ഫെബ്രുവരി 28ന് സെലൻസ്കിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിലുണ്ടായ അസ്വാരസ്യങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്
യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്കിയും കൂടിക്കാഴ്ച നടത്തി. വത്തിക്കാനിൽ പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. ഇരു നേതാക്കളും റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളും വെടിനിർത്തലിനെപ്പറ്റിയും ചർച്ച ചെയ്തു. ലിയോ പതിനാലാമന്‍ മാർപാപ്പയും സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.
ഫെബ്രുവരി 28ന് സെലൻസ്കിയുടെ വൈറ്റ് ഹൗസ് സന്ദർശനത്തിലുണ്ടായ അസ്വാരസ്യങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. വാൻസുമായി ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകളെക്കുറിച്ച് സംസാരിച്ചതായി സെലൻസ്കി എക്സിൽ കുറിച്ചു. തീരുമാനമെടുക്കാൻ അധികാരമില്ലാത്ത താഴ്ന്ന തലത്തിലുള്ള പ്രതിനിധി സംഘത്തെയാണ് റഷ്യ സമാധാന ചർച്ചകൾക്കായി അയച്ചതെന്നും സെലൻസ്കി ആരോപിച്ചു. യഥാർത്ഥ നയതന്ത്രത്തിൽ ഏർപ്പെടാൻ യുക്രെയ്ൻ തയ്യാറാണെന്ന് ഉറപ്പിച്ചു പറഞ്ഞതായും അടിയന്തരവും പൂർണവും നിരുപാധികവുമായ വെടിനിർത്തലിന്റെ പ്രാധാന്യം അറിയിച്ചതായും സെലൻസ്കി കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, സെലൻസ്കി, നാറ്റോ അംഗങ്ങൾ എന്നിവരുമായി ടെലിഫോണിൽ സംസാരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാൻസ്-യുക്രെയ്ൻ പ്രസിഡന്റ് കൂടിക്കാഴ്ച. മെയ് 16ന് ഇസ്താംബൂളിൽ നടന്ന സമാധാന ചർച്ചകൾ ഒരു വഴിത്തിരിവുമില്ലാതെ അവസാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. മെയ് 19ന് പുടിനുമായി സംസാരിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
Also Read: പാകിസ്ഥാന് ഐഎംഎഫിന്‍റെ 'കടുംവെട്ട്'; വായ്പ അനുവദിക്കുന്നതിന് 11 നിബന്ധനകള്‍
ആഴ്ചയിൽ ശരാശരി 5,000-ത്തിലധികം റഷ്യൻ, യുക്രെയ്ൻ സൈനികരെ കൊല്ലുന്ന 'രക്തച്ചൊരിച്ചിലിന്' തടയിടുന്നതും വ്യാപാരവുമാകും ചർച്ചാ വിഷയങ്ങൾ എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. പുടിനുമായി സംസാരിച്ച ശേഷം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും വിവിധ നാറ്റോ അംഗങ്ങളുമായും സംസാരിക്കുമെന്നും ട്രംപ് അറിയിച്ചു. "കാര്യക്ഷമമായ ഒരു ദിവസമാകും അത്. വെടിനിർത്തൽ സാധ്യമാകും. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അക്രമാസക്തമായ ഈ യുദ്ധം അവസാനിക്കും. ദൈവം നമ്മളെയെല്ലാം അനുഗ്രഹിക്കട്ടെ!!!," ട്രംപ് ടൂത്ത് സോഷ്യലിൽ കുറിച്ചു.
ലിയോ പതിനാലാമനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഉണ്ണിയേശുവിനെ കരങ്ങളിലേന്തിയ പരിശുദ്ധ മാതാവിന്‍റെ ചിത്രം സെലന്‍സ്കി സമ്മാനിച്ചു. യുദ്ധോപകരണങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു പെട്ടിയുടെ ഒരു ഭാഗമാണ് ഈ ചിത്രത്തിന്‍റെ ക്യാന്‍വാസായത്. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരുടെയും, റഷ്യ മനഃപൂർവ്വം തട്ടിക്കൊണ്ടുപോയി നാടുകടത്തിയവരുടേയും പ്രതീകമാണ് ഈ ചിത്രമെന്നാണ് സെലന്‍സ്കി പിന്നീട് എക്സില്‍ കുറിച്ചത്.