
പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിയിൽ പ്രതികരിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യാ-പാക് സംഘർഷം ലജ്ജാകരമാണ് എന്നാണ് ട്രംപിൻ്റെ പ്രതികരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കി.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 1,500 വർഷമായി സംഘർഷഭരിതമായ ബന്ധമുണ്ടെന്നാണ് പഹൽഗാം ആക്രമണത്തിന് പിന്നാലെ ട്രംപ് പ്രതികരിച്ചത്. ഇരു രാജ്യങ്ങളുമായും തനിക്ക് അടുപ്പമുണ്ടെന്നും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയോ പരാമർശിക്കാതെയാണ്, രണ്ട് നേതാക്കളെയും തനിക്ക് അറിയാമെന്ന് ട്രംപ് പറഞ്ഞത്. 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ യുഎസ് ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന് ചൈനയുടെ പിന്തുണയെന്ന വാർത്തകൾ വന്നതിനു തൊട്ടടുത്ത ദിവസമാണ് യുഎസിൻ്റെ പരസ്യ പിന്തുണ ഇന്ത്യക്ക് ലഭിച്ചത്.
ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി പൂർത്തിയാക്കിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യത്തിൻ്റെ പ്രതികരണം. ഏപ്രിൽ 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയെന്നോളമാണ് ഇന്ത്യൻ സൈന്യത്തിൻ്റെ നീക്കം.