മുഖ്യപ്രതി നസീർ, സുഹൃത്ത് ഷെമീം എന്നിവരാണ് പിടിയിലായത്
തിരുവനന്തപുരം നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. മുഖ്യപ്രതിയായ അഴീക്കോട് സ്വദേശി നസീർ, സുഹൃത്ത് ഷെമീം എന്നിവരാണ് പിടിയിലായത്. കൃത്യത്തിന് ശേഷം രക്ഷപ്പെടാനായി പ്രതികൾ ഉപയോഗിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാറിൽ വെച്ചുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. അഴീക്കോട് സ്വദേശി ആഷിറാണ് കുത്തേറ്റ് മരിച്ചത്. ബാറിൽ വച്ചുണ്ടായ അടിപിടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാക്കേറ്റവും ഉന്തും തളളും നടക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ആഷിറും പ്രതികളുമായി നെടുമങ്ങാട് മാർക്കറ്റിൽ വെച്ച് സംഘർഷമുണ്ടായി. ഇതിനിടെയാണ് യുവാവിന് കുത്തേൽക്കുന്നത്. ആഷിറിൻ്റെ നെഞ്ചിലും തുടയിലും കഴുത്തിലും കുത്തേറ്റിരുന്നു.
ALSO READ: കൊല്ലം അഞ്ചലിൽ തെരുവുനായ ആക്രമണം; കുട്ടികളുൾപ്പെടെ ഏഴ് പേർക്ക് കടിയേറ്റു
ഇന്ന് രാവിലെയാണ് ഷെമീമിനെ പൊലീസ് പിടികൂടിയത്. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഷെമീമെന്ന് പൊലീസ് പറയുന്നു. പ്രതികളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.