ചേലക്കരയില്‍ ഇടതുകോട്ട കാത്ത് യു.ആര്‍. പ്രദീപ്. 12067 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ചേലക്കരയില്‍ പ്രദീപ് വിജയിച്ചു. രണ്ടാം തവണയാണ് ചേലക്കര മണ്ഡലത്തില്‍ യു.ആര്‍ പ്രദീപ് വിജയിച്ചു കയറുന്നത്.
ചേലക്കരയില്‍ യു.ആര്‍. പ്രദീപിനെതിരെ യുഡിഎഫ് നിര്‍ത്തിയത് രമ്യ ഹരിദാസിനെയായിരുന്നു. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ. രാധാകൃഷ്ണനോട് പരാജയപ്പെട്ട രമ്യ ഹരിദാസിനെ രാധാകൃഷ്ണന്റെ സ്വന്തം മണ്ഡലമായിരുന്ന ചേലക്കരയില്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ നിര്‍ത്തി പരാജയപ്പെടുത്താമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശം കൂടിയായ ചേലക്കരയില്‍ രമ്യയ്ക്ക് ഈസി വാക്കോവര്‍ ആണ് യുഡിഎഫ് പ്രതീക്ഷിച്ചതെങ്കിലും അത് സാധിച്ചില്ലെന്ന് ഫലം വ്യക്തമാക്കുന്നു.
ചേലക്കരയിലെ പൂരത്തിലെ വെടിക്കെട്ട് വിവാദമടക്കം വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണന്‍. എന്നാല്‍ ആദ്യ റൗണ്ട് വോട്ട് എണ്ണിത്തുടങ്ങിയപ്പോള്‍ തന്നെ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയിരുന്നു ഇടതു സ്ഥാനാര്‍ഥിയായ യു.ആര്‍. പ്രദീപ്.
2016ലായിരുന്നു യു.ആര്‍. പ്രദീപ് ചേലക്കര മണ്ഡലത്തില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ എ തുളസിയെ 10,200 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുആര്‍ പ്രദീപ് വിജയിച്ചത്. 2016ലേതിനേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ യു ആര്‍ പ്രദീപിന് സാധിച്ചു. എന്നാല്‍ 2021ല്‍ കെ രാധാകൃഷ്ണന് ലഭിച്ച ഭൂരിക്ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭൂരിപക്ഷം കുറവാണ്. 2021ല്‍ കെ രാധാകൃഷ്ണന്‍ 39,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.