
ഗാസ വെടിനിർത്തലിന്‍റെ രണ്ടാംഘട്ട ചർച്ചകള്‍ ഈയാഴ്ച ആരംഭിക്കുമെന്ന് ട്രംപിന്‍റെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്. ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഖത്തർ പ്രധാനമന്ത്രി അദ്ബുൽറഹ്മാൻ അൽ താനി, ഈജിപ്ഷ്യൻ ഇൻ്റലിജൻസ് മേധാവി ഹസൻ റഷാദ് എന്നിവരുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായി വിറ്റ്‌കോഫ് ഫോക്സ് ന്യൂസിനോടു പറഞ്ഞു. ചർച്ചകള്‍ എവിടെവെച്ചായിരിക്കുമെന്ന് നിർണയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ആദ്യഘട്ടചർച്ചകള്‍ ദോഹയിലാണ് നടന്നത്. കരാർപ്രകാരം, കഴിഞ്ഞയാഴ്ചയാണ് രണ്ടാംഘട്ട ചർച്ചകളാരംഭിക്കേണ്ടിയിരുന്നത്.
വെടിനിർത്തലിൻ്റെ ഭാഗമായുള്ള ഒന്നാം ഘട്ടത്തിലെ ആറാമത്തെ ബന്ദിമോചനം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ശനിയാഴ്ച ഖാൻ യൂനിസിൽ വെച്ച് മൂന്ന് ഇസ്രയേൽ ബന്ദികളെക്കൂടി ഹമാസ് മോചിപ്പിച്ചു. അമേരിക്ക, റഷ്യ, അർജൻ്റീന പൌരത്വമുള്ള സാഷ ത്രുഫാനോവ്, സഗുയി ഡെകെൽ-ചെൻ , യെയ്ർ ഹോൺ എന്നിവരെയാണ് ഖാൻ യൂനിസിൽ വെച്ച് ഹമാസ് മോചിപ്പിച്ചത്. പകരമായി ജീവപര്യന്തം തടവ് അനുഭവിക്കുന്ന 36 പേരുൾപ്പെടെ 369 പലസ്തീനികളെ ഇസ്രയേൽ മോചിപ്പിച്ചു. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചിരുന്നു.
ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട്, തീരുമാനിക്കപ്പെട്ടതു പോലെ ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് ബന്ദി കൈമാറ്റം നടന്നത്. ഇസ്രയേൽ ബന്ദികളെ ഹമാസ് വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിച്ച് ഗാസയിൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും മുന്നറിയിപ്പു നൽകിയിരുന്നു.
ഗാസ വെടിനിർത്തൽ കരാറിലെ ആദ്യഘട്ടത്തിൻ്റെ ഭാഗമായി ഇതുവരെ അഞ്ച് തായ് പൌരന്മാരടക്കം, 24 ഇസ്രയേൽ ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്. 1135പലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. ഒക്ടോബർ ഏഴിലെ ആക്രമണത്തിലൂടെ ഹമാസ് ബന്ദിയാക്കിയവരിൽ 33 പേരെയും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 2,000 പലസ്തീൻ തടവുകാരും മോചിതരാകുന്നതാണ് കരാറിൻ്റെ ആദ്യഘട്ടം.