'റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണം'; പുടിനോട് അഭ്യര്‍ഥിച്ചതായി ട്രംപ്

ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധം അവസാനിക്കാനുള്ള വലിയ സാധ്യതയുണ്ടെന്നും ട്രംപ്
'റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണം'; പുടിനോട് അഭ്യര്‍ഥിച്ചതായി ട്രംപ്
Published on



റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുന്ന യുക്രെയ്ന്‍ സൈനികരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് അഭ്യര്‍ഥിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അഭ്യര്‍ഥിച്ചതെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ട്രംപിൻ്റെ നയതന്ത്ര പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം.

'റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കഴിഞ്ഞദിവസം വളരെ മികച്ചതും ഫലപ്രദവുമായ ചര്‍ച്ച നടത്തി. ഒടുവില്‍, ഈ ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധം അവസാനിക്കാനുള്ള വലിയ സാധ്യതയുണ്ട്. എന്നാല്‍, ആയിരക്കണക്കിന് യുക്രെയ്ന്‍ സൈനികരെ റഷ്യന്‍ സൈന്യം വളഞ്ഞിട്ടുണ്ട്. അവര്‍ വളരെ മോശം സാഹചര്യത്തിലാണ്. അവരുടെ ജീവന്‍ സംരക്ഷിക്കണമെന്ന് പ്രസിഡന്റ് പുടിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇത് രണ്ടാം ലോകമഹായുദ്ധത്തില്‍ പോലും കണ്ടിട്ടില്ലാത്ത ഭയാനകമായ കൂട്ടക്കുരുതിയായേക്കും. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ' -എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. യുക്രെയ്ന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ പിടിച്ചെടുത്ത റഷ്യന്‍ പ്രദേശമായ കുര്‍സ്ക് മേഖലയിലെ സൈനികരുടെ കാര്യമാണ് ട്രംപ് പുടിനെ അറിയിച്ചത്. 

സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ ഉദ്യോഗസ്ഥരുമായി മോസ്കോയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡന്റ് പുടിന്റെ സന്ദേശം വിറ്റ്കോഫിന് കൈമാറിയിട്ടുണ്ടെന്ന് റഷ്യ വ്യക്തമാക്കിയതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിറ്റ്കോഫ് റഷ്യയിലെത്തിയത്. യുഎസ്, യുക്രെയ്ന്‍ പ്രതിനിധികള്‍ സൗദി അറേബ്യയില്‍ നടത്തിയ ചര്‍ച്ചയില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. കരാറില്‍ റഷ്യ കൂടി ഒപ്പുവയ്ക്കേണ്ടതുണ്ട്.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കിയുടെ സൈന്യത്തിന് ഇടക്കാല വിശ്രമം അനുവദിക്കുന്നതാണെന്നായിരുന്നു പുടിന്റെ ആദ്യ പ്രതികരണം. യുക്രെയ്ന്‍ സൈന്യത്തിന് വീണ്ടും സംഘടിക്കാനുള്ള സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്കയും റഷ്യന്‍ നേതാവ് പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഗൗരവമേറിയ ചോദ്യങ്ങളുണ്ടെന്നും, അത് ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പുടിന്‍ അറിയിച്ചിരുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ കരാറിലേക്ക് റഷ്യ മനപൂര്‍വം വ്യവസ്ഥകള്‍ ചേര്‍ക്കുകയാണെന്നാണ് സെലന്‍സ്കിയുടെ ആരോപണം. വെടിനിര്‍ത്തല്‍ പ്രക്രിയയെ സങ്കീര്‍ണമാക്കുകയും, കാലതാമസം വരുത്തുകയുമാണെന്നും സെലന്‍സ്കി പ്രതികരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com