
വയനാട് പുനരധിവാസം വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിൻ്റെ ഭാഗത്തുനിന്ന് 10000 രൂപയുടെ സഹായം പോലും കിട്ടാത്തവർ ദുരന്തബാധിത മേഖലയിലുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ ഈ നടപടികൾ ഇഴയുകയാണന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പുനരധിവാസം സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു സതീശൻ.
കേന്ദ്രസഹായം ലഭിക്കാത്തത് ഗുരുതരമായ വിഷയമാണ്. എന്തൊരു അവഗണനയാണ് കേരളത്തോട് കാട്ടുന്നത്. താത്കാലികമായ സഹായം പോലും കേരളത്തിന് നൽകുന്നില്ല.ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ നികുതിപ്പണം. നമ്മൾ നികുതി കൊടുക്കുന്നവരല്ലേ. സംസ്ഥാനത്തിന് സഹായം കൊടുക്കേണ്ട ബാധ്യത കേന്ദ്രത്തിനുണ്ട്. പുനരധിവാസ പ്രവർത്തനം വേഗത്തിലാക്കണം. പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാകുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ശ്രദ്ധിക്കണം.കേന്ദ്രത്തിനു മേൽ സർക്കാർ കൂടുതൽ സമ്മർദം ചെലുത്തണമെന്നും സതീശൻ പറഞ്ഞു.
സർക്കാർ സദുദ്ദേശത്തോടെ എടുത്ത തീരുമാനങ്ങളിൽ ബ്യൂറോക്രാറ്റിക് മന്ദതയുണ്ട്. അത് സംവിധാനങ്ങളുടെ വീഴ്ചയായി കാണണം. പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് പൂർണമായ സഹകരണം ഇതുവരെ ഉണ്ടായിട്ടുണ്ട്. ദുരന്തമേഖലകളില്‍ മഴപാനി ഇല്ല. പ്രകൃതിദുരന്തങ്ങളെ തടുത്ത് നിർത്താനാവില്ല. എന്നാൽ കൃത്യമായി മുന്നറിയിപ്പ് സംവിധാനമൊരുക്കാൻ കഴിയും. അതനുസരിച്ച് ആളുകളെ അവിടെനിന്ന് ഒഴിപ്പിക്കുന്നതിലൂടെ ദുരന്തം ഒഴിവാക്കാനാകും. ദുരന്തമുഖത്ത് തെരച്ചിൽ നടപടികളിൽ പാളിച്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി 72 ദിവസമാണ് തെരച്ചിൽ നടത്തിയത്. വയനാട്ടിലാകട്ടെ 14 ദിവസവും. ഇനിയും 47 പേരെ കണ്ടെത്താനുണ്ട്. പ്രധാനമന്ത്രിയുടെ വരവോടെ തെരച്ചിൽ നിർത്തിയെന്നും സതീശൻ കൂട്ടിച്ചേർത്തു.