16 ടീമുകളുമായി തുടങ്ങിയ 2024-25 സീസണിൽ ഇനി കിരീടപ്പോരാട്ടത്തിൽ പരസ്പരം പോരടിക്കുന്നത് നാലു ടീമുകൾ മാത്രമാണ്.
ഇക്കുറി കിലിയൻ എംബാപ്പെ, ലാമിനെ യമാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ലക്ഷ്യമിടുന്നത് രണ്ടാം നേഷൻ ലീഗ് കിരീടമാണ്. എന്നാൽ കോച്ച് ജൂലിയൻ നാഗെൽസ്‌മാന് കീഴിൽ കന്നിക്കിരീടം തേടിയാണ് ആതിഥേയരായ ജർമനി ഇത്തവണ ബൂട്ട് കെട്ടിയിറങ്ങുന്നത്.
2019 മുതൽ ആരംഭിച്ച, യൂറോപ്പിൽ രണ്ടു വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന യുവേഫ നേഷൻസ് ലീഗിലെ സെമി ഫൈനൽ, ഫൈനൽ പോരാട്ടങ്ങൾക്ക് കാത്തിരിപ്പിലാണ് കാൽപന്ത് ലോകം. ടൂർണമെൻ്റിൽ ഇനി ശേഷിക്കുന്നത് നാല് നിർണായക മത്സരങ്ങൾ മാത്രമാണ്.
16 ടീമുകളുമായി തുടങ്ങിയ 2024-25 സീസണിൽ ഇനി കിരീടപ്പോരാട്ടത്തിൽ പരസ്പരം പോരടിക്കുന്നത് നാലു ടീമുകൾ മാത്രമാണ്. ലോക ഫുട്ബോളിലെ തന്നെ നാല് കാളക്കൂറ്റന്മാർ കൊമ്പുകോർക്കാനിരിക്കെ അത്യന്തം ആകാംഷയോടെ തീപാറും പോരാട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്ത്യൻ സമയം ജൂൺ 5ന് രാത്രി 12.30ന് നടക്കുന്ന സെമി പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും ടെർസ്റ്റീഗൻ്റെ ജർമനിയുമാണ് ഏറ്റുമുട്ടുക. മ്യൂണിച്ചിലെ അലൈൻസ് അരീനയിലാണ് സൂപ്പർ പോരാട്ടം നടക്കുക.
രണ്ടാം മത്സരം ജൂൺ ആറിന് രാത്രി 12.30ന് ജർമനിയിലെ സ്റ്റട്ട്‌ഗാർട്ടിൻ്റെ ഹോംഗ്രൗണ്ടായ MHP അരീനയിൽ വെച്ചാണ് അരങ്ങേറുക. കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രാൻസും, വണ്ടർ കിഡ് ലാമിനെ യമാലിൻ്റെ ചുറുചുറുക്കിനൊപ്പം ചുവടുവെക്കുന്ന സ്പെയിനുമാണ് രണ്ടാം സെമിയിൽ ഏറ്റുമുട്ടുക. ജൂൺ 7ന് വൈകിട്ട് 6.30നാണ് മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള പോരാട്ടം. ജൂൺ 8ന് രാത്രി 12.30നാണ് കലാശപ്പോരാട്ടം. ഇന്ത്യയിൽ സോണി സ്പോർട്സ് നെറ്റ്‌വർക്കാണ് നേഷൻസ് ലീഗിൻ്റെ ആവേശം ടെലിവിഷനിലൂടെ കാണികളുടെ മുന്നിലെത്തിക്കുന്നത്.
നേഷൻസ് ലീഗിൻ്റെ ലഘുചരിത്രം
2019ൽ പോർച്ചുഗലിലെ പോർട്ടോയിൽ വെച്ച് നടന്ന യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ കരുത്തരായ നെതർലൻഡ്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ജേതാക്കളായിരുന്നു. 60-ാം മിനിറ്റിൽ ഗൊൺസാലോ ഗ്വെഡസിൻ്റെ ഷോട്ട് നെതർലൻഡ്‌സ് ഗോൾകീപ്പർ ജാസ്പർ സിലസന്റെ വിരലുകളിലുരുമ്മി വലിയലേക്ക് വീണതോടെ ആതിഥേയരായ പോർച്ചുഗൽ മുന്നിലെത്തി. ഈ ഗോളിൻ്റെ കരുത്തിൽ പ്രഥമ യുവേഫ നേഷൻസ് ലീഗ് ചാംപ്യന്മാരായി പറങ്കിപ്പട മാറി. മൂന്ന് ഗോളുകളുമായി ക്രിസ്റ്റ്യാനോ തന്നെയാണ് ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടിയത്. ബെർണാഡോ സിൽവ ടൂർണമെൻ്റിൻ്റെ താരവുമായി. "സ്വന്തം കാണികൾക്ക് മുന്നിൽ ഈ കിരീടം നേടാനായത് വലിയ ബഹുമതിയാണ്" എന്നാണ് ക്രിസ്റ്റ്യാനോ അന്ന് മത്സര ശേഷം പറഞ്ഞത്.
