"കുട്ടികളെ കൊണ്ടുപോയേ മതിയാകൂ"; വിദ്യാർഥികളെ കയറ്റാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് വി. ശിവൻകുട്ടി

സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷം മാത്രമെ ക്ലാസുകൾ ആരംഭിക്കുകയുള്ളു എന്നും വി. ശിവൻകുട്ടി പറഞ്ഞു
"കുട്ടികളെ കൊണ്ടുപോയേ മതിയാകൂ"; വിദ്യാർഥികളെ കയറ്റാത്ത സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് വി. ശിവൻകുട്ടി
Published on


സ്കൂൾ കുട്ടികളെ കയറ്റാത്ത സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കുട്ടികൾ നിൽക്കുന്ന സ്ഥലത്ത് ബസുകൾ നിർത്താത്ത സാഹചര്യമുണ്ട്. കുട്ടികളെ കൊണ്ടുപോയേ മതിയാകൂ എന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കിയ ശേഷം മാത്രമെ ക്ലാസുകൾ ആരംഭിക്കുകയുള്ളു. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.


തിരുവനന്തപുരം വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു. പൊലീസ് കർശന നടപടി സ്വീകരിക്കണം. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോകുമ്പോൾ തടയാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, കേരള സ്കൂൾ ഹയർസെക്കൻഡറി പ്രവേശനത്തിനായുള്ള ഏകജാലക അപേക്ഷ ഇന്ന് മുതൽ സ്വീകരിക്കും. പ്ലസ് വൺ പ്രവേശനത്തിനായി വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. മെയ് 20 ആണ് അവസാന തീയതി. 24 ന് ട്രയലും ജൂൺ 16 ന് മൂന്നാം അലോട്ട്‌മെൻ്റും പ്രസിദ്ധീകരിക്കും. ജൂൺ 18 മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.


ചൊവ്വാഴ്ച പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ ഫലം കൂടി പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഏകജാലക പ്രവേശനത്തിനുള്ള നടപടികൾ ആരംഭിച്ചത്. മുഖ്യ അലോട്ട്മെൻ്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കാനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം. സപ്ലിമെന്ററി അലോട്ട്‌മെന്റടക്കം പൂർത്തിയാക്കി ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. 4,74,917 പ്ലസ് വൺ സീറ്റുകളാണ് ഇത്തവണ സംസ്ഥാനത്ത് ലഭ്യമാക്കിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com