
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എഡിജിപിയുടെ അന്വേഷണം പ്രഹസനം എന്ന് തങ്ങൾ നേരത്തെ പറഞ്ഞിരുന്നതായും വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണമെന്നും വി.ഡി. സതീശൻ പറഞ്ഞു. നിരവധി അന്വേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി എഡിജപിയെ സംരക്ഷിക്കുകയാണ് എന്നും സതീശൻ കൂട്ടിച്ചേർത്തു.
"എഡിജിപിയുടെ അന്വേഷണം പ്രഹസനമാണ് എന്ന് നേരത്തെ തങ്ങൾ പറഞ്ഞിരുന്നു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം തന്നെ വേണം. എത്ര അന്വേഷണമാണ് എഡിജിപിക്കെതിരെയുള്ളത്, എന്നിട്ടും മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നു. എന്ത് കരുതലാണ് മുഖ്യമന്ത്രിക്ക്." വി.ഡി. സതീശൻ പരിഹസിച്ചു.
ആർഎസ്എസ് നേതാക്കളെ കണ്ടതും പൂരം കലക്കിയതുമെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഡിജിപി പറഞ്ഞാൽ എഡിജിപി കേൾക്കില്ല. ഒരുകാലത്തും ഇല്ലാത്ത പ്രതിസന്ധിയിയാണ് പൊലീസ് അഭിമുഖീകരിക്കുന്നത്. പി.വി. അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിനെക്കുറിച്ചൊന്നും ചർച്ച ചെയ്തിട്ടില്ല. വാർത്താ സമ്മേളനത്തിലൂടെ അൻവർ നടത്തുന്ന പരസ്യ വെളിപ്പെടുത്തലുകൾ അവരുടെ മുന്നണിയിലെ പ്രശ്നമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ മറുപടി കൊടുത്തത് പ്രതിപക്ഷത്തിനല്ല, മറിച്ച് പി.വി. അൻവറിനാണ് എന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.