'ഞങ്ങൾ നിങ്ങളെ കണ്ടെത്തും, കൊല്ലും!'; സൊമാലിയയിൽ ഐഎസ് ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തിയതായി ട്രംപ്

സൊമാലിയയില്‍ ഐഎസിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്
'ഞങ്ങൾ നിങ്ങളെ കണ്ടെത്തും, കൊല്ലും!'; സൊമാലിയയിൽ ഐഎസ് ഭീകരർക്കെതിരെ  വ്യോമാക്രമണം നടത്തിയതായി ട്രംപ്
Published on

സൊമാലിയയിൽ ഐഎസ് ഭീകരർക്കെതിരെ വ്യോമാക്രമണം നടത്തി യുഎസ്. യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ഉത്തരവിനെ തുടർന്നാണ് ഗോലിസ് മലനിരകളിൽ ആക്രമണം നടത്തിയത്. നിരവധി ഭീകരർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗെസ്ത് പറഞ്ഞു.

ഐഎസ് ഭീകരർ യുഎസിനെയും സഖ്യകക്ഷികളെയും ഭീഷണിപ്പെടുത്തി. അതിനാല്‍ അവർ ഒളിച്ചിരിക്കുന്ന ഗുഹകളിൽ ഞങ്ങൾ ആക്രമണം നടത്തി. ഒരു തരത്തിലും സാധാരണക്കാരെ ഉപദ്രവിക്കാതെ നിരവധി ഭീകരരെ കൊലപ്പെടുത്തിയെന്നും ട്രംപ് സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴി അറിയിച്ചു.

"വർഷങ്ങളായി നമ്മുടെ സൈന്യം ഈ ഐഎസ്എസ് ആക്രമണ ആസൂത്രകനെ ലക്ഷ്യം വച്ചിട്ടുണ്ട്. പക്ഷേ ബൈഡനും അദ്ദേഹത്തിന്റെ കൂട്ടാളികളും ആ ജോലി വേണ്ടത്ര വേഗത്തിൽ ചെയ്തില്ല. ഞാൻ ചെയ്തു! 'ഞങ്ങൾ നിങ്ങളെ കണ്ടെത്തും, കൊല്ലും!' അതാണ് ഐഎസിനും അമേരിക്കക്കാരെ ആക്രമിക്കാൻ പോകുന്ന മറ്റുള്ളവർക്കുമുള്ള സന്ദേശം!", ട്രംപ് കുറിച്ചു. എന്നാല്‍ ഏതാണ് ഈ ആസൂത്രകനെന്ന് ട്രംപ് വ്യക്തമാക്കിയില്ല.


ഇസ്ലാമിക് സ്റ്റേറ്റിന് താരതമ്യേന ചെറിയ സ്വാധീനമാണ് സൊമാലിയയിൽ ഉള്ളത്. അൽ ഖ്വയ്ദ ബന്ധമുള്ള അല്‍ ഷബാബ് എന്ന ഭീകര സംഘടനയ്ക്കാണ് രാജ്യത്ത്  അൾബലം കൂടുതൽ. എന്നാൽ മേഖലയിൽ ഐഎസിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്. പുന്റ്ലാൻഡാണ് ഇവരുടെ സ്വാധീന മേഖല. രാജ്യത്ത് നൂറുകണക്കിന് ഐഎസ് ഭീകരരുണ്ടെന്നും അവർ പുന്റ്‌ലാൻഡിലെ ബാരി മേഖലയിലെ കാൽ മിസ്‌കാറ്റ് പർവതനിരകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നുമാണ് ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിന്റെ നിരീക്ഷണം. 2015ൽ അൽ ഷബാബിൽ നിന്നും പിരിഞ്ഞ സംഘമാണ് പിന്നീട് രാജ്യത്ത് ഐഎസിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. ദക്ഷിണ-മധ്യ സൊമാലിയയിൽ നിരവധി ആക്രമണങ്ങൾ ഇവരുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.

തീവ്രവാദ ഭീഷണികളെ ചെറുക്കുന്നതിൽ" ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ സുരക്ഷാ പങ്കാളിത്തത്തെ ഈ ഓപ്പറേഷൻ ശക്തിപ്പെടുത്തുന്നുവെന്നായിരുന്നു സൊമാലിയ പ്രസിഡന്റ് ഹസ്സൻ ഷെയ്ഖ് മുഹമ്മദിന്റെ ഓഫീസിന്റെ പ്രസ്താവന. "അന്താരാഷ്ട്ര ഭീകരത ഇല്ലാതാക്കുന്നതിനും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും സഖ്യകക്ഷികളുമായി പ്രവർത്തിക്കുന്നതിൽ സൊമാലിയ ദൃഢനിശ്ചയം പാലിക്കുന്നു" എന്ന് എക്‌സ് പോസ്റ്റിൽ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com