സിനിമാ മേഖലയിലെ ലഹരി ഉപയോഗം ചര്‍ച്ചയാവുന്നതിനിടെയാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്
ലഹരി ഉപയോഗത്തിനെതിരെ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. തന്റെ ചിത്രം മാര്‍ക്കോയിലെ കഥാപാത്രത്തെ ഓര്‍മിപ്പിച്ചാണ് ഉണ്ണി മുകുന്ദന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിഗരറ്റ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗത്തെ കുറിച്ച് താരം സംസാരിച്ചത്.
ഉണ്ണി മുകുന്ദന്റെ കുറിപ്പ്:
ബ്രാന്‍ഡിനും തരത്തിനും അനുസരിച്ച് ഒരു സിഗരറ്റിന്റെ ഭാരം 0.7 മുതല്‍ 1.0 ഗ്രാംവരെയാണ്. ഫില്‍റ്ററും പേപ്പറുമടക്കം ശരാശരി ഒരു സിഗരറ്റിന്റെ ഭാരം ഒരുഗ്രാമാണ്. സിഗരറ്റ് ഉപയോഗിക്കുന്നതാണ് പൗരുഷം എന്ന് കരുതുന്നവര്‍ ദയവുചെയ്ത് നിങ്ങളുടെ സാധ്യതകള്‍ പുനപരിശോധിക്കുക. 'ഹൈ' ആവാന്‍ പുരുഷന്മാര്‍ 50 കിലോ ഭാരം ഉയര്‍ത്തുന്നു. ഗയ്സ്, തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്. കയ്യില്‍ സിഗരറ്റുള്ള 'മാര്‍ക്കോ'യെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്സ്പായ്ക്കുള്ള 'മാര്‍ക്കോ' ആവാന്‍ ശ്രമിക്കുക. രണ്ടാമത്തേതിന് അല്‍പം നിശ്ചയദാര്‍ഢ്യം ആവശ്യമാണ്.
ALSO READ: 'ഇത് രണ്ടാം പിറവിയേ'; വിവാദങ്ങള്‍ക്കിടെ പുതിയ ആല്‍ബവുമായി വേടന്‍
സിനിമാ മേഖലയിലെ ലഹരി ഉപയോഗം ചര്‍ച്ചയാവുന്നതിനിടെയാണ് ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസമാണ് സംവിധായകരായ അഷറഫ് ഹംസ, ഖാലിദ് റഹ്‌മാന്‍, റാപ്പര്‍ വേടന്‍ എന്നിവരെ കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനേയും അഷ്‌റഫ് ഹംസയേയും പിടികൂടിയത്. ഇവര്‍ക്കൊപ്പം സുഹൃത്ത് ഷാലിഫ് മുഹമ്മദ് എന്നയാളും പിടിയിലായിരുന്നു. .50 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്. ഏപ്രില്‍ 28ന് വേടന്റെ ഫ്‌ലാറ്റില്‍ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയിരുന്നു.