'ട്രംപിന് മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്'; റഷ്യ-യുക്രെയ്ന്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് യുഎസ് പിന്‍മാറുമെന്ന് റിപ്പോർട്ട്

യുക്രെയ്നുമായുള്ള യുഎസിന്റെ ധാതു കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര സെക്രട്ടറിയുടെ മുന്നറിയിപ്പ് വരുന്നത്
'ട്രംപിന് മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്'; റഷ്യ-യുക്രെയ്ന്‍ സമാധാന ശ്രമങ്ങളില്‍ നിന്ന് യുഎസ് പിന്‍മാറുമെന്ന് റിപ്പോർട്ട്
Published on

റഷ്യ-യുക്രെയ്ൻ സമാധാന ഉടമ്പടിയില്‍ മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് യുഎസ് പിന്മാറിയേക്കുമെന്ന് സൂചന. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉടമ്പടിയിൽ ധാരണയാകുന്നതിൽ വ്യക്തമായ സൂചനകൾ ലഭിച്ചില്ലെങ്കിൽ യുഎസ് പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന ശ്രമങ്ങൾ ഉപേക്ഷിച്ചേക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചിരിക്കുന്നത്. പാരിസില്‍ നടന്ന യുക്രെയ്നിലേയും യുറോപ്യൻ രാജ്യങ്ങളിലേയും നേതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു റൂബിയോ.


"ആഴ്ചകളോ മാസങ്ങളോ ആയി തുടരുന്ന ഈ സംരംഭം തുടർന്ന് പോകാൻ ഇനി ഞങ്ങളില്ല. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് സാധ്യമാകുമോ ഇല്ലയോ എന്ന് വളരെ വേ​ഗത്തിൽ തീരുമാനമെടുക്കണം", റൂബിയോ പറഞ്ഞു. ഇരു രാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ട്രംപ് വളരെ അധികം ഊ‍ർജം വിനിയോ​ഗിച്ചിട്ടുണ്ടെന്നും ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി. പ്രസിഡന്റിന്റെ ശ്രദ്ധ ആവശ്യമുള്ള മറ്റ് പല പ്രധാന കാര്യങ്ങളുണ്ടെന്നും റൂബിയോ കൂട്ടിച്ചേർത്തു.

യുക്രെയ്നുമായുള്ള യുഎസിന്റെ ധാതു കരാർ ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെയാണ് റൂബിയോയുടെ മുന്നറിയിപ്പ് വരുന്നത്. കരാറിൽ അടുത്താഴ്ച യുക്രെയ്ൻ ഒപ്പുവയ്ക്കുമെന്നാണ് ട്രംപ് വ്യാഴാഴ്ച പറഞ്ഞത്. ധാതുകരാറിൽ ഫെബ്രുവരിയിൽ ഒപ്പിടുന്നതിന്റെ സാധ്യതകൾ തെളിഞ്ഞിരുന്നെങ്കിലും ഓവൽ ഓഫീസിൽ വെച്ച് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടന്ന വാക്‌പ്പോരിനൊടുവിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പിന്മാറുകയായിരുന്നു.


ധാതു കരാറുമായി ബന്ധപ്പെട്ട യുക്രെയ്ന്‍-യുഎസ് ചർച്ചകള്‍ കൂടുതല്‍ സംഘർഷഭരിതമാകുകയാണെന്നാണ് വിദേശമാധ്യമങ്ങളിലെ റിപ്പോർട്ട്. ആണവ, പ്രതിരോധ വ്യോമയാന മേഖലകളില്‍ നിർണായകമായ ധാതുക്കളുടെ ശേഖരമുള്ള രാജ്യമാണ് യുക്രെയ്ൻ. ഈ ധാതുസമ്പത്തിന്‍റെ 50 ശതമാനം അമേരിക്കയ്ക്ക് നല്‍കുന്നതിന് 500 ബില്യൺ ഡോളറിന്‍റെ കരാറാണ് ട്രംപ് ആദ്യം മുന്നോട്ടുവെച്ചത്. യുക്രെയ്‌ന് നൽകി വരുന്ന ആയുധ- സാമ്പത്തിക സഹായത്തിന് പകരമായിരുന്നു കരാർ. എന്നാല്‍ ഇതിനും അപ്പുറത്താണ് ഇപ്പോള്‍ യുഎസ് ആവശ്യപ്പെടുന്നത്. യൂറോപ്പിലേക്ക് റഷ്യൻ വാതകം കൊണ്ടുപോകുന്ന യുക്രെയ്‌ന്‍ പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ നിയന്ത്രണം യുഎസ് സർക്കാരിന്റെ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷന് നല്‍കണമെന്ന വ്യവസ്ഥയും പുതിയ രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍. ഈ കാര്യങ്ങളിലാണ് ഇപ്പോൾ ചർച്ച പുരോ​ഗമിക്കുന്നത്.

അതേസമയം, പാരിസിൽ നടക്കുന്ന യുറോപ്യൻ രാജ്യങ്ങളുമായുള്ള യുഎസിന്റെ ചർച്ച റഷ്യ-യുക്രെയ്ൻ സമാധാന ശ്രമങ്ങളിലെ പ്രധാന നീക്കമാണ്. യുഎസ് മുന്നോട്ട് വെച്ച സമാധാന ചട്ടക്കൂടിനോട് ചർച്ചയിൽ പങ്കെടുത്തവരില്‍ നിന്നും 'പ്രോത്സാഹജനകമായ സ്വീകരണം' ആണ് ലഭിച്ചതെന്നാണ് മാർക്ക് റൂബിയോ പറഞ്ഞത്. ചർച്ചകളെ പൊസിറ്റീവെന്നാണ് സെലൻസ്കിയുടെ ഓഫീസും വിശേഷിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com