അതേസമയം 900 കണ്ടിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കളക്ടർ ടൂറിസം സംഘടനകളുടെ യോഗം വിളിച്ചുചേർത്തു
കൊല്ലപ്പെട്ട നിഷ്‌മ, മാതാവ് ജസീല
വയനാട് 900 കണ്ടിയിൽ ടെൻ്റ് തകർന്ന് മലപ്പുറം സ്വദേശിനി നിഷ്‌മ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. നിഷ്മയുടെ മാതാവ് ജസീലയാണ് സംഭവത്തിൽ ദുരൂഹതകളുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്. തൻ്റെ മകൾക്ക് മാത്രമാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കൾക്ക് ആർക്കും പരിക്കില്ലാത്തത് സംശയാസ്പദമാണെന്നും ജെസീല പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മേപ്പാടി 900 കണ്ടിയിലെ '900 വെഞ്ചേഴ്സ്' എന്ന റിസോർട്ടിൽ ടെൻ്റ് തകർന്ന് വീണ് മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ മരിച്ചത്. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. കാലപ്പഴക്കം കാരണമാണ് ടെന്റ് തകർന്നുവീണതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സുരക്ഷിതമല്ലാത്ത ഹട്ടിൽ താമസിക്കാൻ അനുമതി ഉണ്ടായിരുന്നോ എന്ന ചോദ്യമാണ് മാതാവ് ഉയർത്തുന്നത്.
ALSO READ: "മുതലപ്പൊഴിയിൽ സംഘർഷം ഉണ്ടായിട്ടില്ല, ഇത് വിശപ്പിൻ്റെ പ്രശ്‌നം"; സമരസമിതി കൺവീനർ
അതേസമയം 900 കണ്ടിയിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ല കളക്ടർ ടൂറിസം സംഘടനകളുടെ യോഗം വിളിച്ചുചേർത്തു. കളക്ടറേറ്റിൽ രാവിലെ 11 മണിയോടെയാണ് യോഗം. അപകടം നടന്ന 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിന് ലൈസന്‍സില്ലായിരുന്നു എന്ന ആരോപണമുയർന്നിട്ടുണ്ട്. സമാനമായ രീതിയില്‍ പ്രദേശത്ത് മറ്റ് പല റിസോർട്ടുകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ മേപ്പാടിയിൽ പ്രവർത്തിക്കുന്ന മറ്റ് റിസോർട്ടുകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കളക്ടർ യോഗം വിളിച്ചിരിക്കുന്നത്.