സർക്കാരിന്റെ നിഷ്ക്രിയത്വം വേട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയെന്ന് കോടതിക്ക് ബോധ്യമായി എന്നും അദ്ദേഹം പറഞ്ഞു
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍. മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ല. സർക്കാർ വേട്ടക്കാർക്കൊപ്പമാണ് എന്നും എം.എം. ഹസന്‍ വിമർശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ ഹൈക്കോടതി നടത്തിയത് രൂക്ഷ വിമർശനമാണ്. ആ നിഷ്ക്രിയത്വം വേട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയെന്ന് കോടതിക്ക് ബോധ്യമായി എന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊലീസ് ആക്റ്റ് പ്രകാരമല്ല ഇറക്കിയിരിക്കുന്നതെന്നും, ഇത് അന്വേഷണത്തെ ബാധിക്കുമെന്നും എം.എം. ഹസന്‍ കൂട്ടിച്ചേർത്തു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള ഹൈക്കോടതി പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു. ഹൈക്കോടതിയുടെ പരാമര്‍ശം പ്രതിപക്ഷം പറഞ്ഞതിന് അടിവരയിടുന്നതാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം. റിപ്പോര്‍ട്ട് നാലര വര്‍ഷം ഒളിച്ചുവെച്ചത് എന്തിന് വേണ്ടിയായിരുന്നെന്നും റിപ്പോര്‍ട്ടിലെ കുറ്റകൃത്യങ്ങളുടെ പരമ്പരകളെ കുറിച്ച് അന്വേഷിക്കണമെന്നും പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു തന്നെയാണ് പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സര്‍ക്കാര്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?
ഇരകള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നിരിക്കുന്നു എന്നതാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പോക്‌സോ ആക്ടും ബിഎന്‍എസും അനുസരിച്ച് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും മറച്ചുവയ്ക്കുന്നതു തന്നെ ആറുമാസം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിൻ്റെ ആവശ്യപ്രകാരം അന്വേഷണത്തിന് വനിത ഐപിഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും രണ്ട് പുരുഷ ഉദ്യോഗസ്ഥരെ കൂടി സര്‍ക്കാര്‍ അതില്‍ ഉള്‍പ്പെടുത്തി. എന്നിട്ടും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചല്ല, റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം ഉണ്ടായ വെളിപ്പെടുത്തലുകളെ കുറിച്ച് മാത്രമാണ് സർക്കാർ അന്വേഷിക്കുന്നതെന്നും സതീശൻ വിമർശിച്ചു.