇസ്രയേല്‍ ലഘൂകരിച്ചത്. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്നാണ് ഗാസയിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാനായി മാനുഷിക സഹായങ്ങൾക്കുള്ള ഉപരോധം ലഘൂകരിക്കാൻ ബെഞ്ചമിൻ നെതന്യാഹു നിർബന്ധിതനായത്. എന്നാൽ ഇപ്പോഴും പൂർണതോതിൽ ഗാസയിലേക്ക് ഭക്ഷ്യ സഹായം എത്തിത്തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു യുഎൻ ഹ്യുമാനിറ്റേറിയൻ ചീഫിന്‍റെ മുന്നറിയിപ്പ്.
അതേസമയം, ഗാസയിൽ 29 പേർ പട്ടിണി കാരണം മരിച്ചുവെന്ന് പലസ്തീൻ ആരോഗ്യ മന്ത്രി മജീദ് അബു റമദാൻ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തെ കണക്കെന്ന തരത്തിലാണ് അബു റമദാൻ ഈ വാർത്ത പുറത്തുവിട്ടത്. മരിച്ചതിൽ പ്രായമായവരും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.