ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഇറാന്‍റെ പ്രതികരണം
നിയുക്ത യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. ഇതിനായി ഒരു അഫ്‌ഗാന്‍ പൗരനെ നിയോഗിച്ചതായാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. ഏഴു ദിവസത്തിനകം വധം നടപ്പിലാക്കണമെന്നായിരുന്നു നിർദേശമെന്നും ഏജൻസി വെളിപ്പെടുത്തി.
ഈ വർഷം ജൂലെെയിലും സെപ്റ്റംബറിലുമായി രണ്ടുതവണ വധശ്രമം നേരിട്ട ഡൊണാള്‍ഡ് ട്രംപിനെ, ഒക്ടോബർ 7നകം വധിക്കാനായിരുന്നു ഇറാന്‍റെ പദ്ധതിയെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ ഇറാന്‍ റെവല്യൂഷണറി ഗാർഡിലെ ഒരു ഉദ്യോഗസ്ഥന്‍, ഫർഹാദ് ഷാക്കേരി എന്ന അഫ്‌ഗാന്‍ പൗരനെ സമീപിച്ചു. ട്രംപിനെ വധിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കി, നടപ്പിലാക്കാനായിരുന്നു നിർദേശം.
ALSO READ: മൂകമായി ഡെമോക്രാറ്റിക് ക്യാംപ്; ട്രംപ് രണ്ടാമൂഴത്തിനിറങ്ങുമ്പോള്‍ ആശങ്കകള്‍ അനവധി
കുട്ടിയായിരിക്കെ അമേരിക്കയിലേക്ക് കുടിയേറിയ ഷാക്കേരി, ഒരു കവർച്ചാ കേസില്‍ അകപ്പെട്ടതിനെ തുടർന്ന് 14 വർഷം അമേരിക്കയില്‍ തടവില്‍ കഴിയുകയും, 2008ല്‍ നാടുകടത്തപ്പെടുകയും ചെയ്തയാളാണ്. ഇയാള്‍ നിലവില്‍ ഇറാനിലെ ടെഹ്റാനില്‍ ഒളിവിലാണെന്നാണ് നിഗമനം. ഒക്ടോബറിലെ വധശ്രമം സമയപരിധിക്കുള്ളില്‍ നടപ്പിലാക്കാനാകാതെ വന്നതോടെ, ഇറാന്‍ താത്ക്കാലികമായി പിന്മാറി. പകരം തെരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെടുമെന്നും ആ സാഹചര്യത്തില്‍ വധിക്കാൻ എളുപ്പമാകുമെന്നും, ഇറാന്‍ സർക്കാരുദ്യോഗസ്ഥർ തന്നെ അറിയിച്ചതായി ഷാക്കേരി കുറ്റസമ്മതം നടത്തിയെന്ന് അമേരിക്കയുടെ റിപ്പോർട്ട് പറയുന്നു.
ഇറാന്‍റെ കൊലപാതക പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി റെവല്യൂഷണറി ഗാർഡ് റിക്രൂട്ട് ചെയ്ത ക്രിമിനല്‍ ശൃംഖലയുടെ പ്രധാന കണ്ണിയാണ് ഷാക്കേരിയെന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍. ഇറാൻ്റെ കടുത്ത വിമർശകയായ മാധ്യമ പ്രവർത്തക മസിഹ് അലിനെജാദിനെ അമേരിക്കയിലെ ബ്രൂക്ക്‌ലിനിൽ വച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍, വിചാരണ തടങ്കലിലുള്ള രണ്ട് യുഎസ് പൗരന്മാരും ഈ ശൃംഖലയുമായി ബന്ധപ്പെട്ട് പിടിയിലായവരാണ്. അമേരിക്കയിലെ ജൂതവംശജരായ രണ്ട് വ്യവസായികളെ വധിക്കുന്നതിനും, ശ്രീലങ്കയിലെ ഇസ്രയേലി വിനോദ സഞ്ചാരികള്‍ക്കെതിരെ വെടിവെപ്പ് നടത്തുന്നതിനുമടക്കം ഇവർക്ക് നിർദേശം ലഭിച്ചിരുന്നതായാണ് കണ്ടെത്തല്‍.
ALSO READ: ട്രംപിൻ്റെ വിജയം അമേരിക്കയുടെ തന്നെ മസ്ക് വൽക്കരണത്തിൻ്റെ തുടക്കമോ?
അതേസമയം, ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഇറാന്‍റെ പ്രതികരണം. അമേരിക്കയെ ഇറാനെതിരാക്കാനുള്ള ഇസ്രയേലിന്‍റെയും ഇതര ശക്തികളുടെയും ഗൂഢാലോചനയാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയിൽ ബഗായി പ്രസ്താവനയിലൂടെ അറിയിച്ചു.