
നാലോ അഞ്ചോ വയസ്സുള്ള ഒരു പെൺകുട്ടി. അവൾ കാൻസർ ബാധിതയാണ്. പക്ഷെ, അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ട്. കഥകളില്‍ പറയാറുള്ള പ്രകാശം പരത്തുന്ന അതേ പെണ്‍കുട്ടി. പൊടുന്നനെ ആ പുഞ്ചിരിക്കു മീതെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ വന്നു വീണു. അരികിലുണ്ടായിരുന്ന അമ്മ അവളെ അവശിഷ്ടങ്ങൾക്കിടയിൽ തിരഞ്ഞുകൊണ്ടിരുന്നു. ഏതെങ്കിലും ഹൃദയഹാരിയായ സിനിമയുടെയോ നോവലിലെയോ ഭാഗമല്ലിത്. റഷ്യന്‍ ആയുധപ്പുരകള്‍ തകര്‍ത്തെറിഞ്ഞ യുക്രെയ്ന്‍ എന്ന യാഥാര്‍ഥ്യമാണ്.
ജൂലൈ എട്ടിന് യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ശിശുരോഗ ആശുപത്രിക്കു മേൽ നടന്ന റഷ്യൻ ബോംബിങ്ങിൽ 22 പേരാണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് ഒമ്പതിന് മരിയോപോളിലെ ആശുപത്രിയുടെ മുറ്റത്തേക്കു വീണ ബോംബ് പൊട്ടിത്തെറിച്ച് പ്രസവ-ശിശുരോഗ യൂണിറ്റുകൾ പൂർണമായി തകർന്നിരുന്നു. അന്നും കുട്ടികള്‍ കൊല്ലപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ മേൽനോട്ട മിഷന്‍റെ കണക്കുകൾ പ്രകാരം ജൂൺ വരെ റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിൽ 9560 സാധാരണക്കാർ കൊല്ലപ്പെടുകയും കുറഞ്ഞത് 21450 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധം ബാധിച്ചത് 1796 കുട്ടികളെയാണ്. അതില്‍ 594 കുട്ടികളാണ് യുക്രെയ്നിൽ കൊല്ലപ്പെട്ടത്.
പരിഷ്കൃതം എന്ന് സ്വയം അഭിസംബോധന ചെയ്യുന്ന സമൂഹത്തിൽ 'യുദ്ധം' എന്നതുതന്നെ ചേരുംപടിയിൽ ചേരാതെ മാറി നിൽക്കുന്ന വാക്കാണ്. എന്നിട്ടും യുദ്ധങ്ങൾ നടക്കുന്നു. അതിൽ കുട്ടികളടക്കം കൊല്ലപ്പെടുന്നു. എന്തിനായിരിക്കും യുദ്ധങ്ങളിൽ കുട്ടികളെ ഇരയാക്കുന്നത്? തങ്ങൾ എന്തും ചെയ്യും എന്ന് കാണിക്കാനുള്ള കുബുദ്ധിയോ? തലമുറയെ ഇല്ലാതാക്കി ഒരു രാജ്യത്തെ മുരടിപ്പിച്ച് നിർത്താനുള്ള തന്ത്രമോ? ചില സിനിമകളിൽ വില്ലൻ മനുഷ്യത്വരഹിതനാണെന്ന് കാണിക്കാൻ അയാളുടെ കയ്യിലേക്ക് പാവയെ പോലെ ഒരു കുട്ടിയെ ഏൽപ്പിക്കുന്നത് കണ്ടിട്ടില്ലേ. നമ്മുടെ ശ്വാസഗതി വർധിപ്പിച്ചു കൊണ്ട് അയാള്‍ ആ കുട്ടിയെ വലിച്ചെറിഞ്ഞേക്കാം. ഒടുവിൽ 'അവനോട് അടുക്കേണ്ട' എന്ന് കാഴ്ചക്കാര്‍ തന്നെ പറയുന്നൊരു അവസ്ഥയുണ്ടാകും. റഷ്യയെ നയിക്കുന്നത് അത്തരമൊരു ചിന്തയുമാകാം.
'അതിമനുഷ്യനാണ്' എന്ന ചിന്തയുള്ളയാളാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ. യുക്രെയ്ന്‍റെ അമേരിക്കൻ സൗഹൃദമോ നാറ്റോ ബന്ധമോ അല്ല ഇപ്പോൾ പ്രശ്നം. വൊളോഡിമര്‍ സെലൻസ്കിയും യുക്രെയ്ൻ ജനതയുമാണ്. ഒരു കുഞ്ഞൻ രാജ്യത്തെയും അത് ഭരിക്കുന്ന ദുർബലമായ ഭരണകൂടത്തെയും വിഴുങ്ങാം എന്ന് വിചാരിച്ച റഷ്യൻ തിമിംഗലത്തിന്‍റെ വയറിനു പാകമായിരുന്നില്ല യുക്രെയ്ൻ ജനത. അവർ സൈന്യത്തിനൊപ്പം പ്രതിരോധ കോട്ട കെട്ടി. മൊളറ്റോവ് കോക്ക്റ്റൈലുകൾ ആയുധമാക്കി. അതോടെ അധിനിവേശത്തിന്‍റെ സ്വഭാവവും മാറി.
