ഗൂഗിൾ പേ, ഫോൺ പേ അടിച്ചുപോയേക്കാം; ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ച ഐഡികൾ നീക്കം ചെയ്യാൻ NPCI

റീച്ചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായും മറ്റൊരാളുടെ പേരിലേക്ക് മാറിയ നമ്പറുകളുമായും ബന്ധിപ്പിച്ച യുപിഐ ഐഡികളാണ് ഏപ്രില്‍ ഒന്ന് മുതല്‍ അൺലിങ്ക് ചെയ്യുക
ഗൂഗിൾ പേ, ഫോൺ പേ അടിച്ചുപോയേക്കാം; ഏപ്രിൽ 1 മുതൽ ഈ മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ച ഐഡികൾ നീക്കം ചെയ്യാൻ NPCI
Published on

ഏപ്രിൽ ഒന്ന് മുതൽ നിഷ്ക്രിയമായ മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട യുപിഐ ഐഡികൾ പ്രവർത്തനരഹിതമാകും. യുപിഐ ഐഡികൾ അൺലിങ്ക് ചെയ്യുമെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. റീച്ചാര്‍ജ് ചെയ്യാതെ പ്രവര്‍ത്തനരഹിതമായ മൊബൈല്‍ നമ്പറുകളുമായും മറ്റൊരാളുടെ പേരിലേക്ക് മാറിയ നമ്പറുകളുമായും ബന്ധിപ്പിച്ച യുപിഐ ഐഡികളാണ് ഏപ്രില്‍ ഒന്ന് മുതല്‍ അൺലിങ്ക് ചെയ്യുക. തടസങ്ങൾ ഒഴിവാക്കാൻ ഉപയോക്താക്കൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകൾ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.

ഈ പുതിയ മാറ്റം കൊണ്ടുവന്നത് എന്തിന്?

യുപിഐ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കാനും, സാങ്കേതിക പ്രശ്നങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് ഈ തീരുമാനം. യുപിഐയുമായി ബന്ധിപ്പിച്ചിട്ടുള്ള നിഷ്‌ക്രിയ മൊബൈൽ നമ്പറുകൾ സുരക്ഷാ അപകടസാധ്യത ഉയർത്തുന്നു. ഉപയോക്താക്കൾ അവരുടെ നമ്പറുകൾ മാറ്റുകയോ നിർജ്ജീവമാക്കുകയോ ചെയ്യുമ്പോൾ, അവരുടെ UPI അക്കൗണ്ടുകൾ പലപ്പോഴും സജീവമായി തുടരും. ഇത് ദുരുപയോഗത്തിന് ഇടയാകാൻ സാധ്യതയുണ്ട്. ഇത് തടയുന്നതിനായി, NPCI നിർദേശ പ്രകാരം, ബാങ്കുകളും ഗൂഗിൾ പേ, ഫോൺപേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളും ഇപ്പോൾ യുപിഐ സിസ്റ്റത്തിൽ നിന്ന് നിഷ്‌ക്രിയ നമ്പറുകൾ നീക്കം ചെയ്യും.

നിങ്ങളുടെ യു പി ഐ സേവനം തുടരാൻ എന്താണ് ചെയ്യേണ്ടത്?

1) നിങ്ങളുടെ നമ്പർ ഇപ്പോഴും സജീവമാണോ എന്ന് പരിശോധിക്കുക.
2) നിങ്ങളുടെ നമ്പർ നിങ്ങളുടെ പേരിലാണ് എന്ന് ഉറപ്പാക്കുക
3) യുപിഐ ബാങ്ക് അക്കൗണ്ടുമായി പുതിയ നമ്പർ അപ്ഡേറ്റ് ചെയ്യുക
4) ഇടയ്ക്കിടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുക

ബാങ്കുകളും യു പി ഐ സേവനദാതാക്കളും എന്താണ് ചെയ്യേണ്ടത്?

ഓരോ ആഴ്ചയും സജീവമല്ലാത്ത നമ്പറുകളുടെ പരിശോധന നടത്താൻ ബാങ്കുകൾക്കും യുപിഐ സേവനദാതാക്കൾക്കും എൻപിസിഐ നിർദേശിച്ചിട്ടുണ്ട്. ആറ് മാസത്തിൽ കൂടുതൽ യുപിഐ ഉപയോഗം ഇല്ലാത്ത നമ്പറുകൾ സ്കാൻ ചെയ്ത്, അവ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യുന്നത് ആരംഭിക്കും. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ലളിതമായ സംവിധാനം ഒരുക്കണം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com