റഷ്യ-യുക്രൈൻ യുദ്ധം വിപുലീകരിക്കരുതെന്നാവശ്യം; റഷ്യൻ പ്രസിഡന്‍റിനെ സമീപിച്ച് ഡൊണാൾഡ് ട്രംപ്

ട്രംപിൻ്റെ രണ്ടാമൂഴം ആരംഭിക്കുമ്പോൾ യുദ്ധം ഇനിയും മോശമായ സാഹചര്യത്തിലാകരുതെന്ന് മുന്നിൽക്കണ്ടാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്
റഷ്യ-യുക്രൈൻ യുദ്ധം വിപുലീകരിക്കരുതെന്നാവശ്യം; റഷ്യൻ പ്രസിഡന്‍റിനെ സമീപിച്ച് ഡൊണാൾഡ് ട്രംപ്
Published on

റഷ്യ-യുക്രൈൻ യുദ്ധം വിപുലീകരിക്കരുതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനോട് ആവശ്യപ്പെട്ട് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. ഇരു നേതാക്കളും ഇതു സംബന്ധിച്ച് ഫോണിൽ സംസാരിച്ചെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപിൻ്റെ രണ്ടാമൂഴം ആരംഭിക്കുമ്പോൾ യുദ്ധം ഇനിയും മോശമായ സാഹചര്യത്തിലാകരുതെന്ന് മുന്നിൽക്കണ്ടാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ നവംബർ 7 ന് ഡൊണൾഡ് ട്രംപ് തന്‍റെ ഫ്ലോറിഡയിലെ വസതിയിൽ നിന്ന് പുടിനെ ഫോണിൽ വിളിച്ച് സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്‍റെന്ന നിലയിൽ രണ്ടാമൂഴം ആരംഭിക്കുമ്പോൾ റഷ്യ യുക്രൈൻ യുദ്ധം കൂടുതൽ വഷളാകരുതെന്ന തീരുമാനത്തിൽ നിന്നാണ് ട്രംപിന്‍റെ നീക്കമെന്നാണ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനും യൂറോപ്പിൽ സമാധാനം ഉറപ്പിക്കാനുമുള്ള ചർച്ചകൾക്ക് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചെന്നും റിപ്പോർട്ട് പറയുന്നു.


അതേസമയം ചർച്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ ആകില്ലെന്ന് ട്രംപിൻ്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ പ്രതികരിച്ചു. ലോകക്രമത്തിൽ അമേരിക്ക വീണ്ടും പഴയ സ്ഥാനം ഉറപ്പിക്കുമെന്നും അതിനാൽ തന്നെ ലോകരാജ്യങ്ങൾ അമേരിക്കയുമായി വീണ്ടും മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റീവൻ ചാങ് അവകാശപ്പെട്ടു. യുദ്ധത്തിൽ ഇരു രാജ്യങ്ങളും വെടിനിർത്തലിനെങ്കിലും തയ്യാറാകാൻ അമേരിക്ക സമ്മർദം ചെലുത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ ദിവസം യുക്രൈൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കിയുമായും ട്രംപ് ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് ശേഷം 40 ഓളം ലോകനേതാക്കളുമായാണ് ഡൊണാൾഡ് ട്രംപ് സംസാരിച്ചത്. അടുത്ത വർഷം ജനുവരി 20 നാകും അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് ചുമതലയേൽക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com