"ഇരുരാജ്യങ്ങളും സംയമനം പാലിക്കണം, ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം": യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി, പഹൽഗാം ആക്രമണത്തെ അപലപിക്കാൻ രാജ്യത്തോട് ആവശ്യപ്പെട്ടു
"ഇരുരാജ്യങ്ങളും സംയമനം പാലിക്കണം, ഭീകരവിരുദ്ധ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം":  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
Published on


ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് ആവർത്തിച്ച് യുഎസ്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സംസാരിച്ചു. തീവ്രവാദത്തിനെതിരെ ഇന്ത്യക്കൊപ്പം കൈകോർക്കുമെന്ന് മാർക്കോ റൂബിയോ പറഞ്ഞു. തുടർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും സംസാരിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി, പഹൽഗാം ആക്രമണത്തെ അപലപിക്കാൻ രാജ്യത്തോട് ആവശ്യപ്പെടുകയും ചെയ്തു.

വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി സംസാരിച്ച മാർക്കോ റൂബിയോ, പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന നിർദേശമാണ് യുഎസ് മുന്നോട്ട് വെച്ചത്. സംഘർഷങ്ങൾ കുറയ്ക്കാനും ദക്ഷിണേഷ്യയിൽ സമാധാനവും സുരക്ഷയും നിലനിർത്താനും പാകിസ്ഥാനുമായി സഹകരിക്കണമെന്നും മാർക്കോ റൂബിയോ ഇന്ത്യയോട് ആവശ്യപ്പെട്ടു.



പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തിനിടെ, പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടു. മനസാക്ഷിയില്ലാത്ത ആക്രമണം എന്നായിരുന്നു മാർക്കോ റൂബിയോ പഹൽഗാം ഭീകരാക്രമണത്തെ വിശേഷിപ്പിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൂർണമായും സഹകരിക്കണം. സംഘർഷങ്ങൾ ലഘൂകരിക്കാനും നേരിട്ടുള്ള ആശയവിനിമയ മാർഗങ്ങൾ പുനഃസ്ഥാപിക്കാനുമായി ഇന്ത്യയുമായി സഹകരിക്കണമെന്നും മാർക്കോ റൂബിയോ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.


എന്നാൽ ഇന്ത്യയുടെ നടപടികൾ തീവ്രവും പ്രകോപനപരവുമാണെന്നാണ് ഷെഹബാസ് ഷെരീഫിൻ്റെ ആരോപണം. ഭീകരതയ്ക്കും, തീവ്രവാദ ഗ്രൂപ്പുകളെ പരാജയപ്പെടുത്താനുമുള്ള പാകിസ്ഥാൻ്റെ ശ്രമങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കാൻ മാത്രമേ ഇന്ത്യയുടെ പ്രകോപനങ്ങൾ സഹായിക്കൂവെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വ്യോമാതിർത്തി അടച്ചിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാൻ എയർലൈൻസ് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തി അടച്ചു. യാത്ര വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾക്കും അനുമതി നൽകില്ല. 2025 ഏപ്രിൽ 30 മുതൽ മെയ് 23 വരെ വ്യോമാതിർത്തി അടച്ചിടൽ പ്രാബല്യത്തിലായിരിക്കും.

26 പേരെ കൊലപ്പെടുത്തിയ ജമ്മു കശ്മീർ പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പ്രതികാര നടപടി ഉണ്ടാകുമെന്ന ആശങ്ക കാരണം നേരത്തെ പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ഒഴിവാക്കാൻ തുടങ്ങിയിരുന്നു. ഇന്ത്യ ഔദ്യോഗികമായി വ്യോമാതിർത്തി അടയ്ക്കുന്നതോടെ, ക്വാലാലംപൂർ പോലുള്ള തെക്കുകിഴക്കൻ ഏഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താൻ പാകിസ്ഥാൻ വിമാനക്കമ്പനികൾ ചൈന, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടിവരുമെന്ന് അധികൃതർ പറയുന്നു. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ച മുൻപ് പാകിസ്ഥാൻ നേരത്തെ ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിരുന്നു. ഇന്ത്യൻ വ്യോമ മേഖല ഒഴിവാക്കുന്നത് നഷ്ടത്തിൽ പ്രവ‍ർത്തിക്കുന്ന വിമാന കമ്പനികൾക്ക് കൂടുതൽ തിരിച്ചടിയാകും.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com