മിടുക്കനെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ്, പീറ്റർ ഹെഗ്‌സെത്തിൻ്റെ ചുമതല സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്
നവംബർ അഞ്ചിന് നടന്ന യുഎസ് തെരഞ്ഞെടുപ്പ് വിജയത്തോടെ വീണ്ടും വൈറ്റ് ഹൗസിലേക്കെത്താൻ തയ്യാറെടുക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ തോൽപിച്ച് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ട്രംപ് വൈറ്റ് ഹൗസിലേക്കെത്തുമ്പോൾ ഫോക്സ് ന്യൂസ് അവതാരകനും വൈറ്റ് ഹൗസിലേക്ക് എത്തുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഫോക്സ് ന്യൂസ് അവതാരകനും മുൻ സൈനികനുമായ പീറ്റർ ഹെഗ്‌സെത്തിന് ഡിഫൻസ് സെക്രട്ടറി ചുമതലയാണ് നൽകുക. മിടുക്കനെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ട്രംപ്, പീറ്റർ ഹെഗ്‌സെത്തിൻ്റെ ചുമതല സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഹെഗ്‌സെത്തിൻ്റെ തെരഞ്ഞെടുപ്പ് സൈന്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. ട്രംപിനെ പോലെ, തുല്യതയും ഉൾപ്പെടുത്തലും പ്രോത്സാഹിപ്പിക്കുന്ന "വോക്ക്" പരിപാടികളെ താനും എതിർക്കുന്നുവെന്ന് ഹെഗ്സെത്ത് തൻ്റെ ഷോകളിലും അഭിമുഖങ്ങളിലും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പോരാട്ടത്തിലുള്ള സ്ത്രീകളുടെ പങ്കിനെയും ഹെഗ്സെത്ത് ചോദ്യം ചെയ്തിട്ടുണ്ട്. ലാസ് വേഗാസിലെ തെരഞ്ഞെടുപ്പ് റാലിയിൽ, ഹെഗ്സെത്തിൻ്റെ പുസ്തകം വാങ്ങിക്കാനും ട്രംപ് അനുയായികളെ പ്രോത്സാഹിപ്പിച്ചിരുന്നു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ക്യാബിനറ്റിലേക്ക് ശതകോടീശ്വരൻ ഇലോൺ മസ്‌കും ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയും എത്തിയേക്കുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇരുവർക്കും കാര്യക്ഷമതാ വകുപ്പിൻ്റെ ചുമതലയാണ് നൽകുക. തെരഞ്ഞെടുപ്പ് ക്യാംപെയിൻ മാനേജരായിരുന്ന സൂസി വൈൽസ് വൈറ്റ് ഹൗസ് സ്റ്റാഫുകളുടെ ചീഫായേക്കും.