fbwpx
2020ല്‍ ജയിച്ചത് ട്രംപ്, ക്യാപിറ്റോള്‍ കലാപം 'അകത്തുനിന്നുള്ള പണി'; വിശ്വസിക്കുന്നുണ്ടോ? ഇന്റലിജന്‍സ് ജോലിക്ക് വിശ്വസ്തതാ പരിശോധന
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Feb, 2025 02:06 PM

രഹസ്യാന്വേഷണം, ദേശീയ സുരക്ഷ, നിയമ നിര്‍വഹണ ഏജന്‍സികളിലേക്കുള്ള നിയമനത്തിനാണ് ട്രംപിന്റെ വ്യാജവാദങ്ങള്‍ അംഗീകരിക്കുന്നവരെ തേടുന്നത്.

WORLD



യുഎസില്‍ ദേശീയ സുരക്ഷ, നിയമ നിര്‍വഹണ വകുപ്പുകളിലേക്ക് ജോലി നോക്കുന്നവര്‍ക്ക് വിശ്വസ്തതാ പരിശോധനയുമായി ട്രംപ് ഭരണകൂടം. 2020ലെ തെരഞ്ഞെടുപ്പ് ജയിച്ചെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദവും, ക്യാപിറ്റോള്‍ കലാപം സംബന്ധിച്ച വാദങ്ങളും വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യമാണ് വിശ്വസ്തതാ പരിശോധനയുടെ ഭാഗമായുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് പരിഗണിക്കപ്പെടുന്ന രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ ചോദ്യം നേരിട്ടതായാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും തെരഞ്ഞെടുക്കപ്പെട്ടില്ല. ജോലി നിരസിക്കാനുള്ള കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, വാര്‍ത്ത സംബന്ധിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

ട്രംപിനോടുള്ള വിശ്വസ്തത പരിശോധിക്കുന്നതിന്റെ ഭാഗമായാണ് രണ്ട് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിലൊന്ന് 2020ലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടാണ്. വോട്ടെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്നും യഥാര്‍ത്ഥത്തില്‍ ജയിച്ചത് താനാണെന്നുമായിരുന്നു ട്രംപിന്റെ വാദം. രണ്ടാമത്തേത്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യാപിറ്റോളില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ടുള്ളതാണ്. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നു, തോല്‍വി അംഗീകരിക്കില്ല, ജയിച്ചത് താനാണ് എന്നതായിരുന്നു ട്രംപിന്റെ വാദം. പിന്നാലെ, ട്രംപിന്റെ കലാപാഹ്വാനം അനുസരിച്ച് അനുയായികള്‍ 2021 ജനുവരി ആറിന് വാഷിങ്ടണ്‍ ഡി.സിയിലെ ക്യാപിറ്റോളിലേക്ക് ഇരച്ചെത്തി. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്ന നടപടിയില്‍നിന്ന് കോണ്‍ഗ്രസിനെ തടയുകയായിരുന്നു അക്രമി സംഘത്തിന്റെ ലക്ഷ്യം. ഇലക്ടറല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങവെയാണ്, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചും പരിക്കേല്‍പ്പിച്ചുംകൊണ്ട് ആയിരത്തോളം അക്രമികള്‍ പാര്‍ലമെന്റിനകത്തേക്ക് ഇരച്ചുകയറിയത്. തടയാനെത്തിയവരെ ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍, മെറ്റല്‍ ബാറ്റണ്‍, പെപ്പര്‍ സ്പ്രേ ഉള്‍പ്പെടെ ഉപയോഗിച്ച് ആക്രമിച്ചു. സംഘര്‍ഷത്തില്‍ ട്രംപ് അനുയായികളായ നാല് പേരും, അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഏഴ് മണിക്കൂര്‍ നീണ്ട ഉപരോധത്തിനിടെ, 140ലധികം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുമേറ്റിരുന്നു.


ALSO READ: ട്രംപിന്റെ നുണകള്‍ ഏല്‍ക്കില്ല; ഈ മാപ്പ് നല്‍കല്‍ അമേരിക്കന്‍ ജനതയോടുള്ള അനീതിയാണ്


അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്രിമിനല്‍ കേസ് അന്വേഷണങ്ങളിലൊന്നായിരുന്നു ക്യാപിറ്റോള്‍ അക്രമം. ജനവിധി അംഗീകരിക്കാന്‍ തയ്യാറാകാത്ത മുന്‍ പ്രസിഡന്റ്, അധികാര കൈമാറ്റ പ്രക്രിയയെയാകെ തടസപ്പെടുത്താനാണ് ശ്രമിച്ചത്. അനുയായികളിലെ അക്രമി സംഘം അതിന് കൂട്ടുനിന്നു. ക്യാപിറ്റോളില്‍ കലാപം അഴിച്ചുവിട്ടവരില്‍, 'പുറത്തുനിന്നുള്ള പ്രക്ഷോഭകാരികള്‍' ഉണ്ടായിരുന്നുവെന്നായിരുന്നു തീവ്ര വലതുപക്ഷ സംഘങ്ങളുടെ പ്രധാന ആരോപണം. അത് അകത്തുനിന്നുള്ള പണി (an inside job) ആയിരുന്നു. അക്രമത്തിന് ആക്കം കൂട്ടിയതില്‍ എഫ്ബിഐക്കും പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ട്രംപും ഏറ്റുപിടിച്ചു. പൊതുയോഗങ്ങളിലും, മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും ട്രംപ് ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, 2000 മുതല്‍ 2500 വരെ അക്രമികള്‍ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് എഫ്ബിഐ റിപ്പോര്‍ട്ട്. തീവ്ര വലതുപക്ഷ അനുഭാവികളായ പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ് എന്നീ സായുധസംഘങ്ങളുടെ നേതാക്കളും അക്രമികളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ, 'ആഭ്യന്തര യുദ്ധ'ത്തെക്കുറിച്ച് ഇരു സംഘത്തിന്റെയും നേതാക്കള്‍ ആശയവിനിമയം നടത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ ട്രംപ് ക്യാപിറ്റോള്‍ അക്രമികള്‍ക്ക് മാപ്പ് നല്‍കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ നിര്‍ദാക്ഷിണ്യം തല്ലിച്ചതച്ചവരും, പെപ്പര്‍ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ചവരും, തല്ലിക്കൊന്നവരും, മാധ്യമപ്രവര്‍ത്തകരെ കൈയ്യേറിയവരും, പൊതുമുതല്‍ നശിപ്പിച്ചവരും അതില്‍ ഉള്‍പ്പെടുന്നു. 1500ഓളം പേരാണ് അന്ന് അറസ്റ്റിലായത്. അതില്‍ ചെറിയൊരു വിഭാഗത്തെ, അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. കുറ്റം ചുമത്തി, വിചാരണ നേരിട്ടവരും, നിയമലംഘനം നടത്തിയെന്ന് കോടതി മുന്‍പാകെ കുറ്റം സമ്മതിച്ചവരുമായ 1200ഓളം പേര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഭൂരിഭാഗത്തിനും ജയില്‍ ശിക്ഷയാണ് ലഭിച്ചത്. പ്രൗഡ് ബോയ്സ്, ഓത്ത് കീപ്പേഴ്സ് സംഘടനകളുടെ 14 നേതാക്കള്‍ക്കെതിരെ രാജ്യദ്രോഹ ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നത്. 'സമ്പൂര്‍ണവും ഉപാധിരഹിതവുമായ മാപ്പ്' അനുവദിച്ചതിലൂടെ അതെല്ലാം റദ്ദ് ചെയ്യപ്പെട്ടു.


ALSO READ: "ഐസിസിയുടെ പ്രവർത്തനം നിയമവിരുദ്ധം"; അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്തി ട്രംപ്


ക്യാപിറ്റോള്‍ അക്രമത്തിന്റെ പേരില്‍ ട്രംപ് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് വിധേയനായിരുന്നു. ഇംപീച്ച്മെന്റിനുള്ള പ്രമേയം റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ട്രംപ് ഇംപീച്ച്മെന്റില്‍നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍, ട്രംപിനെതിരെ നാല് കുറ്റങ്ങള്‍ ചുമത്തിയിരുന്നു. വീണ്ടും ജയിച്ച് അധികാരത്തിലേറിയോടെ, ആ കുറ്റങ്ങളില്‍ നിന്നെല്ലാം ട്രംപ് മോചിതനായി. പ്രസിഡന്റിനുള്ള നിയമ പരിരക്ഷയുടെ ആനുകൂല്യവും ട്രംപിന് ലഭിക്കും. ഇതിനെല്ലാം പുറമേയാണ്, രഹസ്യാന്വേഷണം, ദേശീയ സുരക്ഷ, നിയമ നിര്‍വഹണ ഏജന്‍സികളിലേക്കുള്ള നിയമനത്തിനും ട്രംപിന്റെ വ്യാജവാദങ്ങള്‍ അംഗീകരിക്കുന്നവരെ തേടുന്നത്.


KERALA
തെളിവുകൾ സുപ്രീം കോടതി കൃത്യമായി നിരീക്ഷിച്ചിട്ടുണ്ടോ എന്ന് സംശയം, ജനങ്ങളുടെ കോടതിയിൽ രാജ കുറ്റകാരൻ: ഡി. കുമാർ
Also Read
user
Share This

Popular

KERALA
KERALA
ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് 15 കാരനോട് വൈരാഗ്യം; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