പിന്നീട് 2021ൽ മിലാനിൽ വെച്ച് നടന്ന ഫൈനലിൽ, കരുത്തരായ സ്പാനിഷ് പടയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ഫ്രാൻസ് കിരീടത്തിൽ മുത്തമിട്ടു. 2023ൽ റോട്ടർഡാമിൽ വെച്ച് നടന്ന നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനിന് പരമാവധി വെല്ലുവിളി ഉയർത്തിയാണ് ലൂക്ക മോഡ്രിച്ചിനെ ക്രൊയേഷ്യ തോൽവി സമ്മതിച്ചത്. നിശ്ചിത സമയത്ത് ക്രൊയേഷ്യയും സ്പെയിനും ഗോൾരഹിത സമനില പാലിച്ചതോടെ, മത്സരം അധികസമയത്തേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ടു. ഷൂട്ടൗട്ടിൽ 5-4ന് ജയം നേടി സ്പാനിഷ് ടീം ചാംപ്യന്മാരായി.
1. പോർച്ചുഗൽ
കളിച്ച എട്ടിൽ ഏഴ് മത്സരങ്ങളിലും തോൽവിയറിയാതെയാണ് പറങ്കിപ്പട അവസാന നാലിലേക്ക് എത്തുന്നത്. അഞ്ച് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് പോർച്ചുഗലിൻ്റെ സമ്പാദ്യം. 18 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ എട്ടെണ്ണം വഴങ്ങുകയും ചെയ്തു. റോബർട്ടോ മാർട്ടിനസിന് കീഴിൽ മികച്ച ഫോമിലാണ് പോർച്ചുഗൽ എത്തുന്നത്.
കരുത്തരായ ഡെന്മാർക്കിനോട് ക്വാർട്ടർ ഫൈനലിൻ്റെ ആദ്യപാദത്തിൽ 1-0ൻ്റെ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയെങ്കിലും, പറങ്കിപ്പട രണ്ടാം പാദത്തിൽ 5-2ൻ്റെ വ്യത്യാസത്തിൽ സെമിയിലേക്ക് മാർച്ച് ചെയ്യുന്നതാണ് കണ്ടത്.
ലെജൻഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗീസ് ടീമിനും ആഴമേറെയാണ്. 2024-25 സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ഒരു അസിസ്റ്റുമടക്കം ഗോൾവേട്ടയിൽ മുന്നിലാണ് റൊണാൾഡോ. ഇതുവരെ ടൂർണമെൻ്റിലാകെ 30 ഗോൾ അറ്റംപ്റ്റുകളാണ് ഈ 40കാരൻ നടത്തിയിട്ടുള്ളത്. 219 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ നിന്ന് 136 ഗോളുകൾ സ്വന്തമായുള്ള CR7നാണ് നിലവിൽ ഫുട്ബോൾ ചരിത്രത്തിലെ ടോപ് സ്കോറർ.
ഡിയോഗോ ജോട്ടയും റാഫേൽ ലിയോയും ജോവോ ഫെലിക്സും ഗോൺസാലോ റാമോസുമെല്ലാം ചേരുന്ന പറങ്കിപ്പടയ്ക്ക് ഗോളടി മികവിന് കുറവൊട്ടുമില്ല. ക്രിസ്റ്റ്യാനോ തന്നെയാണ് ടൂർണമെൻ്റിലെ ടോപ് സ്കോറർ.
