വാഷിങ്ടണുമായുള്ള ധാതുകരാർ തള്ളി യുക്രെയ്ൻ പ്രസിഡൻ്റ് ; ദീർഘവീക്ഷണമില്ലാത്ത തീരുമാനമെന്ന് വൈറ്റ് ഹൗസ്

ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസിലാണ് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് യുക്രെയ്നു മുന്നിൽ കരാർ അവതരിപ്പിച്ചത്. ഇപ്പോൾ യുക്രെയ്ന് നൽകി വരുന്ന ആയുധ- സാമ്പത്തിക സഹായത്തിന് പകരം അപൂർവ്വ പ്രകൃതിവിഭവങ്ങൾ യുഎസിനു നൽകണമെന്നാണ് കരാർ.
വാഷിങ്ടണുമായുള്ള ധാതുകരാർ തള്ളി യുക്രെയ്ൻ പ്രസിഡൻ്റ് ; ദീർഘവീക്ഷണമില്ലാത്ത തീരുമാനമെന്ന്  വൈറ്റ്  ഹൗസ്
Published on

വാഷിങ്ടണുമായുള്ള ധാതുകരാറിൽ ഒപ്പുവെയ്ക്കാൻ വിസമ്മതിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലന്‍സ്കി.  യുക്രെയ്ൻ്റെ ധാതു സ്രോതസ്സുകളുടെ 50 ശതമാനം ഉടമസ്ഥാവകാശമാണ് അമേരിക്ക ആവശ്യപ്പെട്ടത്. കരാർ തള്ളാനുള്ള യുക്രെയ്ൻ്റെ തീരുമാനം ദീർഘവീക്ഷണമില്ലാത്തതാണെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു.

ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസിലാണ് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് യുക്രെയ്നു മുന്നിൽ കരാർ അവതരിപ്പിച്ചത്. ഇപ്പോൾ യുക്രെയ്ന് നൽകി വരുന്ന ആയുധ- സാമ്പത്തിക സഹായത്തിന് പകരം അപൂർവ്വ പ്രകൃതിവിഭവങ്ങൾ യുഎസിനു നൽകണമെന്നാണ് കരാർ.

എന്നാൽ പ്രകൃതി വിഭവങ്ങൾ നൽകുന്നതിനു പകരം യുക്രെയ്ന് ഒരു സുരക്ഷയും അമേരിക്ക വാഗ്ദാനം ചെയ്യുന്നില്ലെന്ന് സൂചിപ്പിച്ചാണ് യുക്രെയ്ൻ കരാറിൽ ഒപ്പുവെയ്ക്കാൻ വിസമ്മതിച്ചത്. യുക്രെയ്ൻ്റെ താൽപ്പര്യങ്ങളെ സംരക്ഷിക്കാത്ത ഒരു കരാറിലും ഒപ്പിടരുതെന്ന് മന്ത്രിമാർക്ക് നിർദേശം നൽകിയതായും യുക്രെയ്ൻ പ്രസിഡൻ്റ് വ്ളോഡിമർ സെലന്‍സ്കി പറഞ്ഞു.

അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് ബുധനാഴ്ചയാണ് കരാർ യുക്രെയ്ന് കൈമാറിയത്. എന്നാൽ കരാർ നിരസിക്കാനുള്ള സെലൻസ്കിയുടെ തീരുമാനം ദീർഘവീക്ഷണമില്ലാത്തതാണെന്ന് വൈറ്റ് ഹൌസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ബ്രയാൻ ഹ്യൂസ് പ്രതികരിച്ചു.

ആണവ , പ്രതിരോധ വ്യോമയാന മേഖലകളുടെ വികസനത്തിനു സഹായിക്കുന്ന ധാരാളം ധാതുക്കളുടെ ശേഖരമുള്ള രാജ്യമാണ് യുക്രെയ്ൻ. ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാനാണ് ട്രംപ് ഈ കരാർ ആവിഷ്കരിച്ചത്. എന്നാൽ യുക്രെയ്ന് സൈനിക സഹായം ഉറപ്പു നൽകണമെന്നായിരുന്നു സെലൻസ്കിയുടെ ഉപാധി.

അതേസമയം, റഷ്യ യുക്രെയ്ന്‍ സമാധാന ചർച്ചകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. യുഎസ്- റഷ്യ ഉന്നതതല കൂടിക്കാഴ്ച സൌദിയില്‍ നടക്കുമെന്നാണ് റിപ്പോർട്ടുകള്‍. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ വാൾട്‌സ്, ട്രംപിന്‍റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവരടക്കം മുതിർന്ന വൈറ്റ് ഹൗസ് പ്രതിനിധികള്‍ ചർച്ചയുടെ ഭാഗമാകും. അതേസമയം, സൗദിയിലെ ചർച്ചകൾക്ക് യുക്രെയ്നെ ക്ഷണിച്ചിട്ടില്ലെന്നാണ് യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളോഡിമർ സെലന്‍സ്കി അറിയിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com