85 ദിവസം നീണ്ട ആക്രമണങ്ങൾ വേണ്ടി വന്നു റഷ്യക്ക് മരിയോപോൾ എന്ന നഗരം പിടിച്ചടക്കാൻ. നഖങ്ങൾക്കിടയിൽ കുടുങ്ങിയ എലിയെ പൂച്ച സമയമെടുത്ത് ഭക്ഷിക്കുന്നതു പോലെയായിരുന്നു അത്. യുക്രെയ്ൻ സർക്കാർ പിന്തുണയുള്ള ഗ്ലോബൽ റൈറ്റ്സ് കംപ്ലൈൻസ് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ജനങ്ങളെ 'പട്ടിണിക്കിട്ടാണ്' റഷ്യ മരിയോപോള്‍ പിടിച്ചടക്കിയത്. വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവ ഇല്ലാതെ 10 ഡിഗ്രി സെൽഷ്യസിന് താഴെ ജനങ്ങൾക്ക് കഴിയേണ്ടി വന്നു. പട്ടിണിയിൽ അനേകർ മരിച്ചുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു.
നാല് ഘട്ടങ്ങളായാണ് റഷ്യ മരിയോപോളിനെ ആക്രമിച്ചത്. ആദ്യം അവിടുത്തെ തന്ത്രപ്രധാനമായ കെട്ടിട സമുച്ചയങ്ങൾ ഇല്ലാതെയാക്കി. പിന്നീട് ജലം, താപ സംവിധാനം, വൈദ്യുതി എന്നിവ വിച്‌ഛേദിച്ചു. മൂന്നാമതായി സാധാരണക്കാർ വെള്ളത്തിനും രോഗ ശുശ്രൂഷകള്‍ക്കുമായി ആശ്രയിക്കുന്ന ഇടങ്ങളില്‍ ബോംബുകൾ വർഷിക്കപ്പെട്ടു. അവസാനമായി, ശേഷിച്ച സംവിധാനങ്ങളെ എല്ലാം റഷ്യൻ സേന പിടിച്ചടക്കി. മരിയോപോൾ എന്ന പ്രദേശം റഷ്യൻ അധീനതയിലായി. എന്നാൽ ആ ജനത ഇന്നും റഷ്യ ചെയ്ത യുദ്ധക്കുറ്റത്തിന്‍റെ തെളിവായി അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലുണ്ട്.
അന്തരാഷ്ട്ര സമൂഹം റഷ്യക്കു മേൽ പലവിധ ഉപരോധനങ്ങൾ കൊണ്ടു വന്നു. നാൾക്കുനാൾ അതിന്‍റെ എണ്ണം കൂടിയിട്ടേയുള്ളു. യു.എസിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ അംഗ രാജ്യങ്ങൾ റഷ്യയെ വിമർശിക്കുകയും യുക്രെയ്‌ന് ആശ്വാസമായി സൈനിക സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ യുക്രെയ്‌ന് നാറ്റോ അംഗത്വം നൽകിയില്ല. ഭാവിയിൽ അംഗത്വം ലഭിക്കുമെന്നൊരു സൂചന മാത്രമാണ് ബാക്കിയായത്. യുദ്ധം എത്രയും വേഗം തീരട്ടെയെന്ന ആശംസകളും സഹതാപപ്രകടനങ്ങളും മാത്രമാണ് രാജ്യാന്തര സംഘടനകള്‍ക്കും സമൂഹത്തിനും നിര്‍വഹിക്കാനുള്ളത്. ഒരു ജനതയ്ക്ക് ഇതില്‍ കൂടുതല്‍ ഇനിയെന്താണ് അനുഭവിക്കാനുള്ളത്.
യുദ്ധത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ച് യുക്രെയ്ൻ കവി സെർഹി ഷാദാന്‍റെ കവിതയില്‍ ഇങ്ങനെ വായിക്കാം...
കഴിഞ്ഞ ശിശിരത്തിലവർ മകനെ അടക്കം ചെയ്തു
ഹേമന്തത്തിനിണങ്ങാത്ത കാലാവസ്ഥ -
ഇടിയും മഴയും
നിശബ്ദരായി അവരവനെ കുഴിച്ചിട്ടു
എല്ലാവരും തിരക്കിലാണ്
ആർക്കുവേണ്ടിയാണവൻ പോരാടിയത്?
ഞാൻ ചോദിച്ചു
ഞങ്ങൾക്കറിയില്ല, അവർ പറഞ്ഞു
അവൻ ആർക്കോവേണ്ടി പോരാടി,
അവർ പറഞ്ഞു
ഇപ്പോഴതിലെന്തു കാര്യം.
ഞാൻ തന്നെ അവനോട് ചോദിച്ചേനെ,
പക്ഷെ ഇപ്പോൾ അതിന്‍റെ ആവശ്യമില്ല
മാത്രമല്ല അവൻ മറുപടി തരുകയില്ല
തലയില്ലാതെ അവനെ അടക്കം ചെയ്തു കഴിഞ്ഞു.
യുക്രെയ്‌ന്‍ പൂർണമായി അധീനതയിലാകും വരെ റഷ്യ ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ല. എന്നാല്‍ അതിജീവനത്തിനായുള്ള പോരാട്ടം തുടരുമെന്ന സന്ദേശമാണ് യുക്രെയ്ന്‍ തരുന്നത്. യുക്രെയ്ന്‍ ആശുപത്രികളിലെ വൈദ്യുതിയില്ലാത്ത ഇരുണ്ട ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ഡോക്ടര്‍മാര്‍ ഹൃദയശസ്ത്രക്രിയകള്‍ നടത്തുന്നതും അതിന്റെ ഭാഗമാണ്. അതിജീവനം മാത്രമല്ലത്. ഒരു രാജ്യം തുടർച്ചയായ നേരിടുന്ന നീതി നിഷേധം കൂടിയാണ്. അതിനോട് പുറം തിരിഞ്ഞു നില്‍ക്കുകയെന്നാല്‍ മനുഷ്യനില്‍ നിന്നും മൂല്യങ്ങള്‍ ചോർന്നുപോയെന്നും കൂടിയാണ് അര്‍ത്ഥം.