"ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ യൂണിറ്റ് 8200"; എന്താണ് യൂണിറ്റ് 8200?

ആക്രമണ സ്വഭാവമേറെയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈടെക് ചാരസംഘടനയാണ് യൂണിറ്റ് 8200
"ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ യൂണിറ്റ് 8200"; എന്താണ്  യൂണിറ്റ് 8200?
Published on

ലബനനിലെ പേജർ ആക്രമണങ്ങൾക്ക് ശേഷം ഇസ്രയേലിൻ്റെ ഇലക്ട്രോണിക് ആക്രമണ രീതികൾ ചർച്ചയാവുകയാണ്. ഒടുവിൽ അത് എത്തിനിൽക്കുന്നത് ഇസ്രയേലിൻ്റെ സൈനിക യൂണിറ്റ് 8200ലും.

ആക്രമണ സ്വഭാവമേറെയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈടെക് ചാരസംഘടനയാണ് യൂണിറ്റ് 8200. ഇസ്രയേലിലെ സൈനിക രഹസ്യാന്വേഷണ ഡയറക്ടറേറ്റായ അമൻ്റെ കീഴിലാണ് പ്രവർത്തനം, ഇസ്രായേൽ പ്രതിരോധ സേനയിലെ ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള സൈനിക വിഭാഗം. യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിക്കും ബ്രിട്ടൻ്റെ GCHQവിനും തുല്യം. 1948ൽ ഇസ്രായേൽ രാഷ്ട്രത്തിൻ്റെ പിറവിക്ക് ശേഷം രൂപീകരിച്ച ആദ്യകാല കോഡ് ബ്രേക്കിംഗ്, ഇൻ്റലിജൻസ് യൂണിറ്റുകളിൽ നിന്നായിരുന്നു യൂണിറ്റ് 8200ൻ്റെ ഉത്ഭവം.

18നും 25നും ഇടയിൽ പ്രായമുള്ളവരാണ് യൂണിറ്റിലെ ഭൂരിഭാഗം ജോലിക്കാരും. ലബനനിലുണ്ടായ പേജർ പൊട്ടിത്തെറിയിൽ ഈ യൂണിറ്റിന് നിർണായകമായ പങ്കുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ. ഒരു സൈനികവിഭാഗത്തിൻ്റെ പ്രവർത്തന രീതിയല്ല യൂണിറ്റ് 8200ൻ്റേത്. മറിച്ച് ഒരു കോർപറേറ്റ് കമ്പനിയുടെ സ്വഭാവമാണ്.

സ്കൗട്ടിങ് വഴി കംപ്യൂട്ടർ സാങ്കേതികവിദ്യയിലും കോഡിങ്ങിലും മിടുക്കരായ വിദ്യാർഥികളെ സ്കൂൾ തലത്തിൽ തന്നെ കണ്ടെത്തും. തെരഞ്ഞെടുത്തവരെ പ്രത്യേക പരിശീലന പരിപാടിയിലൂടെ സൈബർ യുദ്ധമുറകളിലും ഹാക്കിങ്ങിലും അഗ്രഗണ്യരാക്കിയ ശേഷമാണ് യൂണിറ്റിലേക്ക് അംഗത്വം നൽകുന്നത്. യൂണിറ്റിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് വലിയ വിലയാണ് സൈബർ കമ്പനികൾ നൽകുന്നത്. ഇവരിൽ സ്വന്തമായി സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നവരുമുണ്ട്.

അനലിറ്റിക്സ്, ഡേറ്റ മൈനിങ്, ഇൻ്റലിജൻസ് മാനേജ്മെൻ്റ് തുടങ്ങിയ പ്രക്രിയകളെല്ലാം സ്വയം ചെയ്യാനുള്ള ശേഷി യൂണിറ്റിനുണ്ട്. പുറത്തു നിന്നുള്ള ഉൽപന്നങ്ങളോ സേവനങ്ങളോ സ്വീകരിക്കാത്തത് കൊണ്ടുതന്നെ യൂണിറ്റിൻ്റെ രഹസ്യ സ്വഭാവം നിലനിർത്താനും കഴിയുന്നു. സൈബർ ഇടങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഇൻ്റലിജൻസിനായി ഉപയോഗിക്കുന്നതിന് ഇവർക്ക് കീഴിൽ ഹത്സാവ് എന്നൊരു യൂണിറ്റ് കൂടിയുണ്ട്. നെജേവ് മരുഭൂമിയിലെ സ്റ്റേഷൻ വഴി വിവിധ രാജ്യങ്ങളിലെ കമ്യൂണിക്കേഷൻ സിഗ്നലുകൾ ചോർത്താനും കപ്പലുകൾ ട്രാക്ക് ചെയ്യാനും ഇവർ സമർഥരാണ്.

ഇറാനിയൻ ന്യൂക്ലിയർ സെൻട്രിഫ്യൂജുകൾ പ്രവർത്തനരഹിതമാക്കിയ സ്റ്റക്‌സ്‌നെറ്റ് വൈറസ് ആക്രമണത്തിനും ലെബനൻ്റെ സ്റ്റേറ്റ് ടെലികോം കമ്പനിയായ ഒഗെറോയ്‌ക്കെതിരായ സൈബർ ആക്രമണത്തിനും പിന്നിൽ യൂണിറ്റ് 8200 ആണ്. ലെബനനിലെ പേജർ ആക്രമണവുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെടുന്ന മലയാളി റിൻസൺ ജോസ് യൂണിറ്റ് 8200ൻ്റെ കണ്ണിയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com