കോവിഡ് കിറ്റ് കൈമാറ്റം, നിരവധി ഫോണ്‍കോളുകള്‍; ട്രംപ്-പുടിന്‍ ബന്ധത്തില്‍ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകന്‍റെ പുസ്തകം

ബോബ് വുഡ്‌വാർഡിന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'വാർ' 2024 ഓക്ടോബർ 15നാണ് പുറത്തുവരുന്നത്
കോവിഡ് കിറ്റ് കൈമാറ്റം, നിരവധി ഫോണ്‍കോളുകള്‍; ട്രംപ്-പുടിന്‍ ബന്ധത്തില്‍ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകന്‍റെ പുസ്തകം
Published on

മുന്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രിസഡന്‍റ് വ്ളാഡിമിർ പുടിനും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ പൊതു സമൂഹത്തിന് വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. എല്ലാക്കാലത്തും വിരുദ്ധ ധ്രുവങ്ങളിലായിരുന്നു ഈ രണ്ട് ലോക രാജ്യങ്ങളും അവിടുത്തെ നേതാക്കളും. എന്നാല്‍ പൊതു സമൂഹത്തിനു അറിയാത്ത തരത്തില്‍  ട്രംപും പുടിനും തമ്മില്‍ സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു എന്നാണ് യുഎസിലെ മുതിർന്ന മാധ്യമ പ്രവർത്തകന്‍ ബോബ് വുഡ്‌വാർഡ് പറയുന്നത്.

വുഡ്‌വാർഡിന്‍റെ പ്രസിദ്ധീകരിക്കാനിരിക്കുന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. 2021ല്‍ പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതിനു ശേഷം നിരവധി തവണ ട്രംപ് പുടിനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് പുസ്തകത്തില്‍ വിവരിക്കുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. പുസ്തകത്തിലെ പ്രസക്ത ഭാഗങ്ങള്‍ സിഎന്‍എന്നും വാഷിങ്ടണ്‍ പോസ്റ്റും പുറത്തുവിട്ടതോടെയാണ് ട്രംപ്- പുടിന്‍ ബന്ധം മറനീക്കിയത്.

2020ല്‍ ലോകം കോവിഡ് മഹാമാരിയില്‍ വലഞ്ഞപ്പോള്‍ പുടിന്‍റെ സ്വന്തം ഉപയോഗത്തിനായി ട്രംപ് കോവിഡ് പരിശോധനാ കിറ്റുകള്‍ റഷ്യയിലേക്ക് അയച്ചുവെന്ന് പുസ്കത്തില്‍ പറയുന്നു. ടെസ്റ്റിങ് കിറ്റുകള്‍ അപൂർവവും ദുർലഭവുമായിരുന്ന സമയത്താണ് ട്രംപ് രഹസ്യമായി പുടിന് കിറ്റുകള്‍ എത്തിച്ചത്. 'ട്രംപ് പുടിൻ്റെ സ്വകാര്യ ഉപയോഗത്തിനായി അബോട്ട് പോയിൻ്റ് ഓഫ് കെയർ കോവിഡ് ടെസ്റ്റ് മെഷീനുകളുടെ ശേഖരം രഹസ്യമായി അയച്ചു', വുഡ്‌വാർഡ് പുസ്തകത്തില്‍ എഴുതുന്നു.

Also Read: 'റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചുവരവിനെ ഒരു വധശ്രമത്തിനും തടയാനാകില്ല'; വധശ്രമം നടന്ന അതേ വേദിയിൽ ഡോണാൾഡ് ട്രംപ് തിരികെയെത്തി

രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കുമെന്നതിനാല്‍ ട്രംപിനോട് സമ്മാനത്തിന്‍റെ വിവരം രഹസ്യമായി സൂക്ഷിക്കാൻ പുടിന്‍ ആവശ്യപ്പെട്ടിരുന്നതായി വുഡ്‌വാർഡിന്‍റെ പുസ്തകത്തിൽ പറയുന്നു. എന്നാല്‍, 'ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല' എന്നായിരുന്നു ട്രംപിന്‍റെ ആദ്യ പ്രതികരണം. പുടിന്‍റെ നിർബന്ധത്തിനു വഴങ്ങിയാണ് കിറ്റിന്‍റെ വിവരങ്ങള്‍ ട്രംപ് രഹസ്യമാക്കി വച്ചതെന്നും സിഎന്‍എന്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ ഭാഗങ്ങള്‍ സൂചിപ്പിക്കുന്നു. പുസ്കത്തിന്‍റെ മറ്റൊരു ഭാഗത്ത്, പുടിനുമായി ഫോണില്‍ സംസാരിക്കാനായി ട്രംപ് വിശ്വസ്തനായ ഒരാളോട് മുറിവിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്നും പറയുന്നുണ്ട്.

അതേസമയം, ബോബ് വുഡ്‌വാർഡിന്‍റെ പുസ്തകത്തിലെ കണ്ടെത്തലുകൾ  ട്രംപിന്‍റെ പ്രചരണ വിഭാഗം തള്ളി. 'വുഡ്‌വാർഡ് കഥകള്‍ മെനയുകയാണെന്ന്' യുഎസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രചരണത്തിന്‍റെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടർ സ്റ്റീവൻ ച്യൂങ് പ്രതികരിച്ചു. വുഡ്‍‌വാർഡിന്‍റേത് 'ട്രംപ് ഡിറേഞ്ച്മെന്‍റ് സിന്‍ഡ്രോം' ആണെന്നും ച്യൂങ് കൂട്ടിച്ചേർത്തു.

Also Read: "മിൽട്ടൺ അമേരിക്ക ഒരു നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റ്" ജോ ബൈഡൻ

ബോബ് വുഡ്‌വാർഡിന്‍റെ പുസ്തകം 'വാർ' 2024 ഓക്ടോബർ 15നാണ് പുറത്തിറങ്ങുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com