പാകിസ്ഥാനെ പിന്തുണച്ച് തുർക്കി നഷ്ടപ്പെടുത്തിയത് ഇന്ത്യയുടെ സൗഹൃദം, തിരിച്ചടി വിനോദസഞ്ചാര മേഖലയിൽ

തുർക്കിക്ക് പോയവർഷം ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ നൽകിയത് 2495 കോടി രൂപ. തുർക്കിയിലെത്തുന്ന ഓരോ ഇന്ത്യക്കാരനും ശരാശരി ചെലവഴിച്ചിരുന്നത് 85,000 രൂപ വീതം. ഇന്ത്യയിൽ നിന്നു തുർക്കിയിലേക്ക് കഴിഞ്ഞവർഷം കയറ്റി അയച്ചത് നാലര ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങൾ.
പാകിസ്ഥാനെ  പിന്തുണച്ച് തുർക്കി നഷ്ടപ്പെടുത്തിയത് ഇന്ത്യയുടെ സൗഹൃദം, തിരിച്ചടി  വിനോദസഞ്ചാര മേഖലയിൽ
Published on

പാകിസ്ഥാൻ്റെ പക്ഷം ചേർന്ന് തുർക്കി ഇല്ലാതാക്കിയത് സ്വാതന്ത്ര്യ സമര കാലം മുതലുള്ള ഇന്ത്യയുടെ പിന്തുണ. തുർക്കിക്കായി ഖിലാഫത്ത് പ്രസ്ഥാനം ഇന്ത്യയിൽ ഉടലെടുത്തപ്പോൾ അതിനെ ആദ്യം പിന്തുണച്ചത് മഹാത്മാ ഗാന്ധിയും സർദാർ വല്ലഭായ് പട്ടേലും ബാല ഗംഗാധര തിലകനുമാണ്. 1921ലെ മലബാർ കലാപം പോലും തുർക്കിക്കുള്ള ഈ പിന്തുണയുടെ അനന്തരഫലമാണ്.


തുർക്കിക്ക് പോയവർഷം ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികൾ നൽകിയത് 2495 കോടി രൂപ. തുർക്കിയിലെത്തുന്ന ഓരോ ഇന്ത്യക്കാരനും ശരാശരി ചെലവഴിച്ചിരുന്നത് 85,000 രൂപ വീതം. ഇന്ത്യയിൽ നിന്നു തുർക്കിയിലേക്ക് കഴിഞ്ഞവർഷം കയറ്റി അയച്ചത് നാലര ലക്ഷം കോടി രൂപയുടെ ഉൽപന്നങ്ങൾ. തുർക്കിയിൽ നിന്ന് ഇന്ത്യ വാങ്ങിയത് രണ്ടരലക്ഷം കോടി രൂപയുടെ ഉൽപ്പനങ്ങൾ. തുർക്കി പാകിസ്താന്‍റെ പക്ഷം ചേർന്നപ്പോൾ ഇല്ലാതായത് ഈ അക്കങ്ങൾ മാത്രമല്ല. നൂറ്റാണ്ടു പഴകിയ സാംസ്കാരിക ബന്ധംകൂടിയാണ്.


ബ്രട്ടീഷ് സാമ്രാജ്യം തുർക്കിയിലെ ഓട്ടൊമൻ സാമ്രാജ്യത്തെ വീഴിച്ചപ്പോൾ ഏറ്റവും ശക്തമായ സമരം ഉയർന്ന രാജ്യമാണ് ഇന്ത്യ. ഇവിടെ ഖിലാഫത്ത് പ്രസ്ഥാനം ഉദയംകൊണ്ടപ്പോൾ അതിന് ആദ്യം നിരുപാധിക പിന്തുണ നൽകിയത് മഹാത്മാഗാന്ധിയാണ്. സർദാർ പട്ടേലും ബാലഗംഗാധര തിലകനുമെല്ലാം ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണയുമായി എത്തി. തുർക്കിയെ പിന്തുണച്ചു കോഴിക്കോട് നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ പ്രസംഗിക്കാൻ 1920ൽ ഗാന്ധിജി നേരിട്ട് എത്തുകയുംചെയ്തു.

വെള്ളയിൽ കടപ്പുറത്ത് സമ്മേളനത്തിന് സ്വാഗതം പറഞ്ഞത് ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ പിതാവായ വി വി രാമ അയ്യർ. കെ മാധവൻ നായർ ഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലാക്കി. ജാതിമതഭേദമില്ലാതെ 105 വർഷം മുൻപ് മലയാളികൾ തിങ്ങി നിറയുകയായിരുന്നു വെള്ളയിൽ കടപ്പുറത്ത്. തുർക്കിക്കുവേണ്ടി ലോകത്തു തന്നെ നടന്ന ഏറ്റവും വലിയ സമ്മേളനമായിരുന്നു അത്.

പാകിസ്താനു പിന്തുണ നൽകിയതോടെ തുർക്കിക്കു നഷ്ടമാകുന്നത് ഇന്ത്യയിലെ സർവകലാശാലകളുമായുള്ള ബന്ധങ്ങൾ കൂടിയാണ്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ, മൌലാനാ ആസാദ് യൂണിവേഴ്സിറ്റി എന്നിവയെല്ലാം തുർക്കി ബന്ധങ്ങൾ ഉപേക്ഷിച്ചു. തുർക്കി ആസ്ഥാനമായ സെലെബി ഏവിയേഷൻ ആണ് കൊച്ചി ഉൾപ്പെടെ രാജ്യത്തെ ഒൻപതു വിമാനത്താവളങ്ങളിൽ ഗ്രൌണ്ട് ഹാൻഡ്ലിങ് നടത്തിയിരുന്നത്.

ആ കരാറും കഴിഞ്ഞദിവസം റദ്ദായി. തുർക്കി മാർബിളിന്‍റെ പ്രധാന കയറ്റുമതികേന്ദ്രം ഇന്ത്യയായിരുന്നു. ഉദയ്പൂർ മാർബിൾ ട്രേഡേഴ്സ് അസോസിയേഷൻ ആ ഇറക്കുമതി റദ്ദാക്കി. മറ്റു സംഘടനകളും ആ വഴിക്കു നീങ്ങുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com