
രാജ്യത്തിനകത്തെ തൻ്റെ ശത്രുക്കൾ പുറത്തുള്ളവരേക്കാൾ അപകടകാരികളാണെന്നും, അവരെ എതിർക്കാൻ ആവശ്യമെങ്കിൽ സുരക്ഷാ സൈന്യത്തെ നിയോഗിക്കണമെന്നും മുൻ യുഎസ് പ്രസിഡൻ്റും, റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പ്രസ്താവന നടത്തിയത്.
തെരഞ്ഞെടുപ്പ് ദിനത്തിലെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഡൊണാൾഡ് ട്രംപ്. "നമുക്ക് രണ്ട് ശത്രുക്കളാണുള്ളത്. ഒന്ന് രാജ്യത്തിന് പുറത്ത്, മറ്റൊന്ന് രാജ്യത്തിനകത്ത്. രാജ്യത്തിനകത്തെ ശത്രുക്കളാണ് കൂടുതൽ അപകടകാരികൾ. അവർ ചൈന, റഷ്യ എന്നീ എതിർരാജ്യങ്ങളെക്കാൾ അപകടകാരികളാണ്. അവരെ എതിർക്കാൻ ആവശ്യമെങ്കിൽ സൈന്യത്തെ നിയോഗിക്കണം," ട്രംപ് പറഞ്ഞു.
എന്നാൽ, ട്രംപിൻ്റെ പ്രസ്താവന വളരെയേറെ ആശങ്കയുണ്ടാക്കുന്നതാണെന്നും, വീണ്ടും ട്രംപിനെ പ്രസിഡൻ്റാക്കിയാൽ അതിൻ്റെ പ്രത്യാഘാതം അമേരിക്കയിലെ ജനങ്ങൾക്ക് താങ്ങാനാവില്ലെന്നും ഡെമോക്രാറ്റിക് സ്ഥാനാർഥിയും, നിലവിലെ വൈസ് പ്രസിഡൻ്റുമായ കമലാ ഹാരിസ് പറഞ്ഞു. ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവനയെ അമേരിക്കക്കാരുടെ ജീവന് ഭീഷണിയായേക്കും എന്ന തരത്തിൽ ഒരു പ്രചരണ തന്ത്രമായും കമല ഹാരിസ് വിഭാഗം ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ റാലിയിൽ ട്രംപിൻ്റെ പെരുമാറ്റത്തെ തുടർന്നും വലിയ വിമർശനം ഉയർന്നു വന്നിരുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, റാലിയിൽ ചോദ്യം ചോദിച്ച ആളോട് കടുത്ത ഭാഷയിൽ ഉത്തരം പറഞ്ഞതും ട്രംപിന് തിരിച്ചടിയായേക്കും.