അമൃത്സർ റൂറൽ പൊലീസ് കഴിഞ്ഞ ദിവസമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്
പ്രതീകാത്മക ചിത്രം
ഇന്ത്യൻ സൈന്യത്തിന്റെ വിവരങ്ങളും ചിത്രങ്ങളും പാകിസ്ഥാന് ചോർത്തി നൽകിയ രണ്ട് ചാരന്മാർ പിടിയിൽ. പലക്ക് ഷേർ മസീഹ്, സുരാജ് മസീഹ് എന്നിവരാണ് അറസ്റ്റിലായത്. അമൃത്സർ റൂറൽ പൊലീസ് കഴിഞ്ഞ ദിവസമാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
പഞ്ചാബ് പൊലീസ് ഡിജിപി എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമൃത്സറിലെ ആർമി കന്റോൺമെന്റ് ഏരിയകളുടെയും വ്യോമതാവളങ്ങളുടെയും സുപ്രധാന വിവരങ്ങളും ഫോട്ടോകളും പാകിസ്ഥാന് ചോർത്തി നൽകിയതിൽ അറസ്റ്റിലായവർക്ക് പങ്കുണ്ടെന്നാണ് ഡിജിപി പറയുന്നത്. നിലവിൽ അമൃത്സർ സെൻട്രൽ ജയിലിൽ കഴിയുന്ന ഹർപ്രീത് സിംഗ് വഴിയാണ് ഇവർ പാകിസ്ഥാൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധം സ്ഥാപിച്ചതെന്നാണ് കണ്ടെത്തൽ. ഇരുവർക്കും എതിരെ ഒഫിഷ്യൽ സീക്രട്സ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ നിർണായക വെളിപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നതായും ഡിജിപി എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
"ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി, പഞ്ചാബ് പൊലീസ് ഇന്ത്യൻ സൈന്യത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നു. നമ്മുടെ സായുധ സേനയുടെ സുരക്ഷയെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനെതിരെയും ഉറച്ച നടപടി ഉടനടി സ്വീകരിക്കും", ഡിജിപി കുറിച്ചു. രാഷ്ട്രത്തിനാണ് മുൻഗണനയെന്നും ഡിജിപി പോസ്റ്റില്‍ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം, രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ റേഞ്ചര്‍ ബിഎസ്എഫിൻ്റെ പിടിയിലായിരുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ബിഎസ്എഫിന്റെ പിടിയിലായതെന്നാണ് റിപ്പോർട്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ ചാരവൃത്തി നടത്തുന്നതിനിടെയാണ് ബിഎസ്എഫ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അതേസമയം, പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് രാജ്യത്തെ അന്വേഷണ ഏജൻസികൾ. ആക്രമണം നടത്തിയത് നാല് ഭീകരരാണെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതില്‍ പാകിസ്ഥാനിൽ നിന്നുള്ള രണ്ട് പേർ ടൂറിസ്റ്റുകളെന്ന വ്യാജേനയാണ് ഇന്ത്യയിലെത്തിയത്. ആദ്യം വെടിപൊട്ടിയപ്പോൾ സഹായിക്കാനെന്ന വ്യാജേന ടൂറിസ്റ്റുകളെ ഇവർ ഫുഡ്കോർട്ടിലേക്ക് നയിച്ചു. അവിടെ കാത്ത് നിന്ന പാക് ഭീകരൻ ഹാസീം മൂസയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം ടൂറിസ്റ്റുകളെ പോയിൻ്റ് ബ്ലാങ്കിൽ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തൽ.