"യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കും"; വിഷയം പുടിനുമായി സംസാരിച്ചെന്ന് ട്രംപ്

ആളുകൾ മരിക്കുന്നത് കാണാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്ന് ന്യൂയോർക്ക് പോസ്റ്റിനോട് പ്രതികരിക്കവെ ട്രംപ് പറഞ്ഞു
"യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കും"; വിഷയം പുടിനുമായി സംസാരിച്ചെന്ന് ട്രംപ്
Published on

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി ഫോണിൽ സംസാരിച്ചെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. മൂന്ന് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ആളുകൾ മരിക്കുന്നത് കാണാൻ പുടിൻ ആഗ്രഹിക്കുന്നില്ലെന്ന് ന്യൂയോർക്ക് പോസ്റ്റിനോട് പ്രതികരിക്കവെ ട്രംപ് പറഞ്ഞു


അടുത്തയാഴ്ച യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുടിനുമായി ഫോണിൽ സംസാരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് പദ്ധതിയുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയെങ്കിലും സംഭാഷണത്തിൻ്റെ വിശദാംശങ്ങൾ യുഎസ് പ്രസിഡൻ്റ് വെളിപുറത്തുവിട്ടിട്ടില്ല.

"എല്ലാം വേഗത്തിൽ നടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ ദിവസവും ആളുകൾ മരിക്കുന്നു. യുക്രെയ്നെ യുദ്ധം വളരെ മോശമായി ബാധിച്ചിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." ട്രംപ് പറഞ്ഞു. കഴിഞ്ഞ മാസം റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ട്രംപ് പുറത്തുവിട്ടരുന്നു. ഏകദേശം 1 ദശലക്ഷം റഷ്യൻ സൈനികരും 700,000 യുക്രെയ്നിയൻ സൈനികരും കൊല്ലപ്പെട്ടതായാണ് ട്രംപ് പുറത്തുവിട്ട കണക്ക്. എന്നാൽ യുക്രെയ്നിയൻ ഉദ്യോഗസ്ഥർ അവതരിപ്പിച്ച സംഖ്യകളേക്കാൾ വളരെ കൂടുതലാണിത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ വാൾട്ട്സും ട്രംപിനൊപ്പം തങ്ങളോട് സംസാരിച്ചതായി ന്യൂയോർക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ ട്രംപ് പുടിനുമായി സംസാരിച്ച കാര്യങ്ങളെന്തെല്ലാമാണെന്ന് വാൾട്ട്സും സ്ഥിരീകരിക്കുന്നില്ല. ധാരാളം സെൻസിറ്റീവ് സംഭാഷണങ്ങൾ നടക്കുന്നുണ്ടെന്നായിരുന്നു ഞായറാഴ്ച എൻ‌ബി‌സിയുടെ മീറ്റ് ദി പ്രസ്സിനോട് മൈക്കൽ വാൾട്സ് പറഞ്ഞത്. ഈ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ചർച്ച ചെയ്യുമെന്നും, ഇരുപക്ഷത്തെയും ചർച്ചയ്ക്ക് ക്ഷണിക്കുമെന്നും മൈക്കൽ വാൾട്ട്സ് വ്യക്തമാക്കി.

അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ആഴ്ച അമേരിക്ക സന്ദർശിക്കും. ഫെബ്രുവരി 12-13 തീയതികളിലാകും പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. പ്രതിരോധ സഹകരണം, വ്യാപാര ബന്ധങ്ങൾ, ചൈനയുടെ വർധിച്ചുവരുന്ന സാമ്പത്തിക, സൈനിക സ്വാധീനത്തെ ചെറുക്കൽ എന്നിവയെ കേന്ദ്രീകരിച്ചാകും ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ നടക്കുക. യുഎസ് പ്രസിഡന്റിന്റെ ഇന്ത്യയ്‌ക്കെതിരായ താരിഫ് ഭീഷണികളുടെയും അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് മോദിയുടെ സന്ദർശനം.


പുതിയ ഭരണകൂടം അധികാരമേറ്റ് മൂന്ന് ആഴ്ചകൾക്കുള്ളിലാണ് പ്രധാനമന്ത്രിയെ യുഎസ് സന്ദർശിക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഇതോടെ ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം അമേരിക്ക സന്ദർശിക്കുന്ന ആദ്യത്തെ ചുരുക്കം ചില ലോക നേതാക്കളിൽ ഒരാളാകും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇതിനകം തന്നെ ട്രംപ് കൂടിക്കാഴിച നടത്തിയിരുന്നു. ജപ്പാന്റെ ഷിഗെരു ഇഷിബയുമായി ഈ ആഴ്ച വാഷിംഗ്ടണിൽ ചർച്ച നടത്താനും തീരുമാനമായിട്ടുണ്ട്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com