സംഘർഷ മേഖലകളിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഡേവിഡ് ലാമി
ഇന്ത്യ-പാക് സംഘർഷങ്ങളിൽ ആശങ്ക പങ്കുവെച്ച് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. സാഹചര്യങ്ങൾ കൂടുതൽ വഷളാകും മുന്നേ ഇരു രാജ്യങ്ങളും നയപരമായി പ്രശ്നങ്ങൾ പരിഹരിക്കം. സ്ഥിതിഗതികളെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും യുകെ പ്രതിനിധിമാരോട് ആശയവിനിമയം നടത്തി. സംഘർഷ മേഖലകളിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഡേവിഡ് ലാമി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
ഇരു വിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും, അമേരിക്കയും, ചൈനയും അഭ്യർത്ഥിച്ചു. സംഘർഷം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. കാലങ്ങളായുള്ള സംഘർഷവും അനിശ്ചിതത്വവും ഇന്ത്യ-പാക് അതിർത്തിയിലുണ്ട്. അവിടെ സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നാണ് പ്രത്യാശയെന്നും യുഎസ് വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനുമായും നല്ല ബന്ധമെന്നും ഇപ്പോളുള്ള സംഘർഷം ഒഴിവാക്കി സംയമനം തിരിച്ചുപിടിക്കണമെന്നും വാർത്താക്കുറിപ്പിലൂടെ ചൈനയും വ്യക്തമാക്കി. ഇരുവിഭാഗങ്ങളും സംഘർഷങ്ങൾ ഒഴിവാക്കണമെന്ന് തന്നെയാണ് യുഎഇ ഭരണകൂടവും പ്രതികരിച്ചത്. അതേസമയം, ഇന്ത്യയുടെ നീക്കത്തെ പിന്തുണച്ചാണ് ഇസ്രയേൽ രംഗത്തെത്തിയത്.