30നോടടുത്ത് പ്രായമുള്ള പരിചയസമ്പന്നരായ ബ്രൂണോ ഫെർണാണ്ടസും ബെർണാർഡോ സിൽവയും റൂബൻ നെവസും അണിനിരക്കുന്ന മിഡ് ഫീൽഡർ ലോക നിലവാരമുള്ള താരങ്ങളാണ്. മിഡ് ഫീൽഡ് നിയന്ത്രിക്കാൻ അവർക്ക് പിന്തുണയുമായി ജോവോ നെവ്സ്, ജോവോ പലീഞ്ഞ, പെഡ്രോ ഗോൺസാൽവസ്, വിറ്റിഞ്ഞ എന്നിവരുമെത്തും.
അതേസമയം, പ്രതിരോധത്തിൽ അൻ്റോണിയോ സിൽവ, ഡിയോഗോ ദലോട്ട്, ഗോൺസാലോ ഇനാസിയോ, നെൽസൺ സെമെഡോ, നൂനോ മെൻഡസ്, നൂനോ തവാരസ്, റെനാറ്റോ വീ, റ്യൂബെൻ ഡിയാസ് തുടങ്ങിയ വമ്പൻ പേരുകാരും അണിനിരക്കുന്നു. ഡിയഗോ കോസ്റ്റ, ജോസെ സാ, റൂയി സിൽവ എന്നീ ഗോൾ കീപ്പർമാരിൽ പതിവ് പോലെ തന്നെ ഡിയഗോ കോസ്റ്റ തന്നെയാകും ഗോൾവല കാക്കുക.
ALSO READ: "ഗ്രാസി, അൻ്റോണിയോ കോണ്ടെ"; മറഡോണയുടെ പിൻഗാമികൾക്ക് വീണ്ടും കിരീടം സമ്മാനിച്ചതിന്!
2. സ്പെയിൻ
ലൂയിസ് ഡി ലാ ഫ്യൂണ്ടെ എന്ന പരിശീലകന് കീഴിൽ മികച്ച ഫോമിലാണ് സ്പാനിഷ് പടയുള്ളത്. എക്കാലത്തും പ്രതിരോധവും ആക്രമണവും ഒന്നിനൊന്ന് മെച്ചപ്പെടുത്തിയാണ് സ്പാനിഷ് ആർമി കളത്തിലെത്താറുള്ളത്. ഇക്കുറിയും യുവത്വത്തിനും പരിചയസമ്പത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ടീമിനെയാണ് സ്പെയിൻ കളത്തിലിറക്കിയത്.
32കാരനായ അൽവാരോ മൊറാറ്റയും 31കാരൻ അയോസെ പെരസുമാണ് ടീമിലെ സീനിയേഴ്സ്. മറ്റുള്ളവരെല്ലാം മുപ്പതിലും അതിന് താഴെയുമൊക്കെ പ്രായമുള്ളവരാണ്. 17കാരനായ ലാമിൻ യമാൽ, 21കാരൻ സാമു, 25കാരൻ ഫെറാൻ ടോറസ്, 27കാരൻ ഡാനി ഓൾമോ എന്നിവർ കൂടിയാകുന്നതോടെ ചെമ്പട എത്തുന്നത് പതിവ് പോലെ കിരീടത്തിൽ കണ്ണുവെച്ചാണ്.
വല്യേട്ടന്മാരായ ഫാബിയൻ റൂയിസും മൈക്കൽ ഒയർസബാലും മൈക്കൽ മെറിനോയും നയിക്കുന്ന മധ്യനിരയിലേക്ക്, ചെറുപ്പക്കാരായ പെഡ്രിയും നിക്കോ വില്യംസും കൂടിയെത്തുന്നതോടെ ടീമിന് മൂർച്ചയേറും. പൗ കുബാർസിയും മാർക്ക് കുക്കുറെല്ലയും റൗൾ അസെൻസിയോയും ചേരുന്ന പ്രതിരോധ മതിലും അതിശക്തമാണ്. സ്പാനിഷ് ഗോൾവലയ്ക്ക് കീഴെ ഉരുക്കുമുഷ്ടികളുമായി ഡേവിഡ് റായയും അലെക്സ് റെമിറോയും വലകാക്കാനുണ്ട്. 2024ലെ യൂറോ ചാംപ്യന്മാർ മികച്ച ഫോമിലാണ്.
നേഷൻസ് ലീഗിൽ കളിച്ച കഴിഞ്ഞ 8 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ചെമ്പടയുടെ വരവ്. അഞ്ച് ജയവും മൂന്ന് സമനിലയുമാണ് സ്പെയിനിൻ്റെ സമ്പാദ്യം. 18 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ 9 എണ്ണം മാത്രമാണ് വഴങ്ങിയത്. മൂന്ന് ക്ലീൻ ഷീറ്റുകളും നേടാനായിട്ടുണ്ട്.
3. ഫ്രാൻസ്
സ്പെയിനിനെതിരായ യുവേഫ നേഷൻസ് ലീഗ് സെമി ഫൈനൽ പോരാട്ടത്തിനുള്ള 25 അംഗ ഫ്രഞ്ച് ടീമിനെ കോച്ച് ദിദിയർ ദെഷാംപ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. റയൽ മാഡ്രിഡ് താരങ്ങളായ കിലിയൻ എംബാപ്പെയും ഔറേലിയൻ ചൗമേനിയും ടീമിലിടം നേടിയിട്ടുണ്ട്. ദെഷാംപ്സിന്റെ മിഡ്ഫീൽഡ് റൊട്ടേഷനിൽ ചൗമേനി ഇപ്പോഴും ഒരു സുപ്രധാന താരമാണ്. ടീമിന്റെ ക്യാപ്റ്റനും സ്ട്രൈക്കറുമായ എംബാപ്പെയുടെ ഗോളടി മികവ് നേഷൻസ് ലീഗിലും തുടരുമെന്ന പ്രത്യാശയിലാണ് ഫ്രഞ്ച് ക്യാമ്പ്.
കളിച്ച എട്ടിൽ അഞ്ച് ജയവും ഒരു സമനിലയും രണ്ട് തോൽവികളും സഹിതമാണ് അവസാന നാലിലേക്ക് ഫ്രാൻസ് എത്തുന്നത്. ടൂർണമെൻ്റിൽ ഇതേവരെ 14 ഗോളുകൾ വഴങ്ങിയ മുൻ ലോക ചാംപ്യൻമാർ, 8 ഗോളുകൾ വഴങ്ങുകയും ചെയ്തു. മൂന്ന് മത്സരങ്ങളിൽ ക്ലീൻ ഷീറ്റുകളും നേടി.
പിഎസ്‌ജി താരങ്ങളായ ഔസ്മാൻ ഡെംബെലെ, ഡെസിരെ ഡൗ, ബ്രാഡ്‌ലി ബാർകോള എന്നിവരോടൊപ്പം റാൻഡൽ കോലോ മുവാനി (യുവൻ്റസ്), മൈക്കൽ ഒലിസ് (ബയേൺ മ്യൂണിക്), മാർക്കസ് തുറാം (ഇൻ്റർമിലാൻ), റയാൻ ചെർക്കി (ലിയോൺ) എന്നിവരും മുന്നേറ്റനിരയിൽ ആക്രമണത്തിന് കോപ്പുകൂട്ടും.
ALSO READ: 'നിറഞ്ഞ മനസ്സോടെ പടിയിറങ്ങുകയാണ്'; റയല്‍ മാഡ്രിഡിനോട് വിടപറയാനൊരുങ്ങി മോഡ്രിച്ച്
ചൗമേനിക്ക് പുറമെ മധ്യനിരയിൽ കളിമെനയാൻ പ്രാപ്തരായ മാറ്റോ ഗ്വെൻഡൂസി (ലാസിയോ), മനു കോനെ (റോമ ), അഡ്രിയൻ റാബിയോട്ട് (മാർസെയിൽ), വാറൻ സയർ-എമറി (പിഎസ്‌ജി) എന്നിവരുണ്ട്. എസി മിലാൻ ഗോൾകീപ്പറായ മൈക്ക് മൈഗ്നാൻ, ലില്ലെയുടെ ലൂക്കാസ് ഷെവലിയർ, റെന്നസിൻ്റെ ബ്രൈസ് സാംബ എന്നിവരും ഗോൾവല കാക്കാനുണ്ട്. പ്രതിരോധക്കോട്ട കെട്ടാൻ ഇബ്രാഹിമ കൊണാറ്റെ, ബെഞ്ചമിൻ പവാർഡ്, തിയോ ഹെർണാണ്ടസ്, ലൂക്കാസ് ഹെർണാണ്ടസ്, ക്ലെമൻ്റ് ലെങ്‌ലെറ്റ്, പിയറി കലുലു തുടങ്ങിയ പ്രമുഖരുമുണ്ട്.
4. ജർമനി
കോച്ച് ജൂലിയൻ നാഗെൽസ്‌മാന് കീഴിൽ ഒരുപിടി ന്യൂജനറേഷൻ താരങ്ങളുമായാണ് ആതിഥേയരായ ജർമനി നേഷൻസ് ലീഗ് സെമിയിൽ പോർച്ചുഗലിനെ നേരിടാനെത്തുന്നത്. കഴിഞ്ഞ മൂന്ന് തവണയും കൈയെത്തിപ്പിടിക്കാനാകാത്ത നേഷൻസ് ലീഗ് കിരീടത്തിൽ ആദ്യമായി മുത്തമിടാനുറപ്പിച്ചാണ് അവരുടെ വരവ്. നേഷൻസ് ലീഗിൽ കന്നിക്കിരീടം തേടിയിറങ്ങുമ്പോൾ പരിക്കാണ് ജർമനിയെ വിഷമിപ്പിക്കുന്നത്.
ഈ സീസണിൽ കളിച്ച എട്ട് മാച്ചിൽ അഞ്ച് ജയവും മൂന്ന് സമനിലയുമായി തോൽവിയറിയാതെയാണ് ജർമൻ യുവനിരയുടെ വരവ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ, എട്ടെണ്ണം മാത്രമാണ് തിരികെ വഴങ്ങിയത്. മൂന്ന് ക്ലീൻ ഷീറ്റുകളും നേടാനായി.
ഹാംസ്ട്രിംഗ് ഇൻജുറിക്ക് ശേഷം ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന കൈ ഹാവെർട്‌സും, പരിക്കേറ്റ ജമാൽ മുസിയാല, അൻ്റോണിയോ റൂഡിഗർ, ടിം ക്ലീൻഡിയൻസ്റ്റ്, നിക്കോ ഷ്ലോട്ടർബെക്ക് എന്നിവരില്ലാതെയാണ് ജർമനി സെമി കളിക്കാനെത്തുന്നത്. പകരക്കാരായി ഫ്ലോറിയൻ വിർട്സ്, വാൾഡെമർ ആൻ്റൺ, അലക്സാണ്ടർ പാവ്‌ലോവിച്ച്, നിക്ലാസ് ഫ്യൂവൽക്രഗ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്റ്റട്ട്ഗാർട്ട് സ്ട്രൈക്കർ നിക്ക് വോൾട്ടമേഡ്, ബയേൺ മ്യൂണിക്ക് മിഡ് ഫീൽഡർ ടോം ബിഷപ്പ് എന്നിവരെയും ടീമിലെത്തിച്ച് ടീമിനെയാകെ അഴിച്ചുപണിഞ്ഞിട്ടുണ്ട്.
മ്യൂണിക്കിൽ ഫൈനൽ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് കോച്ച് ജൂലിയൻ നാഗെൽസ്‌മാൻ പറയുന്നത്. "ടിം ക്ലൈൻഡിയെൻസ്റ്റിൻ്റെ അഭാവത്തിൽ മുന്നേറ്റനിരയിൽ നിക്ക് വോൾട്ടെമേഡ് നല്ലൊരു ഓപ്ഷനാണ്. കഴിവിൻ്റെ പരമാവധി നന്നായി കളിക്കാനായാൽ നമുക്ക് പോർച്ചുഗലിനെ തോൽപ്പിക്കാൻ കഴിയും. അതാണ് ഞങ്ങളുടെ ലക്ഷ്യം. ഫൈനലിലെത്താൻ സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യും," എന്നാണ് ജർമൻ കോച്ചിൻ്റെ വിലയിരുത്തൽ.
2014ലാണ് ജർമനി അവസാനമായി ലോകകപ്പ് നേടിയത്. അവർ കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി നാണംകെട്ടിരുന്നു. 2023 സെപ്റ്റംബറിലാണ് ജൂലിയൻ നാഗെൽസ്മാൻ കോച്ചായി ചുമതലയേറ്റത്. പിന്നാലെ ജർമനിയെ സ്വന്തം മണ്ണിൽ വെച്ച് നടന്ന 2024 യൂറോ കപ്പിൽ ക്വാർട്ടർ ഫൈനൽ വരെയെത്തിച്ചിരുന്നു. ഇപ്പോഴിതാ നേഷൻസ് ലീഗ് സെമി യോഗ്യതയും ജർമനി നേടിക്കഴിഞ്ഞു. മുൻ ബയേൺ മ്യൂണിക് പരിശീലകനുമായി 2028 വരെ ജർമൻ ടീം കരാർ നീട്ടിയിട്ടുണ്ട്.