യുഎസ് ക്യാപിറ്റോൾ കലാപം; ട്രംപിൻ്റെ മാപ്പു നൽകൽ നിരസിച്ച് പമേല ഹെംഫിൽ

മാപ്പ് സ്വീകരിക്കുന്നത് നിയമവാഴ്ചയെയും രാജ്യത്തെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് ഹെംഫിൽ അന്താരാഷ്ട്ര വാർത്താമാധ്യമമായ ബിബിസിയുടെ വേൾഡ് സർവീസിൻ്റെ ന്യൂസ്‌ഡേ പ്രോഗ്രാമിൽ പ്രതികരിച്ചു.
യുഎസ്  ക്യാപിറ്റോൾ കലാപം; ട്രംപിൻ്റെ  മാപ്പു നൽകൽ നിരസിച്ച്  പമേല ഹെംഫിൽ
Published on

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മാപ്പു നൽകൽ നിരസിച്ച് പമേല ഹെംഫിൽ. 2021 ൽ നടന്ന യുഎസ് ക്യാപിറ്റോൾ കലാപത്തിൽ പങ്കെടുത്തതിനു അറുപതു ദിവസം തടവു ശിക്ഷ അനുഭവിച്ചിരുന്നു ഹെംഫിൽ. യുഎസിലെ ക്യാപിറ്റോൾ സെന്റർ ആക്രമണത്തിലുള്‍പ്പെട്ട 1500 പ്രതികള്‍ക്ക് പൊതുമാപ്പ് അനുവദിച്ചിരുന്നു ട്രംപ്. എന്നാൽ കലാപത്തിനു മാപ്പ് നൽകേണ്ടതില്ലെന്നാണ് പമേല ഹെംഫിലിൻ്റെ പ്രതികരണം.



അന്ന് ഞങ്ങൾക്കു തെറ്റു പറ്റി. അതുകൊണ്ട് കലാപത്തിനു മാപ്പു നൽകേണ്ടതില്ല. നാലു വർഷം മുൻപ് യുഎസ് ക്യാപിറ്റോൾ കലാപത്തിൽ പങ്കെടുത്തതിനു ജയിൽ വാസം അനുഭവിച്ച പമേല ഹെംഫിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ മാപ്പു നൽകൽ നിരസിച്ചുകൊണ്ട് അവർ അത് ആവർത്തിച്ചു. തെറ്റ് ചെയ്തതുകൊണ്ട് താൻ കുറ്റസമ്മതം നടത്തി. മാപ്പ് സ്വീകരിക്കുന്നത് നിയമവാഴ്ചയെയും രാജ്യത്തെയും അപമാനിക്കുന്നതിനു തുല്യമാണെന്ന് ഹെംഫിൽ അന്താരാഷ്ട്ര വാർത്താമാധ്യമമായ ബിബിസിയുടെ വേൾഡ് സർവീസിൻ്റെ ന്യൂസ്‌ഡേ പ്രോഗ്രാമിൽ പ്രതികരിച്ചു.

സാമൂഹ്യമാധ്യമങ്ങളിൽ മാഗാ മുത്തശ്ശി" എന്ന് വിളിപ്പേരുള്ള ഹെംഫിൽ ട്രംപിൻ്റെ മാപ്പു നൽകൽ നിരസിക്കുക മാത്രമല്ല, ട്രംപിൻ്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ എന്ന മുദ്രാവാക്യത്തെ വിമർശിക്കുകയും ചെയ്തു. ചരിത്രം തിരുത്തിയെഴുതാൻ ട്രംപ് സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അതിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ ബിബിസിയോടു വെളിപ്പെടുത്തി.

അമേരിക്കൻ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞചെയ്ത് മണിക്കൂറുകൾക്കുശേഷം പുറപ്പെടുവിച്ച തീരുമാനങ്ങളിലൊന്നായിരുന്നു യുഎസിലെ ക്യാപിറ്റോൾ സെൻ്റർ ആക്രമണത്തിലുള്‍പ്പെട്ട 1500 പ്രതികള്‍ക്ക് പൊതുമാപ്പ് അനുവദിക്കുകയെന്നത്. 2021 ജനുവരി 6 ല്‍ ജോ ബെെഡന്‍റെ വിജയപ്രഖ്യാപനം തടയുന്നതിനായി ക്യാപിറ്റോൾ ഹില്ലിലേക്ക് ഇരച്ചുകയറിയ ട്രംപ് അനുകൂലികള്‍ 7 മണിക്കൂറോളമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.


അന്ന് കുറ്റം സമ്മതിച്ച് അറുപതു ദിവസം തടവു ശിക്ഷ അനുഭവിച്ചിരുന്നു പമേല ഹെംഫിൽ. കലാപത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവർക്കെതിരെ നിലനിൽക്കുന്ന എല്ലാ കേസുകളും പിൻവലിക്കാൻ നീതിന്യായ വകുപ്പിന് നിർദ്ദേശം നൽകുന്ന ഉത്തരവിൽ പ്രസിഡൻ്റായി ചുമതലയേറ്റ ട്രംപ് ഒപ്പുവയ്ക്കുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com