ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് നൽകി വന്നിരുന്ന ചില ഫണ്ടിങ്ങുകളും മസ്കിന്റെ വകുപ്പ് ഇടപെട്ട് റദ്ദാക്കിയിരുന്നു
ഡൊണാൾഡ് ട്രംപ്
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനു ജോ ബൈഡൻ ഭരണകൂടം ഫണ്ട് അനുവദിച്ചതിനെ വീണ്ടും ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റാരെയോ ഇന്ത്യയിൽ അധികാരത്തിൽ എത്തിക്കാനായിരുന്നോ ശ്രമമെന്നായിരുന്നു ട്രംപിന്റെ ചോദ്യം. 21 മില്യൺ ഡോളറാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് (USAID) വോട്ടിങ് ശതമാനം വർധിപ്പിക്കാനായി ഇന്ത്യക്ക് നൽകിയത്. ഈ ഫണ്ടിങ് റദ്ദാക്കുന്നതായി ഇലോൺ മസ്‌കിൻ്റെ നേതൃത്വത്തിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസി(DOGE) പ്രഖ്യാപിച്ചിരുന്നു.
"ഇന്ത്യയിലെ വോട്ടിങ് ശതമാനം ഉയർത്താൻ നമ്മൾ എന്തിനാണ് 21 മില്ല്യൺ ഡോളർ ചെലവാക്കിയത്? എനിക്ക് തോന്നുന്നത് അവർ മറ്റാരെയോ അധികാരത്തിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നു. നമുക്ക് ഇന്ത്യൻ സർക്കാരിനോട് പറയണം... ഇത് പൂർണമായും ഒരു വഴിത്തിരിവാണ്", ട്രംപ് മിയാമിയിൽ നടന്ന ഉച്ചകോടിയിൽ പറഞ്ഞു. വളരുന്ന സമ്പദ് വ്യവസ്ഥയുള്ള, ഉയർന്ന നികുതി ചുമത്തുന്ന ഇന്ത്യ പോലുള്ള രാജ്യത്തിനു ധനസഹായം നൽകേണ്ട ആവശ്യമില്ലെന്ന നിലപാട് ഫണ്ട് റദ്ദാക്കിയതിനു പിന്നാലെ ട്രംപ് വ്യക്തമാക്കിയിരുന്നു.
Also Read: 'സെലന്‍സ്കി സ്വേച്ഛാധിപതി, മാറിയില്ലെങ്കില്‍ രാജ്യം തന്നെ നഷ്ടമാകും'; ഭീഷണിയുമായി ട്രംപ്
ഇന്ത്യക്ക് പുറമേ ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് നൽകി വന്നിരുന്ന ചില ഫണ്ടിങ്ങുകളും മസ്കിന്റെ വകുപ്പ് ഇടപെട്ട് റദ്ദാക്കിയിരുന്നു. നേപ്പാളിൽ സാമ്പത്തിക ഫെഡറലിസം കൊണ്ടുവരുന്നതിനും ജൈവവൈവിധ്യ സംരക്ഷണത്തിനുമായി ബൈഡൻ സർക്കാർ 39 മില്ല്യൺ ഡോളറാണ് നൽകിയിരുന്നത്. ബംഗ്ലാദേശിലെ രാഷ്ട്രീയ പരിതസ്ഥിതി ശക്തിപ്പെടുത്തുന്നതിനായി 29 മില്ല്യൺ ഡോളറാണ് അനുവദിച്ചത്. സർക്കാർ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് അന്താരാഷ്ട്ര ഫണ്ടിങ്ങുകളിൽ ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ബജറ്റ് വെട്ടിക്കുറക്കുന്നതിന് മുൻഗണന നൽകുക എന്ന ട്രംപ് ഭരണകൂടത്തിൻ്റെ തീരുമാന പ്രകാരമാണ് ഈ നടപടി എന്നാണ് മസ്കിൻ്റെ വിശദീകരണം. ചെലവ് വെട്ടിക്കുറച്ചില്ലെങ്കിൽ യുഎസിൻ്റെ സാമ്പത്തിക സ്ഥിതി മോശമാകുമെന്നും മസ്ക് പറഞ്ഞു.
USAID ഫണ്ടിങ്ങിനെപ്പറ്റിയുള്ള വെളിപ്പെടുത്തൽ വന്നതിനു പിന്നാലെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തി. വോട്ടിങ് ശതമാനം വർധിപ്പിക്കാൻ ഫണ്ട് നൽകുന്നുണ്ടെങ്കിൽ അത് ബാഹ്യ ഇടപെടലാണെന്നും ഗുണം എന്തായാലും ഭരണകക്ഷിക്കല്ലെന്നുമായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യയുടെ പ്രതികരണം. ഇന്ത്യൻ സംവിധാനങ്ങളിലേക്ക് വിദേശ ശക്തികൾ നടത്തുന്ന "ക്രമാനുഗതമായ നുഴഞ്ഞുകയറ്റവുമായിട്ടാണ്" മാളവ്യ ഈ ഫണ്ടിങ്ങിനെ ബന്ധപ്പെടുത്തിയത്. ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ വഴി ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കുന്നുവെന്ന് വലതുപക്ഷ രാഷ്ട്രീയ നേതാക്കൾ കുറ്റപ്പെടുത്തുന്ന ഹംഗേറിയൻ വംശജനായ യുഎസ് ഫിനാൻസിയർ ജോർജ് സോറോസിനെതിരെയും മാളവ്യ ആരോപണം ഉന്നയിച്ചു. കോൺഗ്രസുമായും ഗാന്ധി കുടുംബവുമായും ബന്ധമുള്ള സോറസിന്റെ നിഴൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനത്തിൽ വീണുകിടക്കുന്നുവെന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം.