പൊലീസ് സേനയെ പിണറായി വിജയൻ അടിമക്കൂട്ടമാക്കി: വി മുരളീധരൻ

പിണറായിയുടെ ഇംഗിതം മാത്രം നടക്കുന്ന കാലത്ത് സിപിഎമ്മിന് പ്രസക്തിയില്ലെന്ന് ജയരാജന് മനസിലായെന്നും വി മുരളീധരൻ വ്യക്തമാക്കി
പൊലീസ് സേനയെ പിണറായി വിജയൻ അടിമക്കൂട്ടമാക്കി:  വി മുരളീധരൻ
Published on

പൊലീസ് സേനയെ പിണറായി വിജയൻ അടിമക്കൂട്ടമാക്കിയെന്ന് വി മുരളീധരൻ. സ്ത്രീപീഡകരെയും ഗുണ്ടകളേയും മാഫിയകളേയും സർക്കാർ സംരക്ഷിക്കുന്നുവെന്നും വി മുരളീധരൻ ആരോപിച്ചു. ലൈംഗിക ആരോപണം നേരിട്ട കൊല്ലം എംഎൽഎ ഉൾപ്പെടെയുള്ള വേണ്ടപ്പെട്ടവരെ പൊലീസ് സംരക്ഷിക്കുകയാണ്. മേയർക്കെതിരെ കേസെടുക്കാൻ മടിക്കുന്ന പൊലീസ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസെടുക്കുമെന്നും വി മുരളീധരൻ പറഞ്ഞു.


പിണറായി പൊലീസിന്‍റെ പക്ഷപാത നിലപാടും ഇരട്ടത്താപ്പും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. പിണറായിയുടെ ഇംഗിതം മാത്രം നടക്കുന്ന കാലത്ത് സിപിഎമ്മിന് പ്രസക്തിയില്ലെന്ന് ജയരാജന് മനസിലായെന്നും വി. മുരളീധരൻ വ്യക്തമാക്കി. ബിജെപി ബന്ധ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇ.പി. ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. സംസ്ഥാന സമിതി തീരുമാനത്തിന് കാക്കാതെ ഇ.പി. ജയരാജൻ കഴിഞ്ഞ ദിവസം തന്നെ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കേരളത്തിൽ ഇടതു മുന്നണിക്ക് ഓർക്കാപ്പുറത്ത് കിട്ടിയ തിരിച്ചടിയായിരുന്നു ദല്ലാൾ നന്ദകുമാർ ഉന്നയിച്ച ഗുരുതരമായ ആരോപണം. സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ പാർട്ടി നേതൃത്വത്തെ അറിയിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്നതായിരുന്നു വെളിപ്പെടുത്തൽ.

ഒപ്പം ബിജെപിയിലേക്ക് വരാൻ ഇ.പി. ജയരാജൻ തന്നോട് ചർച്ച നടത്തിയെന്ന ബിജെപി വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലും പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇതിനെ തുടർന്നാണ് കൺവീനർ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയതെന്നാണ് ലഭ്യമാകുന്ന വിവരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com