ഇരുരാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കുമെന്ന പ്രഖ്യാപനവും ട്രംപിൻ്റെ പോസ്റ്റിലുണ്ട്.
ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ, കശ്‌മീർ വിഷയത്തിൽ പരിഹാരം കാണാൻ ഇടപെടുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കശ്മീർ വിഷയത്തിൽ പരിഹാരം കാണുന്നതിനായി ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ പ്രവർത്തിക്കുമെന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന. അതിർത്തിയിലെ സംഘർഷം അവസാനിപ്പിച്ചതിൽ ഇരുരാജ്യങ്ങളെയും പ്രശംസിച്ചുകൊണ്ടായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിപ്പ് പങ്കുവെച്ചത്. ഇരുവരുമായി വ്യാപാരം വർധിപ്പിക്കുമെന്ന പ്രഖ്യാപനവും പോസ്റ്റിലുണ്ട്.
ഇന്ത്യയുടെയും പാകിസ്ഥാന്റെയും ശക്തവും അചഞ്ചലവുമായ നേതൃത്വത്തിൽ അഭിമാനിക്കുന്നെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് കുറിപ്പ് ആരംഭിക്കുന്നത്. "ഇരുരാജ്യങ്ങളുടെയും നേതൃത്വത്തെക്കുറിച്ച് ഓർത്ത് ഞാൻ വളരെ അഭിമാനിക്കുന്നു. കാരണം നിലവിലെ ആക്രമണം അനേകം ആളുകളുടെ മരണത്തിനും നാശത്തിനും കാരണമായേക്കുമായിരുന്നു. ഇത് നിർത്താനുള്ള സമയമായി എന്ന് പൂർണമായി അറിയാനും മനസ്സിലാക്കാനുമുള്ള ശക്തിയും ജ്ഞാനവും ധൈര്യവും അവർക്കുണ്ടായിരുന്നു. ദശലക്ഷക്കണക്കിന് നല്ലവരും നിരപരാധികളുമായ ആളുകൾ കൊല്ലപ്പെടുമായിരുന്നു!,"- ട്രംപ് കുറിച്ചു.
ഇന്ത്യ-പാക് വെടിനിർത്തൽ കരാറിലേക്ക് നയിച്ചത് യുഎസ് ഇടപെടലാണെന്ന് പോസ്റ്റിലൂടെ വീണ്ടും പ്രസ്താവിക്കുകയാണ് ട്രംപ്. "വെടിനിർത്തൽ എന്ന ചരിത്രപരവും വീരോചിതവുമായ തീരുമാനത്തിലെത്താൻ യുഎസിന് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ചർച്ച ചെയ്തിട്ടില്ലെങ്കിലും, ഈ രണ്ട് രാജ്യങ്ങളുമായുള്ള വ്യാപാരം ഗണ്യമായി വർധിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. കൂടാതെ, 'ആയിരം വർഷങ്ങൾക്ക് ശേഷം' കശ്മീർ വിഷയത്തിൽ ഒരു പരിഹാരത്തിലെത്താൻ കഴിയുമോ എന്ന് കാണാൻ, യുഎസ് നിങ്ങളോടൊപ്പം പ്രവർത്തിക്കും,". ഇരുരാജ്യങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് കുറിച്ചുകൊണ്ടാണ് ട്രംപ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഇന്ത്യ-പാക് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.യുഎസിന്റെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു സമ്മതിച്ചതെന്നാണ് ട്രംപിൻ്റെ അവകാശവാദം. "അമേരിക്കയുടെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണമായ വെടിനിർത്തലിന് സമ്മതിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. സാമാന്യബുദ്ധിയും സാമർത്ഥ്യവും ഉപയോഗിച്ചതിന് ഇരു രാജ്യങ്ങൾക്കും അഭിനന്ദനങ്ങൾ," ട്രംപ് കുറിച്ചു. എന്നാൽ ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടലിനെ തുടര്‍ന്നല്ല തീരുമാനമെന്ന് വ്യക്തമാക്കിയ കേന്ദ്രം, ട്രംപിൻ്റെ വാദം തള്ളി.